News >> റോമില്‍ മുന്‍പാപ്പാ ബനഡിക്ടിന്‍റെ നാമത്തില്‍ ഗ്രന്ഥാലയം


പാപ്പാ റാറ്റ്സിംഗറിന്‍റെ ചിന്താധാരയും ദൈവശാസ്ത്ര വ്യാഖ്യാനങ്ങളും ഉള്‍ക്കൊള്ളുന്ന പ്രബന്ധങ്ങളുടെയും ശാസ്ത്രീയപഠനങ്ങളുടെയും ശേഖരമാണ് നവംബര്‍ 18-ാം തിയതി ബുധനാഴ്ച ഉത്ഘാടനം ചെയ്യപ്പെട്ട, വത്തിക്കാനോടു ചേര്‍ന്നുള്ള ജര്‍മ്മന്‍ സെമിനരിയില്‍ പ്രവര്‍ത്തിക്കുവാന്‍ പോകുന്ന സവിശേഷമായ ഗ്രന്ഥാലയം. റാറ്റ്സിംഗര്‍ ഗ്രന്ഥാലയത്തിന്‍റെ ഉത്ഘാടനം നിര്‍വ്വഹിച്ചത് സാംസ്ക്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ജ്യാന്‍ഫ്രാങ്കോ റവാത്സിയാണ്.

ഇപ്പോള്‍ത്തന്നെ 37 ഭാഷകളിലുള്ള ആയിരത്തിലേറെ പുസ്തകങ്ങളുള്ളതാണ് റാറ്റ്സിംഗര്‍ ഗ്രന്ഥശേഖരം. സ്ഥാനത്യാഗം ചെയ്ത പാപ്പാ ബന‍ഡിക്ട് തന്‍റെ ശേഖരത്തില്‍നിന്നും പങ്കുവച്ച ഗ്രന്ഥങ്ങളില്‍ അധികവും അദ്ദേഹത്തിന്‍റെ കൈയ്യൊപ്പുള്ളതാണെന്നും റോമിലുള്ള പുരാതനമായ ജര്‍മ്മന്‍ സെമിനരിയുടെ ഡയറക്ടര്‍ മോണ്‍സീഞ്ഞോര്‍ സ്റ്റീഫന്‍  ഹെയ്ഡ് ഉത്ഘാടനച്ചടങ്ങളില്‍ വ്യക്തമാക്കി. പാപ്പാ ബനഡിക്ട് രചിച്ച 'നസ്രായനായ യേശു' എന്ന കൃതിയുടെ മലയാളപരിഭാഷ ഈ ശേഖരത്തില്‍ ഉള്‍പ്പെടുന്നുണ്ട് (Jesus of Nazareth Vol.I).

സഭയുടെ പണ്ഡിത വരേണ്യനായ പാപ്പായുടെ ബുക്കുകളും അവയുടെ വിവര്‍ത്തനങ്ങളും പഠനങ്ങളും കൂടാതെ, പാപ്പാ റാറ്റ്സിംഗറിനെക്കുറിച്ചും അദ്ദേഹത്തിന്‍റെ കൃതികളെ അധികരിച്ചും എഴുതപ്പെട്ടിട്ടുള്ള ഗ്രന്ഥങ്ങള്‍ എന്നിവയും ശേഖരത്തിന്‍റെ തനിമയായിരിക്കുമെന്നും ഫാദര്‍ ഹെയ്ഡ് വിവരിച്ചു.

Source: Vatican Radio