News >> ദൈവദാസന്‍ ബ്രദര്‍ ഫോര്‍ത്തുനാത്തൂസിന്റെ പത്താം ചരമവാര്‍ഷികം ഇന്ന് (21-11-2015)

കട്ടപ്പന: ഹൈറേഞ്ച് നിവാസികള്‍ മുഴുവന്‍ "വല്യച്ചന്‍" എന്നു വിളിച്ചാദരിക്കുന്ന ബ്രദര്‍ ഫോര്‍ത്തുനാത്തൂസിന്റെ പത്താം ചരമവാര്‍ഷികം ഇന്ന്. 

 ബ്രദര്‍ ഫോര്‍ത്തുനാത്തൂസ് താന്‍ഹോയ്സറിന്റെ ഓര്‍മത്തിരുനാള്‍ കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രി ചാപ്പലില്‍ ഭക്ത്യാദരങ്ങളോടെ നടക്കും. 

ഉച്ചകഴിഞ്ഞു മൂന്നിനു കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 

ബ്രദര്‍ ഫോര്‍ത്തുനാത്തൂസിന്റെ മഹത്തായ ജീവിതം ആരംഭിക്കുന്നത് ജര്‍മനിയിലെ ബര്‍ലിനില്‍, 1918 ഫെബ്രുവരി 27നാണ്. ഫോറസ്റ് ഓഫീസറായ എവാള്‍ഡ് താന്‍ഹോയ്സറിന്റെയും വീട്ടമ്മയായ മരിയയുടെയും മൂന്നാണ്‍മക്കളില്‍ ഒന്നാമനായി ബര്‍ണാര്‍ഡ് ജനിച്ചു. പിതാവ് ജോലി ചെയ്തിരുന്നത് സിലേസിയായിലായിരുന്നതിനാല്‍ ബര്‍ണാര്‍ഡിന്റെ ബാല്യകാലവും വിദ്യാഭ്യാസവും അവിടെ ആയിരുന്നു.

സന്യാസജീവിതത്തിനായുളള താത്പര്യം അദ്ദേഹം ചെറുപ്പം മുതല്‍തന്നെ ഹൃദയത്തില്‍ സൂക്ഷിച്ചിരുന്നു. 1935 മേയ് 27-ന് ബ്രസ്ലൌ എന്ന സ്ഥലത്തു ഹോസ്പിറ്റലര്‍ സഭയില്‍ അംഗമായിച്ചേര്‍ന്നു. 1936 നവംബര്‍ 21ന് താത്കാലിക വ്രതവാഗ്ദാനം നടത്തി.

രണ്ടാം ലോകമഹായുദ്ധകാലമായിരുന്നതിനാല്‍ എല്ലാവരും നിര്‍ബന്ധിത സൈന്യസേവനത്തിനായി വിളിക്കപ്പെടുമായിരുന്നു. എന്നാല്‍, ഹീമോഫീലിയ എന്ന രോഗം ഉണ്ടായിരുന്നതിനാല്‍ അദ്ദേഹത്തെ സൈനികസേവനത്തില്‍നിന്ന് ഒഴിവാക്കി. അതുകൊണ്ട് രോഗികളെ ശുശ്രൂഷിക്കുക എന്ന ജോലി തുടരാന്‍ അദ്ദേഹത്തിനു സാധിച്ചു. യുദ്ധത്തില്‍ മുറിവേറ്റവരെ ഒരു നല്ല ശമറായനെപ്പോലെ അദ്ദേഹം ശുശ്രൂഷിച്ചു. 

രോഗീശുശ്രൂഷ കൂടുതല്‍ മെച്ചപ്പെട്ടതാക്കാന്‍ അദ്ദേഹം നഴ്സിംഗില്‍ ഡിപ്ളോമയും നേടി.1954ല്‍ സന്യാസ പരിശീലനത്തിനു നേതൃത്വം നല്‍കാന്‍ ബ്രദര്‍ ഫോര്‍ത്തുനാത്തൂസ് നിയമിക്കപ്പെട്ടു. പിന്നീടദ്ദേഹം വൈസ്പ്രോവിന്‍ഷ്യാളുമായി. 

1961-63 കാലഘട്ടത്തില്‍ ഫാല്‍ക്കന്‍സ്റൈന്‍ എന്ന സ്ഥലത്ത് വൃദ്ധമന്ദിരം തുടങ്ങുകയും ഫ്രാങ്ക്ഫര്‍ട്ടിലെ ആശുപത്രി നവീകരിക്കുകയും ചെയ്തു. 

അംഗസംഖ്യയിലും സാമ്പത്തികശേഷിയിലും സഭ വളര്‍ന്നപ്പോള്‍ ബ്രദര്‍ ഫോര്‍ത്തുനാത്തൂസിന്റെ ശ്രദ്ധ വികസ്വര രാജ്യങ്ങളിലേക്കു തിരിഞ്ഞു. എവിടെയെങ്കിലും ഒരു മിഷന്‍ കേന്ദ്രം തുടങ്ങാന്‍ അദ്ദേഹം ആഗ്രഹിച്ചു. ഇന്ത്യയിലെ മിഷന്‍ രംഗങ്ങളെപ്പറ്റി ധാരാളം കേട്ടിട്ടുണ്ടായിരുന്ന അദ്ദേഹം ഇന്ത്യയില്‍ ഒരു മിഷനറിയായി ജീവിക്കാനുളള ആഗ്രഹം ഹൃദയത്തില്‍ സൂക്ഷിച്ചിരുന്നു.

മാർ മാത്യു കാവുകാട്ടു പിതാവിന്റെ അതിഥിയായി വന്ന വല്ല്യച്ചന്‍ കട്ടപ്പനയിലെത്തി ആശുപത്രി സ്ഥാപിച്ചാണ് ഭാരതത്തില്‍ ഹോസ്പിറ്ററല്‍ സഭയ്ക്കു തുടക്കം കുറിച്ചത്. 1967ല്‍ ആശുപത്രിക്കായി കുമ്പുങ്കല്‍ വീട്ടുകാരുടെ സ്ഥലം വാങ്ങി. ആശുപത്രിക്ക് ആവശ്യമുളളത്ര സ്ഥലം അവിടെ കിട്ടാനില്ലെന്നറിഞ്ഞപ്പോള്‍ ഇപ്പോള്‍ ആശുപത്രി ഇരിക്കുന്ന ഭാഗത്ത്  ഏഴു കുടുംബക്കാരുടെ ഭൂമി വാങ്ങി. 1968 ജൂണ്‍ 27ന് കാവുകാട്ടു പിതാവ് ആശുപത്രിക്കു തറക്കല്ലിട്ടു. അന്നുതന്നെയായിരുന്നു ഇപ്പോഴുളള കട്ടപ്പന പളളിയുടെയും തറക്കല്ലിടീല്‍.

1977 സെപ്റ്റംബര്‍ എട്ടിന് എട്ടുപേരോടെ സിസ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ജോണ്‍ ഓഫ് ഗോഡ് എന്ന സന്യാസിനീ സമൂഹവും ഇദ്ദേഹം സ്ഥാപിച്ചു.

തന്റെ നീണ്ടകാലത്തെ അധ്വാനത്തിനുശേഷം 2005 നവംബര്‍ 21ന് വല്യച്ചന്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. 2014 നവംബര്‍ 22ന് ദൈവദാസ പദവിയിലേക്കുയര്‍ത്തപ്പെട്ടു.
Source: Deepika