News >> ആഫ്രിക്ക സന്ദര്‍ശനലക്ഷ്യം സമാധനവും അനുരഞ്ജനവും


സമാധാനത്തിന്‍റെയും അനരഞ്ജനത്തിന്‍റെയും സന്ദേശവുമായിട്ടാണ് പാപ്പാ ഫ്രാന്‍സിസ് ആഫ്രിക്ക സന്ദര്‍ശിക്കുന്നതെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ് ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി പ്രസ്താവിച്ചു.

നവംബര്‍ 20-ാം ശനിയാഴ്ച റോമില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പാപ്പായ്ക്കൊപ്പം യാത്രചെയ്യുന്ന ഫാദര്‍ ലൊമ്പാര്‍ഡി ഇങ്ങനെ പ്രസ്താവിച്ചത്. മദ്ധ്യാഫ്രിക്കയില്‍ പുതുതായി ഉടലെടുത്ത ക്രൈസ്തവ-മുസ്ലിം സംഘട്ടനത്തിന്‍റെ പശ്ചാത്തലത്തില്‍ പാപ്പായുടെ സന്ദര്‍ശനത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ഉയര്‍ത്തിയ ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കും മറുപടിയായിട്ടാണ് ഫാദര്‍ ലൊമ്പാര്‍ഡി ഇങ്ങനെ പ്രസ്താവിച്ചത്.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ രാഷ്ട്രീയവും വര്‍ഗ്ഗീയവുമായ സംഘട്ടനങ്ങള്‍ നടക്കുമ്പോഴും, നിഷ്പക്ഷമായി സമാധാനത്തിന്‍റെയും അനുരജ്ഞനത്തിന്‍റെയും സന്ദേശം നല്കുവാനും, രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ മുറിപ്പെട്ട സമൂഹങ്ങള്‍ക്കും ജനങ്ങള്‍ക്കും സാന്ത്വനവും സമാശ്വാസവും പകരുവാനുമാണ് പാപ്പായുടെ സന്ദര്‍ശനമെന്ന് ഫാദര്‍ ലൊമ്പാര്‍ഡി വ്യക്തമാക്കി. നവംബര്‍ 25-ാം തിയതി (അടുത്ത ബുധനാഴ്ച) യാണ് കെനിയ, യുഗാണ്ട, മദ്ധ്യാഫ്രിക്ക എന്നീ രാജ്യങ്ങളിലേയ്ക്ക് പാപ്പാ പര്യടനം നടത്തുന്നത്. പാപ്പായുടെ പ്രഥമ ആഫ്രിക്കന്‍ സന്ദര്‍ശനം നവംബര്‍ 30-വരെ നീണ്ടുനില്ക്കും.

Source: Vatican Radio