News >> ആത്മീയതയുടെ പ്രഭ മങ്ങിയ ലോകത്തിന് വെളിച്ചം പകരണം


പ്രഭ മങ്ങിയ ലോകത്ത് ദൈവികവെളിച്ചം അനിവാര്യമാണെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. ജര്‍മ്മനിയില്‍നിന്നും 'ആദ് ലീമിന' സന്ദര്‍ശനത്തിന് എത്തിയ മെത്രാന്‍സംഘത്തെ നവംബര്‍ 20-ാം തിയതി വെള്ളിയാഴ്ച വത്തിക്കാനില്‍ സ്വീകരിച്ചു സംസാരിക്കവെയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

ഞായറാഴ്ചകളിലെ ദിവ്യബലിയിലുള്ള കുറഞ്ഞ പങ്കാളിത്തം, കൂദാശകളിലുള്ള താല്പര്യക്കുറവ്, വര്‍ദ്ധിച്ച ലൗകായത്വം എന്നിവകൊണ്ട് പ്രഭമങ്ങിയ സഭാലോകത്ത് പ്രാര്‍ത്ഥനയിലൂടെ ദൈവികവെളിച്ചം പകര്‍ന്നുകൊടുക്കണമെന്ന് പാപ്പാ മെത്രാന്മാരെ ഉദ്ബോധിപ്പിച്ചു. ലൗകായത്വം മനുഷ്യരെ മന്ദീഭവിപ്പിക്കുന്നതുപോലെ സഭയെയും മന്ദീഭവിപ്പിക്കുന്നുണ്ടെന്നും, പുറത്തുള്ള യാഥാര്‍ത്ഥ്യങ്ങളെ മങ്ങിയ വെട്ടത്തില്‍ കാണുന്നതുപോലെ, സഭയ്ക്ക് അകത്തുനിന്നും നാം കാണുന്നത് ലൗകായത്വത്തിന്‍റെ അരണ്ട വെളിച്ചത്തിലാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

ഹൃദയങ്ങളെ പ്രകാശിപ്പിക്കുവാനുള്ള ദൈവിക വെളിച്ചത്തിനായി പ്രാര്‍ത്ഥിക്കുകയും അതിനുള്ള തുറവു ദൈവത്തോടു കാണിക്കുകയും വേണമെന്നും പാപ്പാ ജര്‍മ്മനിയിലെ വിവിധ രൂപതകളില്‍നിന്നും എത്തിയ മെത്രാന്മാരെ ഉദ്ബോധിപ്പിച്ചു. ഇന്നത്തെ ലോകത്തിന് അനുയോജ്യവും മൗലികവുമായ നവീകരണം ലഭിക്കുന്നതിന് സുവിശേഷത്തിന്‍റെ സ്രോതസ്സുകളിലേയ്ക്കു നാം തിരിയണമെന്നും, മൂലങ്ങളില്‍നിന്നും അറ്റുപോകാതെ പുതിയ പാതയും ക്രിയാത്മകമായ രീതികളും ഭാവപ്രകടനങ്ങളുള്ള അടയാളങ്ങളും സഭാജീവിതത്തില്‍ ആര്‍ജ്ജിച്ചെടുക്കണമെന്നും പാപ്പാ ആഹ്വാനംചെയ്തു.

കാര്യക്ഷമതയുടെ ഭരണസംവിധാനത്തിലൂടെയോ, പൂര്‍ണ്ണതയുള്ള സ്ഥാപനവത്ക്കരണത്തിലൂടെയോ സങ്കീര്‍ണ്ണമായ സഭാസംവിധാനം സൃഷ്ടിക്കുകയായിരിക്കരുത് സഭാനേതൃത്വത്തിലുള്ളവരുടെ ലക്ഷ്യമെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. സജീവവും യാഥാര്‍ത്ഥ്യബോധമുള്ളതുമായ പ്രേഷിത പ്രവര്‍ത്തനംകൊണ്ട് ക്രിസ്തുവിന്‍റെ ജീവിക്കുന്ന സമൂഹങ്ങള്‍ വാര്‍ത്തെടുക്കുക എന്നതായിരിക്കണം പ്രേഷിതപ്രവര്‍ത്തനത്തിന്‍റെ അടിസ്ഥാനലക്ഷ്യമെന്ന് പാപ്പാ പ്രസ്താവിച്ചു.

Source: Vatican Radio