News >> മതങ്ങള്‍ നന്മയുടെ ശില്പികളാകുക :- കര്‍ദ്ദിനാള്‍ പരോളിന്‍


അക്രമത്തെ ന്യായീകരിക്കാന്‍ ദൈവനാമം ഉപയോഗപ്പെടുത്തരുതെന്ന അഭ്യര്‍ത്ഥന നവീകരിക്കുന്നതിനുള്ള ഒരവസരമായി ഭവിക്കും പാപ്പാ ആഫ്രിക്കന്‍ നാടുകളില്‍ നടത്താന്‍ പോകുന്ന ഇടയസന്ദര്‍ശനമെന്ന് വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍.

     ഈ മാസം 25 മുതല്‍ 30 വരെ ഫ്രാന്‍സിസ് പാപ്പാ കെനിയ, ഉഗാണ്ട, മദ്ധ്യാഫ്രിക്ക എന്നീ ന‌ാടുകളില്‍ നടത്തുന്ന അജപാലന സന്ദര്‍ശനത്തെക്കുറിച്ച് വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഈ അഭിപ്രായം പ്രകടിപ്പിച്ചത്.

     ദൈവത്തിന്‍റെ പേരില്‍ അക്രമങ്ങള്‍ നടത്തുന്നത് ദൈവനിന്ദയാണെന്ന പാപ്പായുടെ വാക്കുകള്‍ അനുസ്മരിച്ച കര്‍ദ്ദിനാള്‍ പരോളിന്‍, അക്രമത്തെ നീതികരിക്കാന്‍ ദൈവത്തിന്‍റെ നാമം ഉപയോഗപ്പെടുത്തുന്നത് ദൈവത്തിനെതിരായ ഘോരമായ ദ്രോഹമാണെന്ന് കുറ്റപ്പെടുത്തി.

     വിഭിന്നങ്ങളായ സംഘര്‍ഷങ്ങളാല്‍ പിച്ചിച്ചീന്തപ്പെട്ട ഇന്നത്തെ ലോകത്തില്‍ മതങ്ങള്‍ നന്മയുടെ കര്‍മ്മികളും, അനുരഞ്ജനത്തിന്‍റെയും സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ഘടകങ്ങളുമായിരിക്കണം എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Source: Vatican Radio