News >> സ്നേഹ സഹകരണത്തിന്റെ കര്‍മ പദ്ധതികള്‍ ആവിഷ്കരിക്കണം: മാര്‍ ആലഞ്ചേരി
കൊച്ചി: ഇതര മതവിഭാഗങ്ങളുമായി സ്നേഹ സഹകരണത്തിന്റെ പുതിയ കര്‍മപദ്ധതികള്‍ ആവിഷ്കരിക്കേണ്ടത് ആവശ്യമാണെന്നു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍. ജോര്‍ജ് ആലഞ്ചേരി. കത്തോലിക്കാ കോണ്‍ഗ്രസ് കേന്ദ്ര സമിതി സമ്മേ ളനം കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമുദായ സംഘടനകള്‍ ക്ഷേമ പദ്ധതികള്‍ രൂപീകരിക്കുമ്പോള്‍ ജാതിമത ഭേദമെന്യേ മുഴുവന്‍ ജനങ്ങള്‍ക്കും പുരോഗതി ഉറപ്പുവരുത്തണമെന്നും കര്‍ദിനാള്‍ ചൂണ്ടിക്കാട്ടി. ഭാരതത്തിന് പരമ്പരാഗതമായ സഹവര്‍ത്തിത്വത്തേയും, മതേതര കാഴ്ചപ്പാടുകളേയും, മൂല്യങ്ങളേയും ഉയര്‍ത്തിപ്പിടിക്കേണ്ടതു സാമൂഹ്യ പ്രതിബധതയുള്ള പൌരന്റെ ധര്‍മമാണ്. കത്തോലിക്കാ കോണ്‍ഗ്രസ് പ്രാദേശിക തലത്തില്‍ സമുദായ കൂട്ടായ്മയും പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കണമെന്ന് മാര്‍. ആലഞ്ചേരി ആഹ്വാനം ചെയ്തു.
കാര്‍ഷിക മേഖലയിലെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഉടന്‍ തയാറാകണമെന്നും കര്‍ഷകര്‍ക്കായി സമര രംഗത്ത് കത്തോലിക്കാ കോണ്‍ഗ്രസ് ഉണ്ടാകണമെന്നും മുഖ്യ പ്രഭാഷണം നടത്തിയ ലെയ്റ്റി കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍. മാത്യു അറയ്ക്കല്‍ പറഞ്ഞു. കത്തോലിക്കാ കോണ്‍ഗ്രസിലൂടെ നിര്‍ധനരായവര്‍ക്കും തൊഴില്‍ രഹിതര്‍ക്കും നൂതന സംരംഭങ്ങള്‍ രൂപീകരിച്ചു സംഘടന മുന്നോട്ട് വരണമെന്ന് ബിഷപ് ലെഗേറ്റ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ഉത്ബോധിപ്പിച്ചു.
Source: Deepika