News >> മൂന്ന് ആഫ്രിക്കന്‍ നാടുകള്‍ക്ക് പാപ്പായുടെ വീഡിയൊ സന്ദേശം


തന്‍റെ പതിനൊന്നാം വിദേശ അപ്പസ്തോലികപര്യടന വേദികളായ കെനിയ, ഉഗാണ്ട, മദ്ധ്യാഫ്രിക്ക എന്നീ ആഫ്രിക്കന്‍ നാടുകള്‍ക്ക് ഫ്രാന്‍സിസ് പാപ്പാ വീഡിയൊസന്ദേശം നല്കി.

     യേശുക്രിസ്തുവിന്‍റെ സ്നേഹവും, അനുരഞ്ജനത്തിന്‍റെയും പൊറുക്കലിന്‍റെയും സമാധാനത്തിന്‍റെതുമായ അവിടത്തെ സന്ദേശവും പ്രഘോഷിക്കാനാണ് സുവിശേഷത്തിന്‍റെ ശുശ്രൂഷകനെന്ന  നിലയില്‍ താന്‍ എത്തുന്നതെന്ന് പാപ്പാ ബുധനാഴ്ച (25/11/15) ആരംഭിക്കുന്ന ഈ ഇടയസന്ദര്‍ശനത്തിന്‍റെ ആദ്യത്തെ വേദികളായ കെനിയയ്ക്കും ഉഗാണ്ടയ്ക്കുമുള്ള  സന്ദേശത്തില്‍ വ്യക്തമാക്കുന്നു.

     മറ്റുള്ളവര്‍ക്കായി, വിശിഷ്യ പാവപ്പെട്ടവര്‍ക്കും ആവശ്യത്തിലിരിക്കുന്നവര്‍ക്കുമായി, നമ്മുടെ ഹൃദയങ്ങള്‍ തുറന്നിടാന്‍ നമ്മോടു കല്പ്ക്കുകയും, സ്ത്രീ-പുരുഷന്മാരായ സകലരുടെയും ഔന്നത്യത്തെക്കുറിച്ച് നമ്മെ പഠിപ്പിക്കുകയും ചെയ്യുന്ന സുവിശേഷസാക്ഷ്യത്തിലും ദൈവവിശ്വാസത്തിലും കത്തോലിക്കാസമൂഹത്തെ സ്ഥിരീകരിക്കുകയാണ് തന്‍റെ സന്ദര്‍ശനത്തിന്‍റെ  ലക്ഷ്യമെന്ന് പാപ്പാ പറയുന്നു. പരസ്പരധാരണയും പരസ്പരാദരവും പരിപോഷിപ്പിക്കാനും ഏക മാനവകുടുംബത്തിലെ അംഗങ്ങളെന്ന നിലയില്‍ പര്സപരം താങ്ങാകാനും സകല മതാനുയായികളും സന്മനസ്സുള്ള സകലരും വിളിക്കപ്പെട്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം വസിക്കുന്നതെന്ന് അനുസ്മരിക്കുന്ന പാപ്പാ നാമെല്ലാവരും ദൈവമക്കളാണെന്ന സത്യം ആവര്‍ത്തിക്കുകയും ചെയ്യുന്നു.

     ഐക്യദാര്‍ഢ്യത്തിന്‍റെയും ശാന്തിയുടെയും പുരോഗതിയുടെതും ആയ ഭാവിയെക്കുറിച്ചുള്ള ശുഭപ്രതീക്ഷയും സുപ്രധാന സമ്പത്തുമായ യുവജനങ്ങളുമായുള്ള കൂടിക്കാഴ്ചകള്‍ ഈ സന്ദര്‍ശനത്തിലെ സവിശേഷ വേളകളായിരിക്കുമെന്നും പാപ്പാ പറയുന്നു.

     മദ്ധ്യാഫ്രിക്കയിലെ കത്തോലിക്കാവിശ്വാസികള്‍ക്കുള്ള തന്‍റെ സന്ദേശത്തില്‍ പാപ്പാ പ്രകൃതിയാലും ജനതകളാലും സംസ്ക്കാരങ്ങളാലും സമ്പന്നവും മനോഹരവുമായ ആഫ്രിക്കാ ഭൂഖണ്ഡം താന്‍ സന്ദര്‍ശിക്കുന്നത് ആദ്യമായാണെന്ന് വ്യക്തമാക്കുകയും,  മത-വര്‍ഗ്ഗഭേദമന്യേ സകലരേയും സ്നേഹപൂർവ്വം അഭിവാദ്യം ചെയ്യാന്‍ കഴിയുമെന്നതിലുള്ള ആനന്ദം അറിയിക്കുകയും ചെയ്യുന്നു.

     നിരപരാധികളുള്‍പ്പെടെ അനേകര്‍ ഇരകളാക്കപ്പെട്ട അക്രമത്തിന്‍റെയും അരക്ഷിതത്വത്തിന്‍റെയും അവസ്ഥയില്‍ ദീര്‍ഘനാളുകളായിക്കഴിയുന്ന മദ്ധ്യാഫ്രിക്കൻ റിപ്പബ്ലിക്കില്‍ യേശുവിന്‍റെ സാന്ത്വനവും പ്രത്യാശയും എത്തിക്കുകയാണ് തന്‍റെ സന്ദര്‍ശന ലക്ഷ്യമെന്ന് പാപ്പാ വെളിപ്പെടുത്തുന്നു.

     മുറിവുകള്‍ ഭേദമാക്കാനും ശാന്തമായൊരു ഭാവിക്കാവശ്യമായ അവസ്ഥ സംജാതമാക്കാനും തന്‍റെ  ഇടയസന്ദര്‍ശനം സംഭാവനയേകുമെന്ന ഹൃദയംഗമമായ പ്രത്യാശയും പാപ്പാ പ്രകടിപ്പിക്കുന്നു.

     കരുണയുടെ ജൂബിലി വത്സരാചരണം, നിശ്ചിതസമയത്തെക്കാള്‍ മുമ്പ്, മദ്ധ്യാഫ്രിക്കയില്‍ താന്‍ തുടക്കംകുറിക്കുന്നതിനെക്കുറിച്ച് സസന്തോഷം അനുസ്മരിക്കുന്ന പാപ്പാ, കരുണയുടെ ജൂബിലി, യഥാര്‍ത്ഥമായ പൊറുക്കലിന്‍റെയും -- (അതായത്, മാപ്പേകുകയും മാപ്പുസ്വീകരിക്കുകയും ചെയ്യലിന്‍റെയും) -- സ്നേഹത്തിലുള്ള നവീകരണത്തിന്‍റെയും അവസരമായി ഭവിക്കുമെന്ന് പ്രത്യാശിക്കുകയും ചെയ്യുന്നു.  അന്നാട്ടില്‍ സമാധാനപരമായ സഹജീവനം പരിപോഷിപ്പിക്കുന്നതിന് മതാന്തര സംവാദത്തിന് പിന്തുണയേകാനുള്ള തന്‍റെ അഭിവാഞ്ഛ പാപ്പാ പ്രകടിപ്പിക്കുയും ചെയ്യുന്നു.

    നവമ്പര്‍ 25 മുതല്‍ 30 വരെയാണ് പാപ്പായുടെ ആഫ്രിക്കാസന്ദര്‍ശനം.

Source: Vatican Radio