News >> അതീന്ദ്രിയതയുമടങ്ങുന്ന ആകമാനയാഥാര്‍ത്ഥ്യങ്ങളില്‍ ശിക്ഷണമേകുക
കത്തോലിക്കാവിദ്യാഭ്യാസത്തിനായുള്ള സംഘം നവമ്പര്‍ 18 മുതല്‍ 21 വരെ വിദ്യാഭ്യാസത്തെ അധികരിച്ച് സംഘടിപ്പിച്ച ലോകസമ്മേളനത്തില്‍ സംബന്ധിച്ചവരടങ്ങിയ 7000 ത്തോളം പേരുടെ സംഘത്തെ വത്തിക്കാനില്‍ പോള്‍ ആറാമന്‍ ശാലയില്‍ ശനിയാഴ്ച (21/11/15) സ്വികരിച്ച വേളയില്‍ അവരില്‍ ചിലര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്കുകയായിരുന്നു ഫ്രാന്‍സിസ് പാപ്പാ. യാഥാര്‍ത്ഥ്യങ്ങളുടെ സാകല്യത്തില്‍ സര്‍വ്വാതിശായിത്വം അഥവാ അതീന്ദ്രിയത്വം അടങ്ങിയിരിക്കുന്നു എന്ന വസ്തുത വിശദീകരിച്ച പാപ്പാ, തൊട്ടറിയാവുന്ന കാര്യങ്ങളെയും അവയുമായി ബന്ധപ്പെട്ട മൂല്യങ്ങളെയുംകുറിച്ചു മാത്രം അറിവേകുന്ന പ്രവണത കാണപ്പെടുന്നതിനെക്കുറിച്ച് സൂചിപ്പിക്കുകയും, ഇവിടെ സര്‍വ്വതിശായിയായ യാഥാര്‍ത്ഥ്യത്തിന്‍റെ അഭാവമുണ്ടെന്നും അങ്ങനെ വരുമ്പോള്‍ കുഞ്ഞുങ്ങളെ സമഗ്ര യാഥാര്‍ത്ഥ്യത്തിലേക്കല്ല നയിക്കുന്നതെന്ന് വ്യക്തമാക്കുകയും ചെയ്തു. ഈ അതീന്ദ്രിയ യാഥാര്‍ത്ഥ്യത്തിനു നേര്‍ക്കു തുറന്നിടാതെ നമ്മള്‍ സ്വയം അടച്ചിടുന്നതാണ്, ക്രിസ്തീയ വീക്ഷണത്തില്‍, വിദ്യാഭ്യാസ മേഖലയിലെ വലിയ പ്രതിസന്ധിയെന്നും പാപ്പാ പറഞ്ഞു. Source: Vatican Radio