News >> ലോകവസ്തുക്കളില്‍ സുരക്ഷ തേടിയാല്‍ സഭ സാമാന്യത്വത്തില്‍ വീഴും


ലോകമേകുന്ന സുരക്ഷിതത്വങ്ങളെയല്ല, മറിച്ച് യേശുവിനെ മാത്രം നിധിയാക്കുമ്പോഴാണ് സഭ വിശ്വസ്തയാകുന്നതെന്ന് മാര്‍പ്പാപ്പാ.

     വത്തിക്കാനില്‍  തിങ്കളാഴ്ച രാവിലെ അര്‍പ്പിച്ച വിശുദ്ധ കുര്‍ബ്ബാന മദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥ ഭാഗങ്ങളില്‍  ലൂക്കാ.21:1 - 4 വാക്യങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന, ഒരു വിധവ  രണ്ടു നാണയത്തുട്ടുകള്‍  കാണിക്കയായര്‍പ്പിക്കുന്ന സംഭവം വിശകലനം ചെയ്യുകയായിരുന്നു ഫ്രാന്‍സിസ് പാപ്പാ.

     ലോകവസ്തുക്കളില്‍ സുരക്ഷ കണ്ടെത്താന്‍ ശ്രമിച്ചാല്‍ സഭ സാമാന്യത്വത്തില്‍ അല്ലെങ്കില്‍ മന്ദോഷ്ണതയില്‍ നിപതിക്കുമെന്ന് പാപ്പാ മുന്നറിയിപ്പേകി.

     ഭര്‍ത്താവ് നഷ്ടപ്പെട്ടവളാണ് വിധവയെന്ന വസ്തുതയെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ടു പാപ്പാ, യേശുവിന്‍റെ മണവാട്ടിയായായ സഭ യേശുവിന്‍റെ ആഗമനം കാത്തിരിക്കുന്ന വിധവയാണെന്നും അവളുടെ ഏക നിധി നാഥനായ യേശുവാണെന്നും വിശദീക രിച്ചു.

     യേശുവിനായി ജീവന്‍ വെടിയുന്ന തന്‍റെ മക്കള്‍ക്കായി സഭ കേഴുകയും മാദ്ധ്യസ്ഥ്യം വഹിക്കുകയും ചെയ്യുന്നുവെന്നും പാപ്പാ പറഞ്ഞു.

     ഈ സഭയെപ്പോലെ നമ്മുടെ ആത്മാവ് യേശുവിനായി കാത്തിരിക്കുന്നുണ്ടോ, "കര്‍ത്താവേ, വന്നാലും" എന്നു പറയുന്നുണ്ടോ എ​ന്ന് സ്വയം ചോദിക്കാന്‍ പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.

Source: Vatican Radio