News >> രാഷ്ട്രങ്ങള്‍ തമ്മിലുണ്ടാകേണ്ട നല്ലബന്ധത്തിന് നാന്ദിയാണ് പാപ്പായുടെ ആഫ്രിക്കസന്ദര്‍ശനം
പാപ്പായുടെ ആഫ്രിക്ക സന്ദര്‍ശനം രാഷ്ട്രങ്ങള്‍ തമ്മിലുണ്ടാകേണ്ട സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സംവാദത്തിന്‍റെയും പ്രതീകമാണെന്ന് ഇറ്റാലിയന്‍ പ്രസിഡന്‍റ്, സേര്‍ജൊ മത്തരേലാ പ്രസ്താവിച്ചു.കെനിയയിലേയ്ക്കുള്ള യാത്രാമദ്ധ്യേ വിമാനത്തില്‍നിന്നും അയച്ച പാപ്പായുടെ സൗഹൃദസന്ദേശത്തോട് പ്രത്യുത്തരിച്ചുകൊണ്ടാണ് പ്രസിഡന്‍റ് മത്തരേലാ ഇങ്ങനെ പ്രസ്താവിച്ചത്. ഭീതിദമായ സാമൂഹ്യ അസമത്വവും, ദാരിദ്ര്യവും, രാഷ്ട്രീയ അസ്ഥിരതയും, അഭ്യന്തരകലാപങ്ങളും മുറ്റിനില്ക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് പാപ്പായുടെ സന്ദര്‍ശനം വളര്‍ച്ചയ്ക്കുള്ള പിന്‍ബലവും പ്രോത്സാഹനവുമാകുമെന്ന് പ്രസിഡന്‍റ് മത്തരേലാ തന്‍റെ മറുപടി സന്ദേശത്തിലൂടെ പ്രത്യാശ പ്രകടിപ്പിച്ചു.അന്താരാഷ്ട്ര സമൂഹം ഏറെ ശ്രദ്ധയോടും പ്രത്യാശയോടുംകൂടെയാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രഥമ ആഫ്രിക്ക പര്യടനത്തെ വീക്ഷിക്കുന്നതെന്നും പ്രസ്താവിച്ച പ്രസിഡന്‍റ് മത്തരേലാ, യാത്രാമംഗളവും പ്രാര്‍ത്ഥന നിറഞ്ഞ ആശംസയും സന്ദേശത്തിലൂടെ പാപ്പായെ അറിയിച്ചു.കെനിയയിലേയ്ക്കുള്ള യാത്രാമദ്ധ്യേ സഞ്ചാരപഥത്തിലുള്ള രാഷ്ട്രത്തലവന്മാര്‍ക്ക് വിമാനത്തില്‍നിന്നും പാപ്പാ ഫ്രാന്‍സിസ് സന്ദേശമയച്ചു. പാപ്പാ ആദ്യം അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചത് ഇറ്റലിയുടെ പ്രസിഡന്‍റിനായിരുന്നു. തുടര്‍ന്ന് ഗ്രീസ്, ഈജിപ്ത്, സുഡാന്‍, എത്യോപ്യ എന്നീ രാജ്യങ്ങളുടെ തലവന്മാര്‍ക്ക് അവരുടെ രാജ്യാതിര്‍ത്തികള്‍ കടക്കവെ പാപ്പാ സൗഹൃദസന്ദേശങ്ങള്‍ അയച്ചു.അതതു രാജ്യങ്ങളുടെ പ്രസിഡന്‍റിനും, അവിടത്തെ ജനങ്ങള്‍ക്കും അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നുവെന്നും, സകലരെയും ദൈവം സമാധാനവും ശ്രേയസ്സുംകൊണ്ട് നിറയ്ക്കട്ടെയെന്നുമായിരുന്നു ആഫ്രിക്കയിലേയ്ക്കുള്ള യാത്രമദ്ധ്യേ അയച്ച പാപ്പായുടെ ടെലിഗ്രാം സന്ദേശത്തിന്‍റെ പൊതുവായ ഉള്‍പ്പൊരുള്‍.Source: Vatican Radio