News >> പാപ്പാ ഫ്രാന്‍സിസ് ആഫ്രിക്കയില്‍ സമാധാന പാതയിലെ പിന്‍ബലവും പ്രോത്സാഹനവും
പാപ്പാ ഫ്രാന്‍സിസ് ആഫ്രിക്ക അപ്പസ്തോലിക പര്യടനം ആരംഭിച്ചു.നവംബര്‍ 25-ാം തിയതി ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 7 മണിക്കാണ് പേപ്പല്‍ വസതി സാന്താ മാര്‍ത്തയില്‍നിന്നും തന്‍റെ പ്രഥമ ആഫ്രിക്ക യാത്രയ്ക്കായി കാറില്‍ റോമിലെ ഫുമിച്ചീനോ അന്തര്‍ദേശീയ വിമാനത്താവളത്തിലേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് പുറപ്പെട്ടത്.റോമിലുള്ള അഗതിമന്ദിരത്തില്‍ പാര്‍ക്കുന്ന കുടിയേറ്റക്കാരായ ഒരുകൂട്ടം സ്ത്രീകളെയും അവരുടെ കുഞ്ഞുങ്ങളെയും അഭിവാദ്യം ചെയ്യുകയും ആശീര്‍വ്വദിക്കുകയും ചെയ്തുകൊണ്ടാണ് പാപ്പാ കാറില്‍ കയറിയത്. അവരില്‍ അധികംപേരും അഭയാര്‍ത്ഥികളും, മനുഷ്യക്കടത്തിന് ഇരയാക്കപ്പെട്ട വിവിധ രാഷ്ട്രക്കാരുമായിരുന്നു. കൂട്ടത്തില്‍ ആഫ്രിക്കന്‍ വംശജരും ഉണ്ടായിരുന്നെന്ന് സ്ഥലത്ത് സന്നിഹിതനായിരുന്ന പാപ്പായുടെ ഉപവിപ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്വം വഹിക്കുന്ന മോണ്‍സീഞ്ഞോര്‍ കൊണ്‍റാഡ് ക്രജേസ്ക്കി സാക്ഷ്യപ്പെടുത്തി.റോഡുമാര്‍ഗ്ഗം 20 മിനിറ്റില്‍ വിമാനത്താവളത്തിലെത്തിയ പാപ്പാ ഫ്രാന്‍സിസ് പതിവുപോലെ കറുത്ത തുകല്‍ ബാഗുമായി ആഫ്രിക്ക പര്യടനത്തിനുള്ള അല്‍ ഇത്താലിയ എ-330 വിമാനപ്പടവുകള്‍ കയറി. വിമാനത്തിനകത്തേയ്ക്ക് പ്രവേശിക്കും മുന്‍പ് തിരിഞ്ഞുനിന്ന് അവിടെ സന്നിഹിതരായിരുന്ന ഏവരെയും കൈയ്യുയര്‍ത്തി അഭിവാദ്യംചെയ്ത്, യാത്രപറഞ്ഞു.പ്രാദേശിക സമയം രാവിലെ കൃത്യം 8 മണിക്ക്, റോമില്‍ നല്ല തണുപ്പുണ്ടായിരുന്നെങ്കിലും തെളിഞ്ഞ ആകാശത്തിലേയ്ക്ക് പാപ്പായുടെ വിമാനം പറന്നുയര്‍ന്നു.ഏഴു മണിക്കൂര്‍ നീണ്ട യാത്രയ്ക്കുശേഷം ആഫ്രിക്കയിലെ സമയം വൈകുന്നേരം 3 മണിയോടെ പാപ്പാ ഫ്രാന്‍സിസ് കെനിയയുടെ തലസ്ഥാന നഗരമായ നൈറോബിയിലെ ജോമോ കേന്യാത്താ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ ഇറങ്ങി. അങ്ങനെ, ആറു ദിവസങ്ങള്‍ നീളുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രഥമ ആഫ്രിക്ക അപ്പസ്തോലിക സന്ദര്‍ശനത്തിന് കെനിയയില്‍ തുടക്കമായി.നവംബര്‍ 30-ാം തിയതി വ്യാഴാഴ്ച വൈകുന്നേരംവരെ നീളുന്ന യാത്ര കെനിയയില്‍നിന്നും ഉഗാണ്ട, മദ്ധ്യാഫ്രിക്കന്‍ റിപ്പബ്ലിക്ക് എന്നീ രാജ്യങ്ങളിലേയ്ക്കും തുടരും. Source: Vatican Radio