News >> കാറ്റക്കെറ്റിക്കല്‍ കോണ്‍ഗ്രസിനു തുടക്കം

കൊച്ചി: സീറോ മലബാര്‍ സഭയുടെ പ്രഥമ കാറ്റക്കെറ്റിക്കല്‍ കോണ്‍ഗ്രസിനു കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ തുടക്കമായി. സഭയുടെ മതബോധന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മൂന്നു ദിവസത്തെ കാറ്റക്കെറ്റിക്കല്‍ കോണ്‍ഗ്രസ് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനംചെയ്തു.

സഭയുടെ വിശ്വാസപരിശീലനത്തിനായുള്ള സിനഡല്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് അധ്യക്ഷതവഹിച്ചു. ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് സീറോ മലബാര്‍ സഭയുടെ മതബോധന പാരമ്പര്യത്തെക്കുറിച്ചു മുഖ്യപ്രഭാഷണം നടത്തി. ലത്തീന്‍, സീറോ മലങ്കര, മാര്‍ത്തോമാ, ഓര്‍ത്തഡോക്സ് സഭകളുടെ മതബോധന പ്രവര്‍ത്തനങ്ങളെക്കുറിച്ച് റവ.ഡോ.സ്റാന്‍ലി മാതിരപ്പിള്ളി, റവ.ഡോ.ജോര്‍ജ് തോമസ് കൊച്ചുവിളയില്‍, ഫാ.സുശില്‍ വര്‍ഗീസ്, ഫാ.യാക്കോബ് തോമസ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

സിനഡല്‍ കമ്മീഷന്‍ അംഗം ബിഷപ് മാര്‍ ജോസഫ് പണ്ടാരശേരി ചര്‍ച്ചയ്ക്കു നേതൃത്വം നല്‍കി. പി.സി. സിറിയക്, മതബോധന കമ്മീഷന്‍ സെക്രട്ടറി റവ.ഡോ.ജോര്‍ജ് ദാനവേലില്‍, സിസ്റര്‍ ഡോ.സോഫി റോസ് എന്നിവര്‍ പ്രസംഗിച്ചു.

രൂപതകളിലെ വിശ്വാസപരിശീലന കേന്ദ്രം ഡയറക്ടര്‍മാര്‍, വൈദിക, സന്യസ്ത, അല്മായ പ്രതിനിധികള്‍, പ്രവാസിസമൂഹങ്ങളില്‍ വിശ്വാസ പരിശീലന പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നവര്‍ എന്നിവരാണു കാറ്റക്കെറ്റിക്കല്‍ കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. "സീറോ മലബാര്‍ സഭയുടെ വിശ്വാസ പാരമ്പര്യങ്ങളില്‍ അധിഷ്ഠിതമായ വിശ്വാസപരിശീലനം" എന്നതാണു കാറ്റെക്കെറ്റിക്കല്‍ കോണ്‍ഗ്രസിന്റെ മുഖ്യപ്രമേയം. സമ്മേളനം നാളെ ( 27-11-2015) സമാപിക്കും.
Source: Deepika