News >> ലോഗോസ് ക്വിസ് : സംസ്ഥാനതല മത്സരങ്ങള്‍ക്കു നാളെ( 27 - 11 - 2015 ) തുടക്കം
കൊച്ചി: കെസിബിസി ബൈബിള്‍ സൊസൈറ്റി ഒരുക്കുന്ന ലോഗോസ് ബൈബിള്‍ ക്വിസിന്റെ സംസ്ഥാനതല മത്സരങ്ങള്‍ക്കു നാളെ (27-11-2015) തുടക്കമാകും. സമര്‍പ്പിതവര്‍ഷാചരണത്തിന്റെ ഭാഗമായുള്ള ലോഗോസ് സമര്‍പ്പിത പ്രതിഭയെ കണ്ടെത്താനുള്ള മത്സരമാണു നാളെ പാലാരിവട്ടം പിഒസിയില്‍ നടക്കുന്നത്. പ്രായപരിഗണനയില്ലാതെ, സമര്‍പ്പിതര്‍ക്കിടയില്‍നിന്നു കൂടുതല്‍ മാര്‍ക്കു നേടിയിട്ടുള്ള അഞ്ചുപേരാണ് ഓരോ രൂപതയില്‍നിന്നും ലോഗോസ് സമര്‍പ്പിതപ്രതിഭയ്ക്കായുള്ള സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കുന്നത്. രാവിലെ 10 മുതല്‍ 11 വരെ നടക്കുന്ന എഴുത്തുപരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കു വാങ്ങുന്ന ആറു പേര്‍ക്കായി സമര്‍പ്പിത ലോഗോസ് ടെലിക്വിസ് ഉച്ചയ്ക്കുശേഷം നടക്കും. ഇതിലെ വിജയിയാകും ലോഗോസ് സമര്‍പ്പിതപ്രതിഭ.
വിവിധ പ്രായവിഭാഗങ്ങളിലുള്ള രൂപതാതല മത്സരവിജയികളെ ഉള്‍പ്പെടുത്തി സംസ്ഥാനതല മത്സരം 28, 29 തിയതികളില്‍ നടക്കും. രൂപതകളില്‍നിന്ന് ഓരോ പ്രായ വിഭാഗത്തിലും മൂന്നുപേര്‍ വീതം മത്സരിക്കും. 28ന് രാവിലെ പത്തിനു നടക്കുന്ന എഴുത്തുപരീക്ഷയിലൂടെ യോഗ്യത നേടുന്ന 60 പേര്‍ ഫൈനല്‍ റൌണ്ടിലേക്കു പ്രവേശനം നേടും. ഓരോ പ്രായവിഭാഗത്തിലും ഒന്നാമതെത്തുന്നവരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഗ്രാന്‍ഡ് ഫിനാലെ 29നു രാവിലെ പത്തിനാണ്. ഇതിലെ വിജയിയായിരിക്കും ലോഗോസ് പ്രതിഭ.
ഉച്ചയ്ക്ക് രണ്ടിനു നടക്കുന്ന സമ്മേളനത്തില്‍ ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് ഡോ. എം. സൂസൈപാക്യം വിജയികള്‍ക്കു സമ്മാനങ്ങള്‍ വിതരണംചെയ്യും.
ഇന്നലെ പിഒസിയില്‍ ചേര്‍ന്ന ബൈബിള്‍ സൊസൈറ്റി മാനേജിംഗ് കൌണ്‍സില്‍ യോഗം ലോഗോസ് ക്വിസ് സംസ്ഥാനതല മത്സരങ്ങളുടെ ഒരുക്കങ്ങള്‍ വിലയിരുത്തി. അഖണ്ഡ ബൈബിള്‍ പാരായണം ഡിസംബര്‍ 27 മുതല്‍ ജനുവരി ഒന്നു വരെ പിഒസിയില്‍ നടത്താന്‍ യോഗം തീരുമാനിച്ചു. രജതജൂബിലി ആഘോഷ സമാപന പരിപാടികള്‍ വിജയകരമാക്കും. ഡിസംബറില്‍ രൂപതകളില്‍ വിപുലമായ പരിപാടികളോടെ ബൈബിള്‍ പാരായണ മാസാചരണം നടത്തും. ബൈബിള്‍ പാരായണം പ്രോത്സാഹിപ്പിക്കുന്നതിന് ഓഡിയോ ബൈബിള്‍ പ്രചരിപ്പിക്കും. അന്ധര്‍ക്കും ബധിരര്‍ക്കുമായുള്ള ആക്സസബിള്‍, സൈന്‍ ബൈബിളുകള്‍ സൌജന്യമായി ലഭ്യമാക്കും. ബൈബിള്‍ സൊസൈറ്റി മുന്‍ വൈസ് ചെയര്‍മാന്‍ എം.പി. അഗസ്റിന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.
ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് ഡോ.സൂസൈപാക്യം അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് ചെയര്‍മാന്‍ ആന്റണി പാലിമറ്റം, ജനറല്‍ സെക്രട്ടറി റവ.ഡോ.ജോഷി മയ്യാറ്റില്‍, ജോയിന്റ് സെക്രട്ടറി ജിസ്മോന്‍ തുടിയംപ്ളാക്കല്‍, ട്രഷറര്‍ സിസ്റര്‍ നിമ, സാബു ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Source: Deepika