News >> ആഫ്രിക്കയ്ക്ക് ധാര്‍മ്മിക ബലമായി പാപ്പാ ഫ്രാന്‍സിസ്


പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശനം കെനിയന്‍ ജനതയ്ക്ക് ധാര്‍മ്മിക ബലമേകുമെന്ന് നൈറോബിയുടെ മെത്രാപ്പോലീത്ത, കര്‍ദ്ദിനാള്‍ ജോണ്‍ ഞ്ചുവേ പ്രസ്താവിച്ചു. നവംബര്‍ 24-ാം തിയതി ചെവ്വാഴ്ച വത്തിക്കാന്‍റെ ദിനപത്രം, 'ലൊസര്‍വത്തോരെ റൊമാനോ'യ്ക്കു നല്കിയ പ്രസ്താവനയിലാണ് പാപ്പായുടെ കെനിയ സന്ദര്‍ശനത്തെക്കുറിച്ച് കര്‍ദ്ദിനാള്‍ ഞ്ചുവേ ഇങ്ങനെ പ്രസ്താവിച്ചത്.

കെനിയയുടെ നിലവിലുള്ള മത-രാഷ്ട്രീയ അസഹിഷ്ണുത ഇല്ലാതാക്കാനും സമാധാനത്തിന്‍റെ പാതയില്‍ മുന്നേറുവാനും പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശനം കാരണമാക്കുമെന്ന് കര്‍ദ്ദിനാള്‍ ഞ്ചുവേ പ്രത്യാശ പ്രകടിപ്പിച്ചു.

കെനിയയുടെ സാമൂഹ്യ-രാഷ്ട്രീയ അന്തരീക്ഷം കലുഷിതമായ കാലത്ത് എപ്രകാരം വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമാന്‍ പാപ്പായുടെ മൂന്നു സന്ദര്‍ശനങ്ങള്‍ കെനിയന്‍ ജനതയെ തുണച്ചുവെന്ന് കര്‍ദ്ദിനാള്‍ ഞ്ചുവേ അനുസ്മരിച്ചു.

46 വ്യത്യസ്ത ഗോത്രങ്ങളില്‍പ്പെട്ട 4 കോടിയിലേറെ വരുന്ന കെനിയൻ ജനസംഖ്യയുടെ 41 ശതമാനവും കത്തോലിക്കരാണെന്നും, അവര്‍ 26 രൂപതകളിലായി ജീവിക്കുന്ന ബലപ്പെട്ട വിശ്വാസ സമൂഹമാണെന്നും, ഇന്ന് ആഫ്രിക്ക നേരിടുന്ന സാമൂഹ്യ-രാഷ്ട്രീയ വെല്ലുവിളികളെ പക്വമാര്‍ന്ന അവബോധത്തോടെ കാണുവാനും നേരിടുവാനും പാപ്പായുടെ സന്ദര്‍ശനം സഹായിക്കുമെന്നും കര്‍ദ്ദിനാള്‍ ഞ്ചുവേ വ്യക്തമാക്കി.

Source: Vatican Radio