News >> പാപ്പാ ഫ്രാന്‍സിസ് വത്തിക്കാന്‍ ബാങ്ക് സന്ദര്‍ശിച്ചു
ആഫ്രിക്ക അപ്പസ്തോലിക പര്യടനത്തിനു തൊട്ടുമുന്‍പുള്ള ദിവസം, നവംബര്‍ 24-ാം തിയതി ചൊവ്വാഴ്ച രാവിലെയാണ് വത്തിക്കാന്‍ സിറ്റിയുടെ അകത്തു സ്ഥിതിചെയ്യുന്ന വത്തിക്കാന്‍ ബാങ്ക് പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിച്ചത്.ബാങ്കിന്‍റെ ഭരണസമിതിയോടൊത്ത് ചിലവൊഴിച്ച 20 മിനിറ്റ് സമയത്തില്‍ വൈസ്-ഡയറക്ടര്‍ ഡോ. ജ്യാന്‍ഫ്രാങ്കോ മാമിയെ ഡയറക്ടര്‍ സ്ഥാനത്തേയ്ക്ക് പാപ്പാ നിയമിക്കുകയുണ്ടായി. മറ്റൊരു അറിയിപ്പ് ഉണ്ടാകുംവരെ വൈസ് ഡയറക്ടറായി ഡോ. ജൂലിയോ മത്തിയേത്തിയെയും പാപ്പാ നിയമിച്ചതായി പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ഫെദറിക്കോ ലൊമ്പാര്‍ഡി റോമില്‍ വാര്‍ത്താ ഏജെന്‍സികളെ അറിയിച്ചു.ഡോ. ജ്യാന്‍ഫ്രാങ്കോ മാമിയുടെ നിയമനം മുന്‍കൂട്ടി അറിയിച്ചിരുന്നെങ്കിലും ബാങ്കിന്‍റെ ഔദ്യോഗിക സ്ഥാനാരോഹണ ചടങ്ങില്‍ പാപ്പാ സന്നിഹിതനാകുന്നത് വത്തിക്കാനില്‍ പതിവല്ലെന്നും, ഇത് ഇഥംപ്രഥമമാണെന്നും ഫാദര്‍ ലൊമ്പാര്‍ഡി ചൂണ്ടിക്കാട്ടി.സഭയുടെ ആഗോള പ്രേഷിത പ്രവര്‍ത്തനങ്ങളുടെയും, അതുമായി ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങളുടെയും സമ്പത്തും സാമ്പത്തിക ഇടപാടുകളും യാഥാര്‍ത്ഥ്യമാക്കുക എന്ന ലക്ഷ്യവുമായി തുടങ്ങിയ
Istituto per le Opere di Religione - IOR
, (Institute for the Religious Works) എന്ന സ്ഥാപനത്തിനാണ് 'വത്തിക്കാന്‍ ബാങ്ക്' എന്ന പേരുവീണത്.കുഴല്‍പ്പണം, പണംവെളുപ്പിക്കല്‍ മുതലായ അഴിമതിയാരോപണങ്ങള്‍ക്ക് കാലപ്പഴക്കത്തില്‍ വിധേയമായിട്ടുള്ള ബാങ്കിനെ രാജ്യാന്തര ബാംങ്കിങ് ഓഡിറ്റിംങ് സംവിധാനങ്ങളിലേയ്ക്ക് കൊണ്ടുവരുവാന്‍ കരുനീക്കിയത് മുന്‍പാപ്പാ ബനഡിക്ടാണ്. വത്തിക്കാന്‍റെ സാമ്പത്തിക സംവിധാനങ്ങള്‍ കൂടുതല്‍ സുതാര്യവും സത്യസന്ധവും ആകത്തക്ക വിധം ഭരണസംവിധാനങ്ങളെ നവീകരിക്കുവാനുള്ള നിശ്ചയദാര്‍ഢ്യത്തോടെ പാപ്പാ ഫ്രാന്‍സിസ് നീങ്ങുകയാണെന്ന് ഫാദര്‍ ലൊമ്പാര്‍ഡി അഭിപ്രായപ്പെട്ടു.നവംബര്‍ 25-ാം തിയതി ബുധനാഴ്ച രാവിലെ ആരംഭിച്ച ആറുദിവസം നീണ്ടുനില്ക്കുന്ന പ്രഥമ ആഫ്രിക്ക പര്യടനത്തിനുള്ള ഒരുങ്ങള്‍ക്കിടയിലാണ് വത്തിക്കാന്‍ ബാങ്കിലെത്തുവാനും ജ്യാന്‍ഫ്രാങ്കോ മാമിയുടെ സ്ഥാനമെടുക്കല്‍ ചടങ്ങില്‍ പങ്കെടുക്കുവാനും, അദ്ദേഹത്തെ അഭിനന്ദിക്കുവാനും പാപ്പാ ഫ്രാന്‍സിസ് സമയം കണ്ടെത്തിയതെന്നും ഫാദര്‍ ലൊമ്പാര്‍ഡി വ്യക്തമാക്കി. ബാങ്കിലെ മറ്റു ഓഫിസര്‍മാരുമായും ജീവനക്കാരുമായും കുശലം പറയുവാനും പാപ്പാ കുറെ നിമിഷങ്ങള്‍ മാറ്റിവച്ചെന്ന് ഫാദര്‍ ലൊമ്പാര്‍ഡി അറിയിച്ചു.Source: Vatican Radio