News >> പശ്ചിമ ഘട്ടത്തില്‍ ക്വാറികള്‍ തുടങ്ങാനുള്ള സര്‍ക്കാര്‍ അനുമതി പാരിസ്ഥിതിക വിനാശത്തിന് വഴിതെളിക്കുമെന്ന് കേരളത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതി
പശ്ചിമഘട്ടത്തില്‍ ക്വാറികള്‍ തുടങ്ങാനുള്ള സര്‍ക്കാര്‍ അനുമതി പാരിസ്ഥിതിക വിനാശത്തിന് വഴിതെളിക്കുമെന്ന് കേരളത്തിലെ കത്തോലിക്കാ മെത്രാന്‍സമിതിയുടെ സാമൂഹ്യ-സമഗ്രത കമ്മിഷന്‍റെ ചെയര്‍മാന്‍, ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് നവംബര്‍ 25-ാം തിയതി കേരളസഭയുടെ ആസ്ഥാനം കൊച്ചിയിലെ പിഓസിയില്‍നിന്നും ഇറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.കേരളത്തിലെ പശ്ചിമഘട്ട പ്രദേശത്തെ ജനങ്ങള്‍ക്ക് ആശ്വാസമെന്ന നിലയില്‍ സര്‍ക്കാര്‍ അനുവദിച്ചുനല്കുന്ന കരിങ്കല്‍ ക്വാറികള്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളിന്‍ ജനങ്ങള്‍ക്കുതന്നെ വിനയാകുമെന്നും, പാരിസ്ഥിതികാഘാതങ്ങളിലൂടെ മണ്ണൊലിപ്പ്, ഉരുള്‍പ്പൊട്ടൽ, കലാവസ്ഥ വ്യതിയാനം, കൃഷിനാശം, ജലക്ഷാമം, വരള്‍ച്ച എന്നിങ്ങനെയുള്ള കെടുതികള്‍ ക്ഷണിച്ചു വരുത്തുന്ന പ്രക്രിയയ്ക്കുള്ള തുടക്കമാണിതെന്നും ബിഷപ്പ് ഇഗ്നാത്തിയോസ്, കേരളത്തിലെ വിശ്വാസികളുടെയും പ്രാദേശിക മെത്രാന്‍ സമിതിയുടെയും പേരില്‍ പ്രസ്താവനയിലൂടെ വിമര്‍ശിച്ചു.കൊച്ചുകേരളത്തിന്‍റെ ഏറ്റവും മനോഹരമായ പ്രദേശങ്ങളാണ് പശ്ചിമഘട്ടത്തില്‍ സ്ഥിതിചെയ്യുന്ന ആനമുടി, ഇരവികുളം, മൂന്നാര്‍, മാട്ടുപ്പെട്ടി, നെല്ലിയാംമ്പതി, വയനാട്, ഇടുക്കി, പാലക്കാട്, കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് എന്നിവയെന്നും, നിയമസാധുതയില്ലാത്ത ഇത്തരം സര്‍ക്കാര്‍നീക്കങ്ങള്‍, ഏതാനും ക്വാറി ഉടമകള്‍ക്ക് ലാഭമുണ്ടാക്കിക്കൊടുക്കുമെങ്കിലും, ദീര്‍ഘദൃഷ്ടിയില്‍ ജനദ്രോഹപരവും, ക്രൂരമായ പരിസ്ഥിതിക ലംഘനവുമാണെന്ന് ബിഷപ്പ് മാര്‍ ഇഗ്നാത്തിയോസ് കുറ്റപ്പെടുത്തി.പാരിസ്ഥിതിക ആഘാതത്തെ സംബന്ധിച്ച് പഠനം നടത്താതെയും നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെയുമാണ് പ്രകൃതിരമണീയമായ സ്ഥാനങ്ങളിലും കൃഷിഭൂമിയിലും വ്യാവസായികാടിസ്ഥാനത്തില്‍ ക്വാറി-ക്രഷര്‍ തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്കിയിരിക്കുന്നതെന്ന് ബിഷപ്പ് മാര്‍ ജോഷ്വാ പ്രസ്താവനയിലൂടെ ആശങ്ക പ്രകടിപ്പിച്ചു.Source: Vatican Radio