News >> ലോകമെമ്പാടും തുറക്കപ്പെടുന്ന കാരുണ്യത്തിന്‍റെ കവാടങ്ങള്‍
കാരുണ്യത്തിന്‍റെ ജൂബിലി ആഘോഷവും, ജൂബിലിയുടെ അരൂപിയും ലോകവ്യാപകമാണെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ഫെദറിക്കോ ലൊമ്പാര്‍ഡി റോമില്‍ നടന്ന ജൂബിലിയുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പ്രസ്താവിച്ചു.പാപ്പാ ഫ്രാന്‍സിസിസ് പ്രഖ്യാപിച്ചിരിക്കുന്നതും, ഡിസംബര്‍ 8-ാം തിയതി ആരംഭിക്കുന്നതുമായ കാരുണ്യത്തിന്‍റെ ജൂബിലിയുടെ ഒരുക്കങ്ങളെക്കുറിച്ച് റോമാ നഗരസഭ സംഘടിപ്പിച്ച ചര്‍ച്ചയിലാണ് ഫാദര്‍ ലൊമ്പാര്‍ഡി ഇങ്ങനെ പ്രസ്താവിച്ചത്. ജൂബിലിയോട് അനുബന്ധിച്ച് ഉണ്ടാകാവുന്ന ജനങ്ങളുടെ തിക്കും തിരക്കിനെക്കുറിച്ചും, സുരക്ഷയെക്കുറിച്ചുമുള്ള റോമാ നഗരസഭയുടെ ആശങ്കയ്ക്കും ഭീതിക്കും മറുപടിയായിട്ടാണ് ഫാദര്‍ ലൊമ്പാര്‍ഡി ഇങ്ങനെ അഭിപ്രായപ്പെട്ടത്.പാപ്പാ പ്രഖ്യാപിച്ചിരിക്കുന്ന ജൂബിലി എല്ലാവരേയും റോമിലേയ്ക്ക് ക്ഷണിക്കുന്നില്ലെന്നും, മറിച്ച് അതിന്‍റെ അരൂപിയും ആഘോഷങ്ങളും ലോകംമുഴുവനും വ്യാപിച്ചുകിടക്കുകയാണെന്നും ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവിച്ചു.റോമില്‍ മാത്രം തുറക്കപ്പെടുന്ന ജൂബിലി കവാടങ്ങള്‍ക്കു പകരം, പാപ്പാ ഫ്രാന്‍സിസ് ലോകത്തിലുള്ള സകല രൂപതകളുടെയും ഭദ്രാസനദേവാലയങ്ങളിലും, തീര്‍ത്ഥാടനകേന്ദ്രങ്ങളിലും ജൂബിലികവാടങ്ങള്‍ തുറക്കുവാന്‍ അനുമതി നല്കിയിട്ടുണ്ടെന്നും, അങ്ങനെ ജൂബിലിയുടെ ആത്മീയാനുഭൂതിയും അനുഗ്രഹങ്ങളും എവിടെയും ലഭ്യമാണെന്നും ഫാദര്‍ ലൊമ്പാര്‍ഡി വ്യക്തമാക്കി. അതുകൊണ്ട് ആരും റോമിലേയ്ക്ക് വരേണ്ടതില്ലെന്നോ, പാപ്പായെ കാണുവാന്‍ പരിശ്രമിക്കുരുതെന്നോ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഫാദര്‍ ലൊമ്പാര്‍ഡി കൂട്ടിച്ചേര്‍ത്തു.Source: Vatican Radio