News >> ജനപങ്കാളിത്തംകൊണ്ട് അത്യുജ്ജ്വലവും ഭക്തിനിര്‍ഭരവുമായ ദിവ്യബലിയര്‍പ്പണം
പാപ്പാ ഫ്രാന്‍സിസിന്‍റെ ആഫ്രിക്കയിലെ പ്രഥമ ബലിയര്‍പ്പണം അത്യുജ്ജ്വമായിരുന്നെന്ന് വത്തിക്കാന്‍ റേഡിയോ ആഫ്രിക്ക വിഭാഗത്തിന്‍റെ മേധാവി, ഫാദര്‍ പോള്‍ സമസൂമോ കെനിയയില്‍നിന്നും അറിയിച്ചു.നൈറോബിയിലെ സെന്‍റ് മേരീസ് യൂണിവേഴ്സിറ്റി ക്യാമ്പസിലെ ബലിവേദിയില്‍നിന്നും ബുധനാഴ്ച രാവിലെ നല്കിയ റിപ്പോര്‍ട്ടിലാണ് ഫാദര്‍ സമസൂമോ ഇങ്ങനെ അഭിപ്രായപ്പെട്ടത്.മൂന്നു ലക്ഷത്തിലേറെ പേര്‍ക്ക് സ്ഥലസൗകര്യമുള്ള നൈറോബിയിലെ യൂണിവേഴ്സിറ്റി സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞെന്നും, പെയ്തിറങ്ങിയ മഴയെ വെല്ലുവിളിച്ചും അധികവും പാവങ്ങളായ മനുഷ്യര്‍ പ്രാര്‍ത്ഥിക്കുന്നതുകണ്ട് പാപ്പാ ഫ്രാന്‍സിസ് ആമുഖപ്രദക്ഷിണത്തിനുശേഷം ഏതാനും നിമിഷങ്ങള്‍ ബലിവേദിയില്‍ വികാരസ്തബ്ധനായി നിന്നുപോയെന്നും ആഫ്രിക്കക്കാരനായ ഫാദര്‍ സമസൂമോ വത്തിക്കാന്‍ റേഡിയോയെ അറിയിച്ചു.ചുവടുചവുട്ടിയും ആടിയും പാടിയുമുള്ള ആബാലവൃന്ദം ജനങ്ങളുടെ സജീവ പങ്കാളിത്തംകൊണ്ടും, തദ്ദേശ സാംസ്ക്കാരത്തനിമകൊണ്ടുമാണ് പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തിലുള്ള നൈറോബിയിലെ സമൂഹബലിയര്‍പ്പണം അത്യുജ്ജ്വലമായതെന്ന് ഫാദര്‍ സമസൂമോ നൈറോബിയില്‍നിന്നും വത്തിക്കാന്‍ റേഡിയോയ്ക്ക് അയച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.കുട്ടികളും യുവജനങ്ങളും പ്രായമായവരും ചേര്‍ന്ന് 2000 പേരുള്ളതായിരുന്നു ഗായകസംഘം. കെനിയന്‍ പതാകയുടെ ത്രിവര്‍ണ്ണവും പേപ്പല്‍പതാകയുടെ ഇരുനിറങ്ങളുമുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ് അലയടിച്ചുനിന്ന ഗായകസംഘത്തോടു ജനങ്ങളും ചേര്‍ന്നുപാടുന്നത് ഹൃദയഹാരിയായ അനുഭവമായിരുന്നെന്ന് ഫാദര്‍ സമസൂമോ വിശേഷിപ്പിച്ചു.ആയിരക്കണക്കിന് കെനിയക്കാരും മറ്റു ആഫ്രിക്കന്‍ വംശജരും പാപ്പായെ ഒന്നു നോക്കാന്‍ വഴിയോരങ്ങളില്‍ കാത്തുനിന്നിരുന്നതായതും അദ്ദേഹം അറിയിച്ചു. മൂന്നിലൊന്ന് കത്തോലിക്കരുള്ള കെനിയയില്‍ ഇത് ആശ്ചര്യാവഹമല്ലെന്നും ഫാദര്‍ സമാസൂമോ കൂട്ടിച്ചേര്‍ത്തു.പാപ്പായുടെ സന്ദര്‍ശന ദിനങ്ങള്‍ കെനിയയില്‍ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നു. ഇംഗ്ലിഷില്‍ അര്‍പ്പിച്ച ദിവ്യബലിയുടെ അന്ത്യത്തില്‍ 'ഭയപ്പെടാതെ വിശ്വാസത്തില്‍ മുന്നേറുക, കെനിയയെ ദൈവം അനുഗ്രഹിക്കട്ടെ!' എന്ന സന്ദേശങ്ങള്‍ പാപ്പാ അത്യുത്സാഹത്തോടെ സ്വാഹിലിയില്‍ ഉച്ചരിച്ചതായും ഫാദര്‍ സമസൂമോ അറിയിച്ചു.Source: Vatican Radio