News >> പാവങ്ങളെ സമുദ്ധരിക്കാന്‍ സമ്പന്നര്‍ ബാധ്യസ്ഥര്‍: മാര്‍പാപ്പ

നെയ്റോബി(കെനിയ): ദുരിതമനുഭവിക്കുന്ന പാവങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാരുകളും സാമ്പത്തികമായി മെച്ചപ്പെട്ട നിലയില്‍ കഴിയുന്നവരും ബാധ്യസ്ഥരാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. ആഫ്രിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി കെനിയയില്‍ എത്തിയ മാര്‍പാപ്പ, നെയ്റോബിയിലെ ചേരികളിലെ കടുത്ത ദാരിദ്യ്രം നേരിട്ടു മനസിലാക്കിയശേഷം വാര്‍ത്താ ലേഖകരോടു സംസാരിക്കുകയായിരുന്നു.

അസമത്വവും ദാരിദ്യ്രവും ഉന്മൂലനം ചെയ്യുന്നതിനാണ് ഏതൊരു ഭരണാധികാരിയും പ്രഥമ പരിഗണന നല്‍കേണ്ടതെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. കെനിയന്‍ സന്ദര്‍ശനത്തിന്റെ മൂന്നാംദിവസമായ ഇന്നലെ നെയ്റോബിയിലെ കംഗേമി ജില്ലയിലാണു സന്ദര്‍ശനം നടത്തിയത്. കൂറ്റന്‍ ബംഗ്ളാവുകള്‍ക്കും ഫ്ളാറ്റുകള്‍ക്കും അധികം അകലെയല്ലാതെ ഒരുവിഭാഗം ജനങ്ങള്‍. ഉണ്ണാനില്ല, ഉടുക്കാനില്ല, കുടിക്കാന്‍ ആവശ്യത്തിനു വെള്ളമില്ല. അവിടേക്കുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി കിടക്കുന്നു. കൊടിയ ദാരിദ്യ്രത്തിന്റെ നിലയില്ലാക്കയത്തിലേക്കുള്ള റോഡിലൂടെ മാര്‍പാപ്പ നീങ്ങി. ദുഃഖം നിഴലിക്കുന്ന മുഖങ്ങള്‍ മാര്‍പാപ്പയെ കണ്ടപ്പോള്‍ വേദനയും ദുരിതവും മറന്ന് പുഞ്ചിരിതൂകി സ്വാഗതമോതി. എന്നാല്‍, പുഞ്ചിരിക്കു പിന്നിലുള്ള അവരുടെ ദീനരോദനങ്ങളായിരുന്നു പാപ്പയുടെ മനസില്‍ തങ്ങിനിന്നത്.

കരുത്തിന്റെയും അധികാരത്തിന്റെയും തലപ്പത്തുള്ളവര്‍ പൊതുസമൂഹത്തില്‍ സൃഷ്ടിച്ച ആഴത്തിലുള്ള മുറിവുകളാണു ചേരികളെന്നു മാര്‍പാപ്പ അഭിപ്രായപ്പെട്ടു. ഇതു നീതിനിഷേധമാണ്. ശക്തിയുള്ളവരുടെ ആക്രമണത്തില്‍ ഞെരുങ്ങിയമരുന്നവര്‍ അനുഭവിക്കുന്ന ക്ളേശകരമായ ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ ഏവര്‍ക്കും ബാധ്യതയുണ്ട്. പാവങ്ങള്‍ക്ക് ജീവിക്കുന്നതിനുള്ള സൌകര്യം നിഷേധിച്ചുകൊണ്ട് ഭൂമി കയ്യടക്കിവച്ചിരിക്കുന്നവര്‍ ചേരിനിവാസികളോട് കടപ്പെട്ടിരിക്കുന്നു. പാവപ്പെട്ടവര്‍ ജീവിക്കുന്ന മേഖലകളില്‍ പ്രാഥമിക സൌകര്യങ്ങള്‍ ഇല്ല എന്നതാണ് അടിയന്തരമായി പരിഹരിക്കപ്പെടേണ്ട ഏറ്റവും പ്രധാന പ്രശ്നം. ഇത് ആഫ്രിക്കയുടെ മാത്രം ചിത്രമല്ലെന്നും മാര്‍പാപ്പ പറഞ്ഞു. മൊംബാസ ആര്‍ച്ച്ബിഷപ് മുസോണ്‍ഡെ കിവുവ മാര്‍പാപ്പയെ സ്വീകരിക്കാനെത്തിയിരുന്നു. പിന്നീട് മാര്‍പാപ്പ ഉഗാണ്ടയിലേക്ക് പുറപ്പെട്ടു. ഞായറാഴ്ച സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ളിക്കിലെത്തും. 

ചേരിനിവാസികളുടെ സ്വന്തം ബിഷപ് എന്നായിരുന്നു മാര്‍പാപ്പയാകുംമുമ്പ് ഫ്രാന്‍സിസ് പാപ്പ അറിയപ്പെട്ടിരുന്നത്. പാവങ്ങളോടുള്ള അനുകമ്പയാണ് ഇങ്ങനെ അറിയപ്പെടാന്‍ ഇടയാക്കിയത്.
Source: Deepika