News >> സംസ്ഥാനതല കെസിഎസ്എല്‍ ദിനാചരണം നടത്തി

കുറവിലങ്ങാട്: പാലാ രൂപത കെസിഎസ്എല്‍ ആതിഥ്യമരുളിയ സംസ്ഥാനതല കെസിഎസ്എല്‍ ദിനാചരണം കുറവിലങ്ങാട് മുത്തിയമ്മ ഹാളില്‍ നടത്തി. ഫൊറോനാ വികാരി റവ. ഡോ. ജോസഫ് തടത്തില്‍ അധ്യക്ഷത വഹിച്ച സമ്മേളനം കെസിഎസ്എല്‍ സംസ്ഥാന ഡയറക്ടര്‍ ഫാ.യേശുദാസ് പഴമ്പിള്ളി ഉദ്ഘാടനം ചെയ്തു. 

കെസിഎസ്എല്‍ നന്മയുടെ നൂറു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ കുട്ടികൾ എപ്പോഴും എവിടെയും നന്മ ചെയ്തുകൊണ്ടിരിക്കുന്നവരായിക്കണമെന്നും വിശ്വാസം, പഠനം, സേവനം തുടങ്ങിയ ത്രിവിധ കര്‍മപദ്ധതികളിലൂടെ ക്രിസ്തുവിലേയ്ക്ക് വളരണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. 

മുഖ്യപ്രഭാഷണം നടത്തിയ വിവരാവകാശ കമ്മീഷന്‍ മുന്‍ അംഗവും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ലെറ്റേഴ്സ് റീഡറും സുപ്രസിദ്ധ വാഗ്മിയുമായ ഡോ. കുര്യാസ് കുമ്പളക്കുഴി കുറവിലങ്ങാടിന്റെ സാമൂഹിക, സാംസ്കാരിക, മതാത്മക ചരിത്രത്തില്‍ കെസിഎസ്എല്‍ - നുള്ള സ്ഥാനം ഉയര്‍ത്തിക്കാട്ടുകയും കുട്ടികളുടെ സമഗ്രവളര്‍ച്ചയില്‍ കെസിഎസ്എല്‍ വഹിക്കുന്ന നിസ്തുലമായ പങ്ക് അടിവരയിടുകയും ചെയ്തു. അനേകരുടെ ജീവിതത്തില്‍ വെളിച്ചം പകരുന്ന ഗോപുരങ്ങളാകണമെന്ന് അദ്ദേഹം കുട്ടികളെ ഓര്‍മിപ്പിച്ചു. 
Source: Deepika