News >> ദൈവാത്മാവിന്‍റെ ശക്തി ലോകത്ത് പ്രകടമാക്കുന്ന രക്തസാക്ഷികള്‍


ഉഗാണ്ടന്‍ രക്തസാക്ഷികളെന്ന് അറിയപ്പെടുന്ന വിശുദ്ധരായ ചാള്‍സ് ലവാങിന്‍റെയും അനുചരന്മാരുടെയും സ്മരണാര്‍ത്ഥം സ്മാരകവേദിയായ നബുഗോംഗില്‍ നവംബര്‍ 27-ാം തിയതി വെള്ളിയാഴ്ച രാവിലെ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ പാപ്പാ ഫ്രാന്‍സിസ് നടത്തിയ പ്രഭാഷണത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ :

ജരൂസലേമിലും യൂദയായിലും,

സമറിയായിലും സമസ്ത ഭൂവിലും,

ലോകമെങ്ങുമേ... നിങ്ങള്‍ സാക്ഷ്യമേകണം.

നിങ്ങള്‍ വചനം ഏവര്‍ക്കും പങ്കുവയ്ക്കണം.... (നടപടി 1, 8).

ക്രിസ്തുവിനു സാക്ഷ്യം വഹിക്കുവാനും പരിശുദ്ധാത്മാവിന്‍റെ ശക്തി ലോകത്തു പ്രകടമാക്കുവാനും ഉഗാണ്ടന്‍ മണ്ണില്‍ വിശ്വാസത്തിനുവേണ്ടി ജീവന്‍ സമര്‍പ്പിച്ച കത്തോലിക്കരും ആംഗ്ലിക്കരുമായ ധീരാത്മാക്കളെ, പുണ്യാത്മാക്കളെ അനുസ്മരിക്കുന്ന ദിവസമാണിതെന്ന് വചനപ്രഘോഷണത്തിന് ആമുഖമായി പാപ്പാ പ്രസ്താവിച്ചു..

ജ്ഞാനസ്നാനത്തില്‍ നാം സ്വീകരിച്ച പരിശുദ്ധാത്മാവ്, സ്ഥൈര്യലേപനത്താല്‍ ദൃഢപ്പെടുത്തപ്പെട്ടിട്ടുള്ളതാണ്. നമ്മളിലുള്ള അവിടുത്തെ സ്നേഹാഗ്നിനാളം ആളിക്കത്തിച്ച് ജീവിച്ചുകൊണ്ട്, അതു മറ്റുള്ളവര്‍ക്കും അറിവിന്‍റെ സ്രോതസ്സും ശക്തിയുമായി പകര്‍ന്നുനല്കാന്‍ നാം പരിശ്രമിക്കേണ്ടതാണ്. പരിശുദ്ധാത്മ ദാനങ്ങള്‍ പങ്കുവയ്ക്കുവാനുള്ളതാണ്, പങ്കുവയ്ക്കപ്പെടേണ്ടതാണ്. ക്രിസ്തുവിന്‍റെ മൗതിക ദേഹത്തെ ഒന്നിപ്പിക്കുന്ന ഘടകമാണിത്. വിശ്വാസത്തിലും പ്രത്യാശയിലും സ്നേഹത്തിലും പരസ്പരം വളര്‍ത്തുവാനും ബലപ്പെടുത്തുവാനും നല്കിയിട്ടുള്ളതാണിത്. യുവാക്കളായിരുന്ന ഉഗാണ്ടന്‍ രക്തസാക്ഷികളുടെ മാതൃക ഇതാണ്. ദൈവസ്നേഹത്തില്‍ ആഴപ്പെട്ട് അവര്‍ വിശ്വാസം ജീവിച്ചു, ധീരമായി ജീവിച്ചു. ഭീതിയില്ലാതെ ക്രിസ്തുവിനെക്കുറിച്ച് പ്രസംഗിച്ചു. അവിടുത്തെ സുവിശേഷം പ്രഘോഷിച്ചു. അതായിരുന്നു അവരുടെ ജീവസമര്‍പ്പണം. നിണസാക്ഷ്യം!!!

ക്രിസ്തുവിന്‍റെ മിഷണിമാരാകാന്‍ നമ്മിലെ പരിശുദ്ധാത്മസ്നേഹവും ചൈതന്യവും ആളിക്കത്തിക്കണം. അത് നമ്മുടെ കുടുംബങ്ങളില്‍ മാത്രമല്ല, മറ്റുളളവരിലേയ്ക്കും, നമുക്ക് അപരിചിതരായവരിലേക്കു പോലും, ചിലപ്പോള്‍ ശത്രുക്കളിലേയ്ക്കും പകര്‍ന്നുനല്കാന്‍ നമുക്ക് സാധിക്കണം. അത് പാവങ്ങളോടും പ്രായമായവരോടും കരുണയും കരുതലുമുള്ള സ്നേഹമായി വളരട്ടെ. അത് സകലരെയും ആശ്ലേഷിക്കട്ടെ!!.

ഇന്നത്തെ വായനയില്‍ മക്കബായരുടെ ഗ്രന്ഥത്തില്‍ യുവാക്കളുടെ അമ്മ ചെയ്തത് (7, 1-2, 9-14) അവരുടെ അന്തരാത്മാക്കളില്‍ വിശ്വാസത്തിന്‍റെ അഗ്നി ആളിക്കത്തിക്കയായിരുന്നു. വിശിഷ്യാ, പ്രതിസന്ധിയുടെയും പീഡനത്തിന്‍റെയും സമയത്ത്. അതുപോലെ വൈദികരും സമര്‍പ്പിതരും മതാദ്ധ്യാപകരുമെല്ലാം ഇവിടത്തെ സാധാരണക്കാരായ ജനങ്ങള്‍ക്കായി ചെയ്യേണ്ടതും വിശ്വാസത്തിന്‍റെ ഈ ആളിക്കത്തിക്കലാണ്!

പരിശുദ്ധാത്മാവിന്‍റെ ദിവ്യസ്നേഹാഗ്നി അപ്പോള്‍ സമൂഹത്തിലേയ്ക്ക് ഇറങ്ങിവരും, അത് പടര്‍ന്ന് വ്യാപിക്കും. അത് മറ്റുള്ളവര്‍ക്കും, ഇതര മതസ്തര്‍ക്കുപോലും സഹോദര്യവും സ്നേഹവും പരസ്പര സഹായവുമായി അനുഭവവേദ്യമാകും.

സഭയുടെ അമ്മയായ മറിയത്തോടൊപ്പം ഉഗാണ്ടന്‍ രക്തസാക്ഷികളും നമുക്കായി മാദ്ധ്യസ്ഥം വഹിക്കട്ടെ! പരിശുദ്ധാത്മാവ് നമ്മിലെ ദിവ്യസ്നേഹാഗ്നി പ്രോജ്ജ്വലിപ്പിക്കട്ടെ! ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ! Mingu Awabariki! God Bless you!!!!

Source: Vatican Radio