News >> വിശ്വസത്തിന്‍റെ വിതക്കാരാണ് മതാദ്ധ്യാപകർ: പാപ്പാ ഫ്രാന്‍സിസ്
ആഫ്രിക്ക അപ്പോസ്തോലിക സന്ദര്‍ശനത്തിനിടെ നവംബര്‍ 28-ാം തിയതി വെള്ളിയാഴ്ച ഉഗാണ്ടയുടെ തലസ്ഥാന നഗരമായ കംപാലയില്‍നിന്നും 38 കി.മി. അകലെയുള്ള
മുന്‍യോണ്‍യോ എന്ന രക്തസാക്ഷി സ്മൃതിമണ്ഡപത്തോട് ചേര്‍ന്നാണ് മതാദ്ധ്യാപകരുടെ സമ്മേളനം നടന്നത്.സ്വീകരണവേദിയിലെത്തിയ പാപ്പായ്ക്ക് കംപാല അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് സിപ്രിയാന്‍ കിസീത്തോ ലുവാങ്ഗാ സ്വാഗതമര്‍പ്പിച്ചു. മതാദ്ധ്യാപകരുടെ പ്രതിനിധിയും പാപ്പായ്ക്ക് സ്വാഗതംപറഞ്ഞു. പാപ്പാ അവരെ ഇങ്ങനെ അഭിസംബോധനചെയ്തു: ഗുരുനാഥന്‍ എന്നത് ശ്രേഷ്ഠനാമമാണ്! ശ്രേഷ്ഠസ്ഥാനവുമാണ്! ക്രിസ്തുവാണ് നമ്മുടെ ആദ്യത്തെയും മഹത്തമനുമായ ഗുരുനാഥന്‍. അവിടുന്ന് അപ്പസ്തോലന്മാരെയും ഇടയന്‍മാരെയും മാത്രമല്ല സഭയ്ക്കു നല്കിയത്, അദ്ധ്യാപകരെയും ആത്മീയപാലകരെയും തന്നു. ക്രിസ്തുവിന്‍റെ മൗതികദേഹത്തെ വിശ്വാസത്തിലും സ്നേഹത്തിലും വളര്‍ത്തുവാനാണ് അത്.ഇവിടത്തെ ഗ്രാമങ്ങളിലും ദേശമെമ്പാടും സുവിശേഷമെത്തിക്കാന്‍ ഇന്നാട്ടിലെ മതാദ്ധ്യപകര്‍ ചെയ്യുന്ന കാര്യങ്ങള്‍ അതുലമാണ്. നിങ്ങളുടെ സമര്‍പ്പണത്തിലൂടെ ദൈവത്തോടും അനുദിന ജീവിതത്തില്‍ ദൈവജനത്തോടും കാണിക്കുന്ന ക്രിയാത്മകവും ഫലപ്രദവുമായ സാമീപ്യത്തിന് നന്ദി!വിസ്തൃതമായ ഇന്നാട്ടില്‍ വിശ്വാസത്തിന്‍റെ വിതക്കാരും, വിത്തുപാകുന്നവരും നിങ്ങളാണ്. ക്രിസ്തു പഠിപ്പിച്ച കാര്യങ്ങളാണ് നിങ്ങള്‍ പഠിപ്പിക്കുന്നത്. മുതിര്‍ന്നവരെ നിങ്ങള്‍ നയിക്കുന്നു; കുട്ടികളെ നല്ലവരായി വിശ്വാസത്തില്‍ വളര്‍ത്താന്‍ സഹായിക്കുന്നു. നിത്യതയുടെ പ്രത്യാശയും ചിന്തയും, അതിന്‍റെ ആനന്ദവും പങ്കുവയ്ക്കുന്നതും നിങ്ങള്‍തന്നെയാണ്. മതാദ്ധ്യാപനം നിങ്ങള്‍ക്ക് അതിന്‍റേതായ പ്രതിഫലം തരുന്നുണ്ടെങ്കിലും, അത് എളുപ്പമല്ല. പിടിച്ചു നില്ക്കുക; പതറരുത്. ജോലി കഠിനമാകുമ്പോഴും, അതിന്‍റെ നേട്ടങ്ങള്‍ കുറയുമ്പോഴും, പ്രതിസന്ധികള്‍ വര്‍ദ്ധിക്കുമ്പോഴും, മറക്കരുത് നിങ്ങളുടെ ജോലി ദിവ്യമാണ്, വിശുദ്ധമാണ്!ക്രിസ്തു എവിടെല്ലാം പ്രഘോഷിക്കപ്പെടുന്നുവോ അവിടെല്ലാം അവിടുത്തെ അരൂപിയുടെ സാന്നദ്ധ്യവുമുണ്ട്. അത് നിങ്ങളെ പ്രകാശിപ്പിക്കും, നിങ്ങള്‍ക്ക് ആവശ്യമായ ശക്തിപകരും. അങ്ങനെ നിങ്ങള്‍ ഗുരുക്കന്മാരും ഒപ്പം ക്രിസ്തുസാക്ഷികളുമായിത്തീരുന്നു. പ്രാര്‍ത്ഥനയുടെ മനോഹാരിതയും, കാരുണ്യത്തിന്‍റെ കരുത്തും, ക്ഷമയും, ദിവ്യകാരുണ്യത്തിലെ പങ്കുവയ്ക്കലും കൂട്ടായ്മയും നിങ്ങള്‍ എല്ലാവരെയും അറിയിക്കണം, പഠിപ്പിക്കണം.നാം സമ്മേളിച്ചിരിക്കുന്ന
മുനിയോണ്‍നോ രക്തസാക്ഷികളുടെ ചുടുനിണമേറിയ സ്ഥലമാണ്. നമ്മെ സ്വതന്ത്രമാക്കുന്ന സത്യത്തിന്‍റെ പ്രയോക്താക്കളാണ് രക്തസാക്ഷികള്‍. നല്ലതിനും, സത്യത്തിനും, നന്മയുടെ മനോഹാരിതയ്ക്കുംവേണ്ടി ജീവന്‍ സമര്‍പ്പിച്ചവരാണവര്‍. അങ്ങനെ നമുക്കും രക്തസാക്ഷികളെപ്പോലെ ക്രിസ്തുവിന്‍റെ വാഗ്ദാനങ്ങളില്‍ പങ്കുചേരാം, അതില്‍ കൂടുതല്‍ ബോധ്യമുള്ളവരായി ജീവിക്കാം.ബുദ്ധിയും വിവേകവുമുള്ള അദ്ധ്യാപകരാകാന്‍ രക്തസാക്ഷികളും വിശുദ്ധരുമായ ആന്‍ഡ്രൂ കഗ്വായും മറ്റ് ഉഗാണ്ടന്‍ രക്തസാക്ഷികളും നമ്മെ തുണയ്ക്കട്ടെ. ദൈവിക സത്യത്തിനും സുവിശേഷ സന്തോഷത്തിനും നമുക്ക് സാക്ഷികളാകാം. ലോകമെങ്ങും പോയി ദൈവവചനത്തിന്‍റെ വിത്തു വിതയ്ക്കാം. തീര്‍ച്ചയായും സമൃദ്ധിയുള്ള വിളയെടുക്കാന്‍ ദൈവം ഇടയാക്കും!!Source: Vatican Radio