News >> ആശയങ്ങളും ജീവിത യാഥാര്‍ത്ഥ്യങ്ങളും തമ്മില്‍ സംവേദനം ആവശ്യം: പാപ്പാ
സാങ്കല്പ്പിക ലോകത്തില്‍ ജീവിക്കുന്ന അപകടം തടയുന്നതിന് നയനങ്ങളും ഹൃദയവും തുറന്നിടണമെന്ന് മാര്‍പ്പാപ്പാ. ഇറ്റലിയിലെ വെറോണയില്‍ സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന "സഭയുടെ സാമൂഹ്യ പ്രബോധനോത്സവ"ത്തിന് വെള്ളിയാഴ്ച (27/11/15) നല്കിയ വീഡിയൊ സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്. നവമ്പര്‍ 26 ന് ആരംഭിച്ച സമ്മേളനം 29-ന് ഞായറാഴ്ച സമാപിക്കും. ആശയവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള സംഘര്‍ഷത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് പാപ്പാ വാക്കുകളുടെയും ഭാവനകളുടെയും കുയുക്തിയുടെയും മണ്ഡലത്തില്‍ ജീവിക്കുന്നത് അപകടമാണെന്ന് വിശദികരിക്കുന്നു, തന്‍റെ സന്ദേശത്തില്‍. യഥാര്‍ത്ഥ്യമെന്നത് അതായിരിക്കുന്നതാണെന്നും എന്നാല്‍ ആശയമാകട്ടെ വിപുലീകരിക്കപ്പെടുന്നുവെന്നും ഉദ്ബോധിപ്പിക്കുന്ന പാപ്പാ ആശയം യാഥാര്‍ത്ഥ്യത്തില്‍ നിന്ന് വേറിട്ടു പോകാതിരിക്കുന്നതിന് ഇവ രണ്ടും തമ്മില്‍ നിരന്തരമായ ഒരു സംവാദം ആവ ശ്യമാണെന്നും വ്യക്തമാക്കി. വാര്‍ത്തകള്‍, പ്രശ്നങ്ങള്‍ തുടങ്ങിയ നിരവധിയായ കാര്യങ്ങള്‍ അടങ്ങിയതാണ് നമ്മുടെ ജീവിതമെന്നും, നമ്മുടെ അടുത്തുള്ളവന്‍റെ പ്രശ്നങ്ങള്‍ കാണാത്തതുപോലെ ഭാവിക്കാന്‍ അവ നമ്മില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നും, ഈ നിസ്സംഗത നമുക്ക് സ്വസ്ഥമായിരിക്കാനുള്ള ഒരു ഉപാധി, ഒരു ഔഷധം ആക്കി നാം മാറ്റുകയാണെന്നും പറഞ്ഞ പാപ്പാ വാസ്തവത്തില്‍ ഇതു നമ്മുടെ സ്വാര്‍ത്ഥതയെ ബലപ്പെടുത്തുകയും നമ്മെ ദുഖിതരാക്കുകയുമാണ് ചെയ്യുന്നതെന്നു പറഞ്ഞു. ആളുകളുടെ അടുത്തായിരിക്കുകയും സാന്ത്വന തൈലം പുരട്ടുകയും അപരന്‍റെ വേദനയില്‍ പങ്കുചേരുകയും ചെയ്യുന്നത് നമ്മുടെ ഹൃദയത്തെ വിശാലമാക്കുകയും സ്നേഹവലയം സൃഷ്ടിക്കുകയും ചെയ്യുമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.Source: Vatican Radio