News >> സാമാന്യജന വാസയിടങ്ങള്‍ സവിശേഷ ജ്ഞാന പൂരിതം: പാപ്പ
ഫ്രാന്‍സിസ് പാപ്പാ വെള്ളിയാഴ്ച (27/11/15) കെനിയയില്‍, നൈറോബി പട്ടണത്തിന്‍റെ പ്രാന്തത്തിലുള്ള കങ്കേമി ചേരിപ്രദേശം സന്ദര്‍ശിച്ച വേളയില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്: തന്നെ സ്വീകരിച്ചതിന് നന്ദി പറഞ്ഞുകൊണ്ടാണ് പാപ്പാ തന്‍റെ പ്രസംഗം ആരംഭിച്ചത്. ആ പ്രദേശത്തെ ജനങ്ങള്‍ അനുദിനം നേരിടേണ്ടിവരുന്ന പ്രയാസങ്ങളെക്കുറിച്ചുള്ള തന്‍റെ അവബോധം വെളിപ്പെടുത്തിയ പാപ്പാ, അവര്‍ വിധേയരാക്കപ്പെടുന്ന അനീതികളെ അപലപിക്കാതിരിക്കാനാകില്ല എന്നു പറഞ്ഞു. ജനബാഹുല്യത്തെ സാമൂഹ്യാനുഭവമാക്കി മാറ്റാനും, അഹന്തയുടെ മതിലുകള്‍ ഇടിഞ്ഞുവീഴുകയും സ്വാര്‍ത്ഥത ഉയര്‍ത്തുന്ന തടസ്സങ്ങളെ ഉല്ലംഘിക്കുകയും ചെയ്യുന്ന ഒത്തൊരുമയുടെയും സഹജീവനത്തിന്‍റെയും ബന്ധങ്ങള്‍ നെയ്തെടുക്കാനും സാധാരണക്കാര്‍ക്കാകുമെന്ന് താന്‍ "ലൗദാത്തൊ സി", അങ്ങേയ്ക്കു സ്തുതി, എന്ന ചാക്രികലേഖനത്തില്‍ ഉദ്ബോധിപ്പിച്ചിരിക്കുന്നത്, സാധാരണക്കാര്‍ വസിക്കുന്ന പ്രദേശത്തിന്‍റെതായ ഒരു ജ്ഞാനത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് പാപ്പാ അനുസ്മരിച്ചു. സാധാരണജനങ്ങള്‍ വസിക്കുന്ന ഇത്തരം ഇടങ്ങള്‍ ഇത്തരത്തിലുള്ള സവിശേഷമായ ഒരു ജ്ഞാനത്താല്‍ പൂരിതമാണെന്ന് പാപ്പാ പറഞ്ഞു. ഐക്യദാര്‍ഢ്യം, അപരനായി ജീവന്‍ പോലും ദാനം ചെയ്യല്‍, മരണത്തെക്കാള്‍ ജനനത്തിന് മുന്‍ഗണനയേകല്‍ തുടങ്ങിയ മുല്യങ്ങളാല്‍ മുദ്രിതമാണ് നമ്മുടെ ഈ കാലഘട്ടത്തിന് രചനാത്മക സംഭാവനയേകുന്ന ഈ ജ്ഞാനമെന്നും പാപ്പാ വിശദീകരിച്ചു. ചിലര്‍ ദൈവമായി കരുതുന്ന ധനത്തെക്കാള്‍ പ്രാധാന്യം മനുഷ്യനാണ് എന്ന വസ്തുതയില്‍ അധിഷ്ഠിതമാണ് ഈ മൂല്യങ്ങളെന്നും പാപ്പാ പറഞ്ഞു. ന്യൂനപക്ഷം സമ്പത്തും അധികാരവും കൈയ്യിലേന്തുകയും അവ സ്വാര്‍ത്ഥപരമായി വിനിയോഗിക്കുകയും ചെയ്യുമ്പോള്‍ അനേകര്‍ മലിനവും ഉപേക്ഷിക്കപ്പെട്ടതുമായ പ്രാന്തപ്രദേശങ്ങളില്‍ ജീവിക്കാന്‍ നിര്‍ബന്ധിതരായിത്തീരുന്നത് മുറിവുകളാണെന്നും അടിസ്ഥാനസൗകര്യങ്ങളില്ലാതെ, അതായത് ശൗച്യാലയങ്ങളും മാലിന്യനിര്‍മ്മാര്‍ജ്ജന സൗകര്യങ്ങളും വെളിച്ചവും വഴികളും വിദ്യാലയങ്ങളും ആതുരാലയങ്ങളും ഒന്നുമില്ലാതെ, ജനങ്ങള്‍ കഴിയേണ്ടി വരുന്നത് ഗൗരവാവഹമായ ഒരു പ്രശ്നമാണെന്നും പാപ്പാ പറഞ്ഞു. മനുഷ്യന്‍റെ അതിജീവനത്തെത്തന്നെ നിര്‍ണ്ണയിക്കുന്ന ഘടകമായ ശുദ്ധമായ കുടിവെള്ളം സത്താപരവും മൗലികവും സാര്‍വ്വത്രികവുമായ അവകാശമാണെന്ന് വ്യക്തമാക്കിയ പാപ്പ അത് നിഷേധിക്കപ്പെടുന്നത് വലിയ അനീതിയാണെന്ന് കുറ്റപ്പെടുത്തി. പാര്‍പ്പിടം, കുടിവെള്ളം, ഊര്‍ജ്ജം തുടങ്ങിയ അനിവാര്യ സേവനങ്ങള്‍ ചേരിനിവാസികള്‍ക്ക് ലഭ്യമാകുന്നതിനായി പ്രാര്‍ത്ഥിക്കാനും പ്രവര്‍ത്തിക്കാനും പാപ്പാ എല്ലാവരെയും ക്ഷണിച്ചു. 'മുംഗു അവ്വബരീക്കി', ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് നാട്ടുഭാഷയില്‍ ആശംസിക്കുകയും തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തുകൊണ്ടാണ് പാപ്പാ തന്‍റെ പ്രസംഗം അവസാനിപ്പിച്ചത്.Source: Vatican Radio