News >> വത്തിക്കാന്‍റെ പ്രതിനിധി സംഘം കോണ്‍സ്റ്റാന്‍റിനോപ്പിളില്‍
കോണ്‍സ്റ്റാന്‍റിനോപ്പിളിലെ ഓര്‍ത്തഡോക്സ് സഭയുടെ സ്വര്‍ഗ്ഗീയസംരക്ഷകനായ അപ്പസ്തോലന്‍ വിശുദ്ധ അന്ത്രയോസിന്‍റെ തിരുന്നാളിനോടനുബന്ധിച്ച് പരിശുദ്ധ സിംഹാസാനത്തിന്‍റെ ഒരു പ്രതിനിധിസംഘം അവിടെ എത്തി. ക്രൈസ്തവൈക്യത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ കുര്‍ട്ട് കോഹിന്‍റെ (KURT KOCH) നേതൃത്വത്തിലുള്ള ഈ സംഘത്തില്‍ പ്രസ്തുത സമിതിയുടെ കാര്യദര്‍ശി ബിഷപ്പ് ബ്രയന്‍ ഫാരെലും ഉപകാര്യദര്‍ശി മോണ്‍സിഞ്ഞോര്‍ അന്ത്രെയ പല്‍മിയേരിയും ഉള്‍പ്പെടുന്നു. നവമ്പര്‍ 30 - നാണ് വിശുദ്ധ അന്ത്രയോസിന്‍റെ തിരുന്നാള്‍. കോണ്‍സ്റ്റന്‍റിനോപ്പിളിലെ പാത്രിയാര്‍ക്കാ സ്ഥാനദേവാലയത്തില്‍, അതായത്, ഫനാറില്‍ വിശുദ്ധ ജോര്‍ജ്ജിന്‍റെ നാമത്തിലുള്ള ദേവാലയത്തില്‍ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസ് ബര്‍ത്തൊലൊമേയൊ ഒന്നാമന്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ ഈ പ്രതിനിധി സംഘം പങ്കുകൊള്ളുകയും പാത്രിയാര്‍ക്കീസുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഫ്രാന്‍സിസ് പാപ്പായുടെ ഒരു സന്ദേശം കര്‍ദ്ദിനാള്‍ കുര്‍ട്ട് കോഹ് പാത്രിയാര്‍ക്കീസ് ബര്‍ത്തൊലൊമേയൊ ഒന്നാമന് കൈമാറി. എല്ലാ വർഷവും ജൂണ്‍ 29 - ന് ആചരിക്കപ്പെടുന്ന പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ തിരുന്നാളിനോടനുബന്ധിച്ച് കോണ്‍സ്റ്റാന്‍റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രീയാര്‍ക്കാ സ്ഥാനത്തിന്‍റെ പ്രതിനിധിസംഘം വത്തിക്കാനിലും എത്താറുണ്ട്. Source: Vatican Radio