News >> ടോണി ബേബി ലോഗോസ് പ്രതിഭ
കൊച്ചി: കെസിബിസി ബൈബിള്‍ സൊസൈറ്റിയുടെ സംസ്ഥാനതല ലോഗോസ് ബൈബിള്‍ ക്വിസ് ഗ്രാന്‍ഡ് ഫിനാലെയില്‍ ഒന്നാമതെത്തി ടോണി ബേബി 2015ലെ ലോഗോസ് പ്രതിഭയായി. ഇരിങ്ങാലക്കുട രൂപതാംഗമായ ടോണി ഹൈദരാബാദില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനിയറാണ്.
ലോഗോസ് ബൈബിള്‍ ക്വിസില്‍ ആറു പ്രായ വിഭാഗങ്ങളിലെ സംസ്ഥാനതല ജേതാക്കളെ പങ്കെടുപ്പിച്ചു പാലാരിവട്ടം പിഒസിയിലാണ് ഇന്നലെ ഗ്രാന്‍ഡ് ഫിനാലെ നടന്നത്. ഡി വിഭാഗത്തിലെ ഒന്നാം സ്ഥാനക്കാരനാണ് ടോണി ബേബി. മറ്റു വിഭാഗങ്ങളിലെ സംസ്ഥാനതല വിജയികളും രൂപതയും: എ.- റയാന്‍ ജോര്‍ജ് മലയില്‍ (എറണാകുളം-അങ്കമാലി), ബി.- ഹെലെന ഹെന്റി (തൃശൂര്‍), സി.-
സിസ്റര്‍ കൃപ മരിയ S.H. (കോതമംഗലം), ഇ.- ബാബു പോള്‍ (പാലാ),
എഫ്.- ഏലിക്കുട്ടി തോമസ് (കോതമംഗലം).
സമാപന സമ്മേളനത്തില്‍ ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് ഡോ.എം.സൂസപാക്യം വിജയികള്‍ക്കു സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഭാരതസഭയും ആഗോളസഭയും ആദരവോടും ആഹ്ളാദത്തോടെയുമാണു ലോഗോസ് ബൈബിള്‍ ക്വിസിനെ നോക്കിക്കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. അഞ്ചു ലക്ഷത്തിലധികം പേര്‍ പങ്കെടുക്കുന്ന സഭയിലെ വചനവിസ്മയമാണു ലോഗോസ് ക്വിസ്. ഇക്കുറി ഉത്തരേന്ത്യയിലെ 24 രൂപതകളും ലോഗോസില്‍ പങ്കാളികളായി. ബൈബിള്‍ പഠിക്കുന്നതിനൊപ്പം ജീവിതത്തില്‍ പകര്‍ത്താനും ഏവരും പരിശ്രമിക്കണമെന്നും ആര്‍ച്ച്ബിഷപ് സൂസപാക്യം ഓര്‍മിപ്പിച്ചു. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ.വര്‍ഗീസ് വള്ളിക്കാട്ട് അധ്യക്ഷതവഹിച്ചു. ബൈബിള്‍ സൊസൈറ്റി സെക്രട്ടറി റവ.ഡോ. ജോഷി മയ്യാറ്റില്‍, വൈസ് ചെയര്‍മാന്‍ ആന്റണി പാലിമറ്റം, ജോയിന്റ് സെക്രട്ടറി ജിസ്മോന്‍ തുടിയംപ്ളാക്കല്‍, ലോഗോസ് പ്രതിഭ ടോണി ബേബി, ലോഗോസ് സമര്‍പ്പിതപ്രതിഭ സിസ്റ്റര്‍ ജിയോ തെരേസ് എസ്എബിഎസ്, തോമസ് പാലയ്ക്കല്‍, മാത്യു കണ്ടിരിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
ലോഗോസ് പ്രതിഭയ്ക്കും സമര്‍പ്പിത പ്രതിഭയ്ക്കും വിശുദ്ധനാടു സന്ദര്‍ശനവും പാലയ്ക്കല്‍ തോമ്മാ മല്പാന്‍ കാഷ് അവാര്‍ഡുമാണു സമ്മാനം. വിവിധ പ്രായവിഭാഗങ്ങളിലെ വിജയികള്‍ക്കും കാഷ് അവാര്‍ഡുകള്‍ സമ്മാനിച്ചു.
Source: Deepika