News >> മാര്‍പാപ്പ സെന്‍ട്രല്‍ ആഫ്രിക്കയില്‍

ബാന്‍ഗുയി: മുസ്ലിം വിമതരും ക്രൈസ്തവരും തമ്മില്‍ നിലനില്‍ക്കുന്ന സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ളിക്കില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനം ആരംഭിച്ചു. തലസ്ഥാനമായ ബാന്‍ഗുയിയിലെ വിമാനത്താവളത്തില്‍ വന്നിറങ്ങിയ മാര്‍പാപ്പയെ സ്വീകരിക്കാന്‍ വഴിവക്കില്‍ പതിനായിരങ്ങള്‍ കാത്തുനിന്നു. ഇടക്കാല പ്രസിഡന്റ് കാതറിന്‍ സാമ്പ-പന്‍സയുടെ നേതൃത്വത്തില്‍ മാര്‍പാപ്പയെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. കലാപഭൂമിയില്‍ ആദ്യമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശനം നടത്തുന്നത്. 

ഐക്യം കാത്തുസൂക്ഷിക്കാനും അപരനെയും ഇതര മതവിശ്വാസികളെയും ഭീതിയോടെ നോക്കിക്കാണുന്ന നിലപാടു മാറ്റാനും പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നടത്തിയ പ്രസംഗത്തില്‍ മാര്‍പാപ്പ ആഹ്വാനംചെയ്തു. സെന്‍ട്രല്‍ ആഫ്രിക്കയിലേക്കു പുറപ്പെടുന്നതിനു മുമ്പ് നടത്തിയ പ്രസംഗത്തില്‍ മേഖലയില്‍ സമാധാനവും സൌഹൃദ അന്തരീക്ഷവും കടന്നുവരുമെന്ന് അദ്ദേഹം പ്രത്യാശിച്ചിരുന്നു. ബാന്‍ഗുയിയില്‍ പൊതുബലി അര്‍പ്പിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ, മുസ്ലിം നേതാക്കളുമായി ചര്‍ച്ച നടത്തും. രാജ്യത്ത് അടുത്തുനടക്കുന്ന തെരഞ്ഞെടുപ്പിലൂടെ സമാധാനം വരുമെന്നും മാര്‍പാപ്പ പറഞ്ഞു. ഉഗ്വാണ്ട, കെനിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് മാര്‍പാപ്പ സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ളിക്കില്‍ എത്തിയത്. Source: Deepika