News >> ജീവിത പ്രതിസന്ധികളില്‍ ക്രിസ്തു വെളിച്ചമാണ് : പാപ്പാ യുവജനങ്ങളോട്
ഉഗാണ്ടയിലെ കൊലൂലു പഴയ വിമാനത്താവളത്തില്‍വച്ച് നവംബര്‍ 28-ാം തിയതി ശനിയാഴ്ച വൈകുന്നേരം യുവജനങ്ങളുമായി പാപ്പാ ഫ്രാന്‍സിസ് കൂടിക്കാഴ്ച നടത്തി. ഒരു ലക്ഷത്തിലേറെ യുവാക്കള്‍ പങ്കെടുത്തു. അവര്‍ പാപ്പായുമായി ആശയങ്ങള്‍ കൈമാറി. രണ്ടു യുവാക്കളുടെ ജീവിതപ്രശ്നങ്ങള്‍ കേട്ടിട്ടാണ് മറുപടിയായി ഒരു പ്രഭാഷണം പാപ്പാ തത്സമയം നല്കിയത്.
എയിഡ്സ് രോഗബാധയില്‍നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട വിന്നി, ഭീകരരുടെ ബന്ധനത്തെ ജയിച്ച മാനുവല്‍ --- രണ്ടുയുവാക്കളുടെയും വേദനിപ്പിക്കുന്ന ജീവിതാനുഭവങ്ങളാണ് ഈ ചിന്തകള്‍ പങ്കുവയ്ക്കാന്‍ എനിക്ക് പ്രചോദനമേകുന്നത്. ആദ്യമായി... വിന്നിയുടെ കാര്യം പറയട്ടെ. ജീവിതം കെട്ടിയടയ്ക്കപ്പെട്ട, അല്ലെങ്കില്‍ കൊട്ടിയടയ്ക്കപ്പെട്ടൊരു കോട്ടപോലെയായി. നൈരാശ്യം അവളെ വിഴുങ്ങിയപ്പോള്‍ ജീവിതത്തിന്‍റെ എല്ലാവാതിലുകളും അടഞ്ഞപോലെയായി. ഇനി എങ്ങോട്ട്? എന്നാല്‍ ക്രിസ്തുവിന് തന്നെ രക്ഷിക്കാനാകുമെന്ന അത്ഭുതകരമായ തിരിച്ചറിവില്‍ അവള്‍ എത്തിച്ചേരുന്നു. അങ്ങനെ കൊട്ടിയടയ്ക്കപ്പെട്ട ഭിത്തികള്‍, അവളുടെ മുന്നില്‍ ചക്രവാളംപോലെ ഒരു സുപ്രഭാതത്തില്‍ വിരിഞ്ഞുനിന്നു.
ആരുടെയും ജീവിതത്തില്‍ ഇതു സംഭവിക്കാം. നൈരാശ്യത്തിന്‍റെ തിക്താനുഭവങ്ങള്‍ കോട്ടപ്പോലെ ചുറ്റും ഉയര്‍ന്നു പൊങ്ങാം. എന്നാല്‍ ഓര്‍ക്കുക ക്രിസ്തുവിന് എല്ലാറ്റിനെയും രൂപാന്തരപ്പെടുത്തുവാനുള്ള ശക്തിയുണ്ട്. പിന്നെ വിന്നിക്ക് അവളുടെ ജീവിതം ക്രിസ്തുവിലുള്ള ആനന്ദമായി പരിണമിച്ചു.
ക്രിസ്തുവിലുള്ള പരിവര്‍ത്തനത്തിന്‍റെ രൂപാന്തരീകരണ ശക്തി തിരിച്ചറിഞ്ഞു. ക്രിസ്തു നമ്മുടെ നാഥനും കര്‍ത്താവുമാണ്. സ്വന്തം ജീവിതത്തില്‍ അവിടുന്ന് യാതനകള്‍ അനുഭവിച്ചതാണ് . അധിക്ഷേപിക്കപ്പെട്ടു, അപമാനിതനായി. എല്ലാവരാലും പരിത്യക്തനായി, അവസാനം കൊല്ലപ്പെട്ടു, അപമാനകരമായി കൊല്ലപ്പെട്ടു. എന്നാല്‍ അവിടുന്ന് മൂന്നാം ദിവസം ദൈവികശക്തിയാല്‍ ഉയിര്‍ത്തെഴുന്നേറ്റു. അതിനാല്‍ ഓര്‍ക്കുക, ജീവിതത്തിലെ എല്ലാ നിഷേധാത്മകമായ അവസരങ്ങളും ക്രിസ്തുവില്‍ ക്രിയാത്മകമാക്കപ്പെടും. കാരണം അവിടുന്ന് നമ്മുടെ കര്‍ത്താവും നാഥനുമാണ്.
2. ഇനി നമുക്ക് ഇമ്മാനുവേലിന്‍റെ ജീവിതത്തിലേയ്ക്കു കടക്കാം. സമൂഹ്യചുറ്റുപാടില്‍ സുഹൃത്തുക്കളെല്ലാം കൊല്ലപ്പെട്ടത് ആയാള്‍ കണ്ടതാണ്. പിന്നെ ദൈവത്തില്‍ ആശ്രിയിച്ചുകൊണ്ടും പ്രത്യാശയര്‍പ്പിച്ചുകൊണ്ടും, ധൈര്യം സംഭരിച്ച് മാനുവല്‍ തന്‍റെ യാതനയുടെ സാഹചര്യത്തില്‍നിന്നും ഓടി രക്ഷപ്പെടുന്നു. പിടിക്കപ്പെട്ടിരുന്നെങ്കില്‍ ജീവന്‍ നഷ്ടമായേനെ. ഏറെ ആപല്‍ക്കരമായിരുന്നെങ്കിലും ക്രിസ്തുവില്‍ ധൈര്യം അവലംബിച്ച് മുന്നേറി. അത് അയാള്‍ക്ക് രക്ഷ നല്കി. നിങ്ങള്‍ കേട്ടതല്ലേ. പിന്നെ 14 വര്‍ഷങ്ങള്‍ കടന്നുപോയി. അയാള്‍ അദ്ധ്വാനിച്ചു പഠിച്ച് ശാസ്ത്രവിഷയങ്ങളില്‍ ബുരുദധാരിയായി...!
മനുഷ്യജീവിതത്തെ വിത്തിനോട് ഉപമിക്കാം. നിലത്തുവീണ് അലിഞ്ഞ് ഇല്ലാതാകുമ്പോള്‍ അത് മുളയെടുക്കുന്നു. പിന്നെ വളര്‍ന്ന് ഫലംനല്ക്കുന്നു. രക്തസാക്ഷികളായ ചാള്‍സ് ലവാങ്ങും സുഹൃത്തുക്കളും ശാരീരികമായ മരണത്തിലൂടെ ആത്മരക്ഷ നേടിയ വിശുദ്ധാത്മാക്കളാണ്. സ്വയം മരണത്തിനു കീഴ്പ്പെട്ടുകൊണ്ട് മറ്റുള്ളവര്‍ക്ക് നന്മയും ത്യാഗവും പങ്കുവയ്ക്കുന്നവരാണ് - ത്യാഗികള്‍! വിശുദ്ധാത്മാക്കള്‍!! അവര്‍ മരണത്തിലൂടെ നിത്യജീവിനിലേയ്ക്കു പ്രവേശിച്ചവരാണ്. മരണത്തിലൂടെ അനശ്വരതയുടെ ജീവനുണ്ടെന്ന് നമ്മെ പഠിപ്പിച്ചതാണ്. നിഷേധാത്മകമായവയെ ക്രിയാത്മകമാക്കി മാറ്റുന്നത് ജീവന്‍റെ രൂപാന്തരീകരണമാണ്. നന്മയുടെ പരിവര്‍ത്തനമാണ്. വെറുപ്പിനെ സ്നേഹമായും, യുദ്ധത്തെ സമാധാനമായും അത് മാറ്റുന്നു. രക്തസാക്ഷികളുടെ നാടാണ് ഉഗാണ്ട! അവരുടേതുപോലുള്ള രക്തമാണ് നിങ്ങളുടെയും എന്‍റെയും സിരകളിലൂടെ ഒഴുകുന്നത്. അതില്‍ വിശ്വാസത്തിന്‍റെ തീക്ഷ്ണതയും ജീവന്‍റെ പ്രസരിപ്പുമുണ്ട്. ഇവരണ്ടും നമ്മിലുണ്ട്. വിശ്വാസവും ജീവനും - രണ്ടും സുന്ദരമാണ്. അത് പവിഴംപോലെയാണ്. ആഫ്രിക്ക പവിഴമാണ്.... കറുത്ത മുത്താണിത്!!
ഇവിടത്തെ മൈക്ക് ശരിയായി പ്രവര്‍ത്തിക്കുന്നില്ല. എന്തുചെയ്യും? ഉടനെടെക്നീഷ്യന്‍റെ സഹായം തേടണം. മാന്ത്രികതയല്ല, സാഹയം തേടലാണ് ഇവിടെ ആവശ്യം. അതുപോലെ ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാകുമ്പോള്‍, എല്ലാം നഷ്ടമായി, എല്ലാവാതിലുകളും അടഞ്ഞു എന്നു തോന്നുമ്പോഴും ക്രിസ്തുവിലേയ്ക്ക് തിരിയുക. ക്രിസ്തുവിലേയ്ക്കുള്ള തിരിയല്‍, സഹായംതേടലാണ് പ്രാര്‍ത്ഥന. നമ്മുടെ ഹൃദയങ്ങള്‍ ക്രിസ്തുവിനായി തുറക്കുക! നമ്മുടെ ജീവിതവ്യഥകളെ മറികടക്കാന്‍ അവിടുത്തേയ്ക്കാകും. അവിടുന്നു നമ്മെ നയിക്കും. നൈരാശ്യത്തെ പ്രത്യാശയാക്കുവാനും, രോഗങ്ങള്‍ സുഖപ്പെടുത്തുവാനും, മരണത്തെ ജീവനാക്കുവാനും അവിടുത്തേയ്ക്കാവും! ആകയാല്‍ യേശുവിലേയ്ക്കു തിരിയുക!!
3. ഓര്‍ത്തിരിക്കേണ്ട മൂന്നാമത്തെ കാര്യം... സഭ അമ്മയാണെന്ന വിശ്വാസ സത്യമാണ്. നാം ക്രൈസ്തവര്‍ അമ്മയുടെ മക്കളാണ്. സഭാമക്കാളാണു നാം സ്വയം വിശേഷിപ്പിക്കുന്നു. താഴെ വീണൊരു കുട്ടി... അമ്മയുടെ കൈയ്യില്‍ അഭയം തേടുന്നു. പിന്നെ സുരക്ഷയായി, ശാന്തിയായി... അതുപോലെ... നമുക്ക് പരിശുദ്ധ കന്യകാനാഥയിലേയ്ക്ക് തിരിയാം. യേശുവിനെപ്പോലെ അവിടുത്തെ അമ്മയും നമുക്ക് വിഷമസന്ധികളില്‍ ആശയും പ്രത്യാശയും, അഭയകേന്ദ്രവുമാണ്. സ്നേഹമയിയായ അമ്മയാണവള്‍!!
താന്പങ്കുവച്ചമൂന്നുകാര്യങ്ങള്പാപ്പാഇങ്ങനെക്രോഡീകരിച്ചു.പ്രതിസന്ധികളെ നാം മറികടക്കണം, നിഷേധാത്മകമായ കാര്യങ്ങളെ ജീവിതത്തില്‍ ക്രിയാത്മകമാക്കാം. മൂന്നാമതായി പ്രാര്‍ത്ഥിക്കണം... പ്രാര്‍ത്ഥന നമ്മെ ദൈവത്തിലേയ്ക്കും, ദൈവമായ ക്രിസ്തുവിലേയ്ക്കും അടുപ്പിക്കുന്നു. അതു നമ്മെ രൂപാന്തരപ്പെടുത്തുന്നു.