News >> ക്രൈസ്തവരിലൂടെ കാരുണ്യക്കതിര്‍ കിനിഞ്ഞിറങ്ങണം: പാപ്പാ
നവംബര്‍ 28-ാം തിയതി ശനിയാഴ്ച വൈകുന്നേരം ഉഗാണ്ടയുടെ തലസ്ഥാന നഗരമായ കംപാലയില്‍ വൈദികര്‍, സന്ന്യസ്തര്‍, സെമിനാരി വിദ്യാര്‍ത്ഥികള്‍ എന്നിവരുമായി പാപ്പാ ഫ്രാന്‍സിസ് കൂടിക്കാഴ്ച നടത്തി. അവര്‍ക്കു നല്കിയ സന്ദേശം ചുവടെ ചേര്‍ക്കുന്നു (unpronounced discourse) :ആഗമനകാലത്തിന്‍റെ ആദ്യ ഞായറാഴ്ചയാണിത്. ജീവിത നവീകരണം ഇന്നിന്‍റെ ലക്ഷ്യമായിരിക്കട്ടെ! ലോകമെമ്പാടും നാം ആചരിക്കാന്‍ ഒരുങ്ങുന്ന ജൂബിലിവര്‍ഷത്തിന്‍റെ (
the Jubilee Year of Mercy-യുടെ) ഉമ്മറപ്പടിയില്‍ നാം എത്തിനില്ക്കുകയാണല്ലോ!
1. വൈദികരും സന്ന്യസ്തരുമായ നിങ്ങള്‍ ക്രിസ്തുവുമായുള്ള ഐക്യത്തില്‍ ജീവിക്കുന്നവരാണ് (EG, 3). ജനങ്ങളുടെ ശുശ്രൂഷയ്ക്കായി അവിഭക്തമായ ഹൃദയത്തോടെ, അവിടുത്തെ അനുഗമിക്കാന്‍ പേരുചൊല്ലി വിളിക്കപ്പെട്ടവരാണു നിങ്ങള്‍.ഉഗാണ്ടന്‍ സഭ ദൈവവിളിയാല്‍ സമ്പന്നയാണ്. ക്രിസ്തുവിനായി ജീവിക്കുവാന്‍ സന്നദ്ധരായ അല്‍മായരുടെയും മതാദ്ധ്യാപകരുടെയും വൈദികരുടെയും സന്ന്യസ്തരുടെയും വലിയൊരു സമൂഹം ഇന്നാടിന്‍റെ പ്രത്യേകതയാണ്. നാടും വീടും സ്വന്തമായിട്ടുള്ളതെല്ലാം പരിത്യജിച്ചവരാണവര്‍. ഇവിടത്തെ രക്തസാക്ഷികളെക്കുറിച്ചു പറയുകയാണെങ്കില്‍, അവര്‍ ജീവന്‍പോലും വിശ്വാസത്തെപ്രതി സമര്‍പ്പിച്ചവരാണ്. ജീവിതത്തില്‍ - അത് വൈദികരായാലും സന്ന്യസ്തരായാലും - ജീവസമര്‍പ്പണത്തിന്‍റെ ഈ പൈതൃകമാണ് നിങ്ങളുടെ എളിയ സേവനത്തിന് മാതൃകയും പ്രചോദനവുമാകേണ്ടത്. സേവനവും ശുശ്രൂഷയും മറ്റുള്ളവരുടെ ഹൃദയങ്ങളെ സ്പര്‍ശിക്കണമെന്നാണ് ക്രിസ്തു ആഗ്രഹിക്കുന്നത്. നിങ്ങളുടെ അധരങ്ങള്‍ അവിടുത്തെ വചനം പ്രഘോഷിക്കണം, നിങ്ങളുടെ കരങ്ങള്‍ പാവങ്ങളെ ആശ്ലേഷിക്കണം, നിങ്ങളുടെ പാദങ്ങള്‍ അവിടുത്തെ സ്നേഹപാതയില്‍ ചരിക്കണം!നമ്മുടെ സ്ഥാപനങ്ങളുടെയും ദേവാലയങ്ങളുടെയും കവാടങ്ങള്‍, വിശിഷ്യ നമ്മുടെ ഹൃദയകവാടങ്ങള്‍ സദാ ജനങ്ങള്‍ക്കായി, തുറന്നിരിക്കട്ടെ! ഇത് നാം ആരാണെന്ന് വെളിപ്പെടുത്തും. നിങ്ങള്‍ ദൈവരാജ്യത്തിന്‍റെ നിര്‍മ്മിതിയിലെ പങ്കുകാരും, ക്രിസ്തുവിന്‍റെ പ്രേഷിതരായ ശിഷ്യഗണവുമായിത്തീരണം.
2. നമുക്ക് ചെയ്തുതീര്‍ക്കാന്‍ ഒത്തിരി കാര്യങ്ങളുണ്ട്. ഇനിയും സഞ്ചരിക്കേണ്ട ദൂരങ്ങളുമുണ്ട്! ലോകം ഇന്ന് അനുരഞ്ജനത്തിനും സമാധാനത്തിനുമായി കേഴുകയാണ്. എന്നാല്‍ നമുക്കു ചുറ്റും കലുഷിതമായ അന്തരീക്ഷമാണ്, പ്രതിസന്ധികളാണ്.തൊട്ടടുത്തുള്ള രാജ്യങ്ങളുടെ അവസ്ഥ പരിശോധിച്ചാല്‍ അതു മനസ്സിലാകും. അയല്‍രാജ്യമായ
ബുറൂണ്ടിയിലെ ജനങ്ങള്‍ ഏറെ പ്രതിസന്ധിയിലാണ്. അവിടെത്തെ രാഷ്ട്രീയ അരക്ഷിതാവസ്ഥയും അഭ്യന്തരകലാപവും, അതുമായി ബന്ധപ്പെട്ട അതിക്രമങ്ങളും നമുക്ക് അറിയാവുന്നതാണല്ലോ. സംവാദത്തിന്‍റെ പാതയിലൂടെ അനുരഞ്ജനവും ഐക്യവും സമാധാനവും യാഥാര്‍ത്ഥ്യമാകാന്‍ അവിടത്തെ രാഷ്ട്രനേതാക്കളെ ദൈവം പ്രചോദിപ്പിക്കട്ടെയെന്നു പ്രാര്‍ത്ഥിക്കാം.പാവങ്ങളോടും, വേദനിക്കുന്നവരോടും നാം പ്രതിബദ്ധതയുള്ളവരാകണമെങ്കില്‍,
ഈ ദേവാലയത്തിലെ ഭംഗിയുള്ള വര്‍ണ്ണച്ചില്ലുകള്‍ പരത്തുന്ന രശ്മികള്‍പോലെ ദൈവസ്നേഹത്തിന്‍റെ കിരണങ്ങള്‍, ദൈവസ്നേഹത്തിന്‍റെ പ്രഭ നമ്മിലൂടെ അവരിലേയ്ക്ക് കിനിഞ്ഞിറങ്ങണം. ദൈവികകാരുണ്യവും, സൗഖ്യവും, ചൈതന്യവും നമ്മിലൂടെ മനുഷ്യരിലേയ്ക്ക് ലഭിക്കണം. അതിന് ദൈവത്തിന്‍റെ കാരുണ്യം നമ്മിലേയ്ക്ക് ഒഴുകാന്‍ ആദ്യമായി അനുവദിക്കുണം. അത് നമ്മെ വിശുദ്ധീകരിക്കണം, നമ്മെ നവീകൃതരാക്കണം... അങ്ങനെ ദൈവികകാരുണ്യവും സ്നേഹവും അവരുമായി പങ്കുവയ്ക്കാന്‍ നമുക്ക് സാധിക്കട്ടെ!ചുറ്റിലും പ്രതിസന്ധികള്‍ ധാരാളമുണ്ട്. അതുപോലെ ചെയ്തു തീര്‍ക്കാന്‍ സാധിക്കാത്ത ജോലികളുമുണ്ട്. ആധുനികീകരിക്കപ്പെട്ട ഇന്നത്തെ ജീവിതവും ഏറെ പ്രലോഭിപ്പിക്കുന്നതാണ്. നമ്മുടെ മനഃസ്സാക്ഷിയെ മയക്കുന്നതും, നമ്മുടെ തീക്ഷ്ണത കെടുത്തുന്നതുമാണത്.ക്രിസ്തീയജീവിതത്തിന്‍റെ അടിത്തറ ഇളക്കുന്നതും അതിനെ കാര്‍ന്നുതിന്നുന്നതുമായ ഒരു
ആത്മീയ ലൗകായത്വം (
spiritual worldliness) ഇന്ന് വളര്‍ന്നുവരുന്നുണ്ട്. എന്നാല്‍ മനുഷ്യമനസ്സുകളുടെ മാനസാന്തരത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ നാം തുടരണം. കാരണം സുവിശേഷത്തിന്‍റെ സത്ത മാനസാന്തരമാണ് (മര്‍ക്കോസ് 1, 15). അതിനാല്‍ ആത്മീയമാന്ദ്യവും, അലംഭാവവും വളര്‍ത്തുന്ന ശീലങ്ങളെ തിരിച്ചറിയുകയും, അംഗീകരിക്കുകയും അവ തിരുത്തുകയും വേണം. നമ്മുടെ സമൂഹങ്ങളെയും, വ്യക്തിജീവിതങ്ങളെയും, മനസാക്ഷിയെയും നാം പരിശോധിക്കണം.
നാം ആത്മശോധനചെയ്യണം!Source: Vatican Radio