News >> വിദ്വേഷപ്രചാരണക്കാര്‍ വിവേചനാശക്തിയെ വിലകുറച്ചു കാണരുത്: ജാഗ്രതാ സമിതി

കൊച്ചി: ജാതിയുടെയും മതത്തിന്റെയും പേരില്‍ വിദ്വേഷപ്രചരണം നടത്തുന്നവര്‍ സമൂഹത്തിന്റെ വിവേചനാശക്തിയെ വിലകുറച്ചു കാണുകയാണെന്നു കെസിബിസി ഐക്യജാഗ്രതാ സമിതിയുടെ പ്രതിവാര അവലോകനയോഗം വിലയിരുത്തി. ഏതെങ്കിലും സമുദായം സാമൂഹ്യനീതിക്കു വേണ്ടി ശബ്ദമുയര്‍ത്തുന്നതു മറ്റു സമുദായങ്ങള്‍ക്കു ഭീഷണിയല്ല. സാമൂഹികമായോ വിദ്യാഭ്യാസപരമായോ പിന്നോക്കം നില്‍ക്കുന്ന സമുദായങ്ങള്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളും ആതുരശുശ്രൂഷാ കേന്ദ്രങ്ങളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ നിയമാനുസൃതം അനുവദിച്ചു നല്‍കുന്നതില്‍ മറ്റു സമുദായങ്ങള്‍ക്ക് എതിര്‍പ്പുണ്ടെന്നു കരുതുന്നില്ല. ഓരോ സമുദായവും ഈ ഉത്തരവാദിത്ത്വം ഏറ്റെടുക്കുന്നതിനു മുന്നോട്ടുവരികയാണു വേണ്ടത്.

സംസ്ഥാന സര്‍ക്കാര്‍ ഏതെങ്കിലും സമുദായത്തോടു വിവേചനം കാട്ടുമെന്നോ ചിലരെ മാത്രം നിരുത്സാഹപ്പെടുത്തുന്ന നയം സ്വീകരിക്കുമെന്നോ കരുതാനാവില്ല. നാടിന്റെയും സമുദായത്തിന്റെയും നീതിപൂര്‍വകമായ വളര്‍ച്ചയും വികസനവും ലക്ഷ്യം വയ്ക്കുന്നവര്‍ തങ്ങളുടെ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ തയാറാവുകയാണു വേണ്ടത്. ജനങ്ങളുടെ യുക്തിബോധത്തെയും വിവേചനാശക്തിയെയും വിലകുറച്ചു കാണരുതെന്നു യോഗം ആവശ്യപ്പെട്ടു.
Source: Deepika