News >> ആഫ്രിക്കാസന്ദര്‍ശനത്തിന്‍റെ പുനരവലോകനം
ഫ്രാന്‍സിസ് പാപ്പാ ബുധനാഴ്ച(02/12/15) വത്തിക്കാനില്‍ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയില്‍ നടത്തിയ പ്രഭാഷണത്തിന്‍റെ സംഗ്രഹം:
എല്ലാവര്‍ക്കും ശുഭദിനം നേര്‍ന്നുകൊണ്ട് തന്‍റെ പ്രഭാഷണം ആരംഭിച്ച ഫ്രാന്‍സിസ് പാപ്പാ ഇപ്രകാരം പറഞ്ഞു:
ഇക്കഴിഞ്ഞ ദിനങ്ങളില്‍ ഞാന്‍ ആദ്യമായി ആഫ്രിക്കിയില്‍ അപ്പസ്തോലിക പര്യടനം നടത്തി. ആഫ്രിക്ക എത്ര സുന്ദരമാണ്! എനിക്ക് മൂന്നു രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമേകിയ ഈ മഹാദാനത്തിന് ഞാന്‍ കര്‍ത്താവിനോടു നന്ദി പറയുന്നു. ഏറ്റവുമാദ്യം ഞാന്‍ സന്ദര്‍ശിച്ചത് കെനിയയാണ്, തുടര്‍ന്ന് ഉഗാണ്ടായും അവസാനം മദ്ധ്യാഫ്രിക്കയും സന്ദര്‍ശിച്ചു.
എന്നെ സ്വീകരിച്ച ഈ നാടുകളുടെ പൗരാധികാരികള്‍ക്കും മെത്രാന്മാര്‍ക്കും ഞാന്‍ ഒരിക്കല്‍കൂടി കൃതജ്ഞത പ്രകാശിപ്പിക്കുകയാണ്. അതുപോലെ തന്നെ വ്യത്യസ്ത രീതികളില്‍ സഹകരിച്ച സകലര്‍ക്കും ഞാന്‍ നന്ദി പറയുന്നു. ഹൃദയംഗമമായ നന്ദി.
ഈ നന്ദിപ്രകടനത്തെ തുടര്‍ന്ന് പാപ്പാ ആദ്യം കെനിയ സന്ദര്‍ശനത്തെക്കുറിച്ചു പരാമര്‍ശിച്ചു:
നമ്മുടെ ഈ കാലഘട്ടത്തിന്‍റെ ആഗോള വെല്ലുവിളിയെ സമുചിതം പ്രതിനിധാനം ചെയുന്ന ഒരു നാടാണ് കെനിയ. പാപ്പാ തുടര്‍ന്നു: നീതിപൂര്‍വ്വകവും സാകല്യവും സ്ഥായിയുമായ ഒരു വികസനമായിരിക്കത്തക്കവിധം വികസനരീതിയെ പരിവര്‍ത്തനം ചെയ്തുകൊണ്ട് സൃഷ്ടിയെ പരിപാലിക്കുക എന്നതാണ് ആ വെല്ലു വിളി. ഇവയെല്ലാം തന്നെ ആഫ്രിക്കയുടെ കിഴക്കു ഭാഗത്തുള്ള ഏറ്റവും വലി നഗരമായ നയ്റോബിയില്‍, സമ്പന്നതയും ദാരിദ്യവും ഇടകലര്‍ന്നിരിക്കുന്ന ആ നഗരത്തില്‍ പ്രതിബിംബിക്കുന്നു. ഇതൊരു ഇടര്‍ച്ചയാണ്. ആഫ്രക്കയില്‍ മാത്രമല്ല ഇവിടെയും ഇതു കാണപ്പെടുന്നു. ഇത് നരകുലത്തിനുതന്നെ നാണക്കേടാണ്. നയ്റോബിയില്‍ ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി കാര്യാലയാസ്ഥാനവും ഞാന്‍ സന്ദര്‍ശിച്ചു.
"വിശ്വാസത്തില്‍ സുദൃഢരായിരിക്കുക,ഭയപ്പെടേണ്ട" എന്നതായിരുന്നു എന്‍റെ കെനിയ സന്ദര്‍ശനത്തിന്‍റെ മുദ്രാവാക്യം. എളിയവരും സാധരണക്കാരുമായ അനേകര്‍ ശ്രേഷ്ഠ ഔന്നത്യത്തോടെ അനുദിനം ജീവിക്കുന്ന വാക്കുകളാണിവ. കൈസ്തവരായിരുന്നതിനാല്‍ കഴിഞ്ഞ ഏപ്രില്‍ 2-ന് വധിക്കപ്പെട്ട ഗരിസ്സ സര്‍വ്വകലാശാലയിലെ യുവാക്കള്‍ ദാരുണമായും ഒപ്പം വീരോചിതമായും സാക്ഷ്യമേകിയ വചനങ്ങളാണവ. അവരുടെ രക്തം കെനിയയ്ക്കും, ആഫ്രിക്കയ്ക്കും അഖിലലോകത്തിനും സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും വിത്താണ്.
ഉഗാണ്ടയിലെ എന്‍റെ സന്ദര്‍ശനം അന്നാട്ടുകാരായ നിണസാക്ഷികളുടെ സ്മരണയിലായിരുന്നു. വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പാ ഈ നിണസാക്ഷികളെ വിശുദ്ധരായി പ്രഖ്യാപിച്ച ചരിത്രസംഭവം 50 വര്‍ഷം മുമ്പാണ് നടന്നത്. ആകയാല്‍ "നിങ്ങള്‍ എനിക്ക് സാക്ഷികളായിരിക്കും" എന്നതായിരുന്നു എന്‍റെ അന്നാടു സന്ദര്‍ശനത്തിന്‍റെ മുദ്രാവാക്യം.സമൂഹത്തിനു മുഴുവന്‍ പ്രത്യാശയുടെ പുളിമാവായിരിക്കുന്നതിന് വിശ്വാസത്തിന്‍റെയും ഉപവിയുടെയും സാക്ഷ്യമാകുന്നതില്‍ സ്ഥിരതയുള്ളവരായിരിക്കാന്‍ ഞാന്‍ അവിടത്തെ ക്രൈസ്തവ സമൂഹത്തിന് പ്രോത്സാഹനം പകര്‍ന്നു.
ഭൂമിശാസ്ത്രപരമായി ആഫ്രിക്ക ഭൂഖണ്ഡത്തിന്‍റെ ഹൃദയഭാഗത്തു വരുന്ന മദ്ധ്യാഫ്രിക്കന്‍ റിപ്പബ്ലിക്കിലായിരുന്നു സന്ദര്‍ശനത്തിന്‍റെ മൂന്നാം ഘട്ടം. ഈ നാടു സന്ദര്‍ശനമായിരുന്നു വാസ്തവത്തില്‍ എന്‍റെ മനസ്സില്‍ പ്രഥമ സ്ഥാനത്ത്. കാരണം, ഘോര സംഘര്‍ഷങ്ങളുടെയും ജനങ്ങളുടെ നിരവധിയായ സഹനങ്ങളുടെയുമായ ഏറെ ദുഷ്ക്കരമായ ഒരു ഘട്ടത്തില്‍നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുന്ന ഒരു നാടാണത്. അതു കൊണ്ടാണ് അവിടെ, ബാംഗ്വിയില്‍, കരുണയുടെ ജൂബിലിയുടെ പ്രഥമ വിശുദ്ധവാതില്‍, അവിടത്തെ ജനങ്ങളുടെ വിശ്വാസ ത്തിന്‍റെയും പ്രത്യാശയുടെയും അടയാളമായും, മോചനവും സാന്ത്വനവും ആവശ്യമുള്ള സകല ആഫ്രിക്കന്‍ ജനതയ്ക്കും പ്രതീകമായും, ഒരാഴ്ച മുമ്പു ഞാന്‍ തുറന്നത്.
"നമുക്ക് മറുകരയ്ക്കു പോകാം" എന്ന യേശു ശിഷ്യന്മാര്‍ക്കേകുന്ന ക്ഷണം ആയിരുന്നു മദ്ധ്യാഫ്രിക്കയയില്‍ സന്ദര്‍ശന മുദ്രാവാക്യം. യുദ്ധവും പിളര്‍പ്പുകളും യാതനകളും ഉപേക്ഷി
ച്ച് ശാന്തിയും അനുരഞ്ജനവും പുരോഗതിയും തിരഞ്ഞെടുക്കുക എന്നാണ് ഇവിടെ ഇതിനര്‍ത്ഥം. വ്യക്തികളുടെ മനസ്സാക്ഷികളിലും മനോഭാവങ്ങളിലും ഉദ്ദേശ്യങ്ങളിലുമുള്ള മാറ്റം ഈ 'കടക്കലി'ല്‍ അടങ്ങിയിരിക്കുന്നു.
ഇവിടെ മതവിഭാഗങ്ങളുടെ പിന്തുണ നിര്‍ണ്ണായകമാണ്. അതുകൊണ്ടു തന്നെയാണ് എവഞ്ചേലിക്കല്‍ സമൂഹ
വുമായും മുസ്ലീങ്ങളുമായും ഞാന്‍ കൂടിക്കാഴ്ച നടത്തിതും. വിശുദ്ധ അന്ത്രയോസിന്‍റെ തിരുന്നാള്‍ ദിനത്തില്‍ ബാംഗ്വിയിലെ സ്റ്റേഡിയത്തില്‍ അര്‍പ്പിച്ച ദിവ്യബലി വിസ്മയകരമായിരുന്നു. ആ സ്റ്റേഡിയം നിറയെ യുവജനങ്ങളായിരുന്നു. മദ്ധ്യാഫ്രിക്കന്‍ റിപ്പബ്ലിക്കലെ നിവാസികളില്‍ പകുതിയിലേറെയും 18 വയസ്സില്‍ താഴെ പ്രായമുള്ളവരാണ്. അത് മുന്നേറ്റത്തിനുള്ള ഒരു വാഗ്ദാനമാണ്.
സകലതും ഉപേക്ഷിച്ച് പ്രേഷിതജോലിയിലേര്‍പ്പെട്ടിരിക്കുന്നവരെ പ്രത്യേകം അനുസ്മരിച്ച പാപ്പാ മറ്റുള്ളവാര്‍ക്കായി ജീവിതം ഉഴിഞ്ഞു വയ്ക്കുകയും ക്രിസ്തുവിനെ പ്രഘോഷിക്കുന്നതിനായി സ്വയം എരിഞ്ഞു തീരുകയും ചെയ്യുന്നവരായ പ്രേഷിതരുടെ ധീരതയെ പ്രകീര്‍ത്തിച്ചു. പ്രേഷിതപ്രവര്‍ത്തനം മതപരിവര്‍ത്തനമല്ല സാക്ഷ്യമേകലാണ് എന്ന ഉദ്ബോധനം പാപ്പാ ആവര്‍ത്തിച്ചു. വിശ്വാസം പ്രഥമതഃ പ്രഘോഷിക്കുന്നത് സാക്ഷ്യത്താലാണെന്നും പീന്നീടാണ് സാവധാനം വചനം കടന്നുവരുന്നതെന്നും പാപ്പാ പറഞ്ഞു.
ഇറ്റാലിയന്‍ ഭാഷയിലായിരുന്ന തന്‍റെ മുഖ്യ പ്രഭാഷണം പാപ്പാ ഉപസംഹകരിച്ചത് ഈ വാക്കുകളിലാണ്:
ആഫ്രിക്കയുടെ മണ്ണില്‍ നടത്തപ്പെട്ട ഈ തീര്‍ത്ഥാടനത്തിന്‍ നമുക്കൊരുമിച്ച് കര്‍ത്താവിനെ സ്തുതിക്കാം. "നിങ്ങള്‍ ദൃഢ വിശ്വാസമുള്ളവരായിരിക്കുവിന്‍, ഭയപ്പെടേണ്ട / നീങ്ങള്‍ എനിക്ക് സാക്ഷികളായിരിക്കും / നമുക്ക് മറുകരയിലേക്കു പോകാം" എന്നീ ആദര്‍ശ വാക്യങ്ങളാല്‍ നയിക്കപ്പെടാന്‍ നമുക്ക് നമ്മെത്തന്നെ വിട്ടു കൊടുക്കാം. നന്ദി.
ഇറ്റാലിയന്‍ ഭാഷയിലായിരുന്ന പ്രഭാഷണം അവസാനിച്ചതിനെ തുടര്‍ന്ന് അതിന്‍റെ സംഗ്രഹം വിവിധ ഭാഷകളില്‍ വായിക്കപ്പെട്ടു.
നമ്മുടെ വിശ്വാസത്തിന് ഉപരിയായ ഉത്സാഹത്തോടും ബോധ്യത്തോടുംകൂടെ സാക്ഷ്യമേകുന്നതിനും ലോകത്തില്‍ പിതാവിന്‍റെ സ്നേഹത്തിന്‍റെ സജീവ അടയാളമായിരിക്കുന്നതിനുമുള്ള പുതിയൊരു യത്നമായി കരുണയുടെ ജൂബിലി ഭവിക്കട്ടെയെന്ന് അറബിഭാഷാക്കാരായ തീര്‍ത്ഥടകരെ സംബോധന ചെയ്യവെ പാപ്പാ ആശംസിച്ചു.
ഇക്കഴിഞ്ഞ ഞായറാഴ്ച ആഗമനകാലം ആരംഭിച്ചതനുസ്മരിച്ച പാപ്പാ, ദൈവപിതാവിന്‍റെ കരുണയുടെ വദനമായ യേശുവിന്‍റെ പിറവിത്തിരുന്നാളിനുള്ള ഒരുക്കം, സഹായം ആവശ്യമുള്ളവരില്‍ കൂടുതല്‍ ശ്രദ്ധയൂന്നിക്കൊണ്ട്, കരുണയുടെ ജൂബിലിയുടെ പശ്ചാലത്തില്‍, ഉപവിയുടെ അരൂപിയില്‍, ജീവിക്കാന്‍ എല്ലാവരെയും ക്ഷണിച്ചു.
പൊതുകൂടിക്കാഴ്ചാ പരിപാടിയുടെ അവസാനഭാഗത്ത് യുവജനങ്ങളെയും രോഗികളയും നവദമ്പതികളെയും പ്രത്യേകം സംബോധന
ചെയ്ത പാപ്പാ സംഭാഷണത്തിന്‍റെയും പരസ്പരധാരണയുടെയും പരിപോഷകാരാ
കാന്‍ സമാധാനത്തിന്‍റെ ദൈവം യുവതയ്ക്ക്
പ്രചോദനം പകരട്ടെയെന്ന് ആശംസിച്ചു.
Source: Vatican Radio