News >> ആഫ്രിക്കയില്‍ പെയ്തിറങ്ങിയ കാരുണ്യവര്‍ഷം
ആഫ്രിക്കയില്‍ പാപ്പാ തുറന്ന ജൂബിലികവാടം പാവങ്ങള്‍ക്കുള്ള കാരുണ്യവര്‍ഷമാണെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ് ഫാദര്‍ ഫെദറിക്കോ ലൊമ്പാര്‍ഡി.ആഗോളസഭയുടെ ജൂബിലി ആരംഭിക്കുന്നത് ഡിസംബര്‍ 8-ാം തിയതിയാണെങ്കിലും നവംബര്‍ 30-ാം തിയതി പാപ്പാ ഫ്രാന്‍സിസ് മദ്ധ്യാഫ്രിക്കന്‍ റിപ്പബ്ലിക്കിന്‍റെ തലസ്ഥാനമായ ബാംഗ്വിയില്‍ തുറന്ന ജൂബിലകവാടം, ബഹുഭൂരിപക്ഷം പാവങ്ങളായ ആഫ്രിക്കന്‍ ജനതയ്ക്ക് ദൈവത്തിന്‍റെ കാരുണ്യവര്‍ഷം സവിശേഷമായി നല്കുന്നതായിരുന്നുവെന്നും പാപ്പായുടെ കൂടെ ആഫ്രിക്ക സന്ദര്‍ശിച്ച ഫാദര്‍ ലൊമ്പാര്‍ഡി വ്യക്തമാക്കി.ഡിസംബര്‍ 1-ാം തിയതി ചൊവ്വാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് പാപ്പായുടെ ആഫ്രിക്ക അപ്പസ്തോലിക പര്യടനത്തിന്‍റെ വിശദാംശങ്ങള്‍ ഫാദര്‍ ലൊമ്പാര്‍ഡി വെളിപ്പെടുത്തിയത്. ബാംഗ്വി അതിരൂപതയുടെ
നോട്ടര്‍-ഡാം ഭദ്രാസന ദേവാലയത്തിലാണ് ലോകത്തെ പ്രഥമ ജൂബിലികവാടം പാപ്പാ ഫ്രാന്‍സിസ് തുറന്നത്. അങ്ങനെ ബാംഗ്വി ലോകത്തിന്‍റെ ആത്മീയ തലസ്ഥാനമായെന്നും, ദൈവികകാരുണ്യത്തിന്‍റെ വര്‍ഷം ഭൂമിയില്‍ അതോടെ തുറക്കപ്പെടുകയാണെന്നും, ജൂബിലകവാടം ആഫ്രിക്കന്‍ ജനങ്ങള്‍ക്കായി തള്ളിത്തുറന്നുകൊണ്ട് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചതായി ഫാദര്‍ ലൊമ്പാര്‍ഡി സാക്ഷ്യപ്പെടുത്തി.വര്‍ഷങ്ങളായി യുദ്ധവും വെറുപ്പും, തെറ്റിദ്ധാരണയും, അസമാധാനവും അനുഭവിക്കുന്ന ജനതയാണിതെന്നും, സംഘര്‍ഷഭൂമിയിലെ പാവങ്ങള്‍ കുരിശു വഹിക്കുന്നവരാണെന്നും, അവിടെ ദൈവപിതാവിന്‍റെ കാരുണ്യകവാടം തുറക്കപ്പെടുകയായെന്നും തദവസരത്തില്‍ പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചത് ഫാദര്‍ ലൊമ്പാര്‍ഡി അഭിമുഖത്തില്‍ വെളിപ്പെടുത്തി.ദൈവത്തോട് താന്‍ അവിടെ യാചിച്ചത് ആ നാടിനും ഭൂഖണ്ഡത്തിനുംവേണ്ട സ്നേഹവും സമാധാനവുമാണെന്ന് പാപ്പാ പ്രസ്താവിച്ചു. ജൂബിലി വര്‍ഷത്തിന്‍റെ പ്രഥമ പരിപാടി ആഫ്രിക്കയിലെ സാധാരണക്കാരുടെ ഇടയില്‍ നടത്തിയതിന്‍റെ ആത്മീയാനുഭൂതിയില്‍ പ്രാര്‍ത്ഥിച്ച പാപ്പാ പ്രാദേശിക ഭാഷ സാംഗോയില്‍... 'ദോയെ സിരീരി!' (Doy Siriri!) സ്നേഹവും സമാധാനവും!.... എന്ന് ഉറക്കെ വിളിച്ചപേക്ഷിച്ചപ്പോള്‍ തിങ്ങിനിന്ന ആയിരങ്ങള്‍ അത് ഹൃദ്യമായ പ്രര്‍ത്ഥനയായി മാനം മുട്ടെ ആവര്‍ത്തിച്ചെന്നും ഫാദര്‍ ലൊമ്പാര്‍ഡി അഭിമുഖത്തില്‍ പങ്കുവച്ചു.Source: Vatican Radio