News >> കാരുണ്യത്തിന്‍റെ ജൂബിലി ദൈവാത്മാവിന്‍റെ പ്രചോദനമെന്ന് പാപ്പാ ഫ്രാന്‍സിസ്
ദൈവാരൂപിയാണ് തന്നെ കാരുണ്യത്തിന്‍റെ ജൂബിലിയിലേയ്ക്കു നയിച്ചതെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.ഇറ്റാലിയന്‍ ഭാഷയില്‍ ഇറങ്ങുന്ന Pauline പ്രസാധകരുടെ 'Credere' ( ക്രെദെരെ = വിശ്വസിക്കാന്‍ ) എന്ന ആഴ്ചപ്പതിപ്പിനു നല്കിയ അഭിമുഖത്തിലാണ് കാരുണ്യത്തിന്‍റെ ജൂബിലി വര്‍ഷത്തിന് തനിക്കു ലഭിച്ച പ്രചോദനത്തെക്കുറിച്ച് പാപ്പാ തുറന്നു സംസാരിച്ചത്.ക്രൂരതയല്ല, വിധിക്കലുമല്ല; ധാര്‍മ്മിക അളവുകോലുകള്‍വച്ച് മനുഷ്യരെ ശിക്ഷിക്കുകയുമല്ല സഭയുടെ രീതി. മറിച്ച്, ദൈവം കാരുണ്യവാനായ പിതാവാണെന്ന് നവയുഗത്തിലെ ജനങ്ങളെ അറിയിക്കണമെന്ന ഉള്‍ക്കാഴ്ച തനിക്കു ലഭിച്ചത് പരിശുദ്ധാത്മാവില്‍നിന്നാണെന്ന് പാപ്പാ ഫ്രാന്‍സിസ് അഭിമുഖത്തില്‍ വെളിപ്പെടുത്തി.ആയുധങ്ങളുടെ നിര്‍മ്മാണം, അതിന്‍റെ വിപണനം, കുട്ടികളുടെ പീഡനം, അടിമത്വത്തിന്‍റെ പുതിയ മുഖമായ മനുഷ്യക്കച്ചവടം, മനുഷ്യന്‍റെ നവമായ മറ്റു തിന്മകള്‍, എല്ലാം മാനവികതയ്ക്കുതന്നെ എതിരായ നിന്ദയും, ദൈവനിന്ദയുമാണ്. അതില്‍നിന്ന് വ്യക്തികളെയും കുടുംബങ്ങളെയും മോചിക്കാനായാല്‍ ലോകത്ത് നന്മയുടെ വെളിച്ചം പങ്കുവയ്ക്കാനാകുമെന്ന വിശ്വാസവും ബോധ്യവുമാണ് തന്നെ കാരുണ്യത്തിന്‍റെ ജൂബിലിവര്‍ഷം പ്രഖ്യാപിക്കാന്‍ പ്രേരിപ്പിച്ചതെന്ന് പാപ്പാ അഭിമുഖത്തില്‍ വ്യക്തമാക്കി. ആധുനിക സഭാചരിത്രത്തില്‍ വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍, വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ എന്നീ പാപ്പാമാര്‍ ദൈവികകാരുണ്യത്തെപ്പറ്റി സഭാമക്കളെ അനുസ്മരിപ്പിച്ച ചരിത്രമുഹൂര്‍ത്തങ്ങള്‍ പാപ്പാ അഭിമുഖത്തില്‍ അനുസ്മരിച്ചു.Source: Vatican Radio