News >> ബഹുഭൂരിപക്ഷം പാവങ്ങളെ ബാധിക്കുന്ന കാലാവസ്ഥ വ്യതിയാനം


കാലാവസ്ഥ വ്യതിയാനം ഏറ്റവും അധികം സ്വാധീനിക്കുന്നത് പാവങ്ങളെയാണെന്ന് FAO - യുടെ ഡയറക്ടര്‍ ജനറല്‍, ഹൊസെ ഗ്രാത്സിയാനോ ഡിസില്‍വ പ്രസ്താവിച്ചു.

നവംബര്‍ 30-ന് പാരീസില്‍ ആരംഭിച്ചിരിക്കുന്ന കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച ഉച്ചകോടി സമ്മേളനത്തി (COP21)ലാണ് അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചത്.

കലാവസ്ഥാവ്യതിയാനം ഏറ്റവും കൂടുതല്‍ വ്രണപ്പെടുത്തുന്നത് ലോകത്ത്  80 ശതമാനംവരുന്ന ഗ്രാമീണരും കര്‍ഷകരുമായ ജനവിഭാഗത്തെയാണെന്നും, അതിനാല്‍ സുസ്ഥിതിവികസനം, സമാധാനം, കാലാവസ്ഥാ വ്യതിയാനം എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതും പരസ്പര പൂരിതമായി പരിഗണിക്കേണ്ടതുമായ പ്രശ്നങ്ങളാണെന്ന് ലോക ഭക്ഷ്യസംഘടനയുടെ പ്രധാനി ഗ്രാത്സിയാനോ രാഷ്ട്രനേതാക്കളെ ചൂണ്ടിക്കാട്ടി.

ലോകജനതയുടെ ബഹുഭൂരിപക്ഷവും അവികസിതമായ അവസ്ഥയിലായിരിക്കുകയും, വിശപ്പിലും കൊടും ദാരിദ്ര്യത്തിലും ഇന്നും കഴിയുകയും ചെയ്യുമ്പോള്‍ ലോകസമാധാനം ഒരു വിദൂരസ്വപ്നമാണെന്ന് ഡിസംബര്‍ ഒന്നാം തിയതി അവതരിപ്പിച്ച പ്രബന്ധത്തിന് ആമുഖമായി ഗ്രാത്സിയാനോ പ്രസ്താവിച്ചു.

സമൂഹത്തില്‍ ബഹുഭൂരിപക്ഷമായ പാവപ്പെട്ടവരെയാണ് കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് എന്നു മനസ്സിലാക്കുമ്പോള്‍, യുഎന്‍ പദ്ധതിയൊരുക്കുന്ന പ്രതിവിധി- പിന്‍തുണ-തിരിച്ചുവരല്‍ പരിപാടിയില്‍ (A2R Resilence Program) കര്‍ഷകരും പാവങ്ങളുമായവരാണ് കൂടുതല്‍ പരിഗണിക്കപ്പെടേണ്ടതെന്നും ഗ്രാത്സിയാനോ സമ്മേളനത്തോട് അഭ്യര്‍ത്ഥിച്ചു.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായിട്ട് കാലാവസ്ഥാ വ്യതിയാനം കാരണമുണ്ടാകുന്ന വരള്‍ച്ച, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ് മുതലായ പ്രകൃതിക്ഷോഭങ്ങള്‍ അവയുടെ ശക്തിയില്‍ ഊര്‍ജ്ജിതപ്പെട്ടിരിക്കുന്നതിനാല്‍ അവ കാരണമുണ്ടാകുന്ന ദുരന്തങ്ങളും ആനുപാതികമായി ഭീകരമാണെന്നും രാജ്യങ്ങളുടെ, പ്രത്യേകിച്ച് വികസ്വര രാഷ്ട്രങ്ങളുടെ സാമ്പത്തികാവസ്ഥയെ അത് ഏറെ ബാധിക്കുന്നുണ്ടെന്നും FAO-യുടെ കണക്കുകളുടെ അടിസ്ഥാനത്തില്‍ ഗ്രാത്സിയാനോ സമ്മേളനത്തെ ബോധ്യപ്പെടുത്തി.

COP21 സമ്മേളനം ഡിസംബര്‍ 11-ാം തിയതി സമാപിക്കും.

Source: Vatican Radio