News >> റബര്‍ കര്‍ഷകരുടെ ദുരിതം ആരുടെയും പ്രശ്നമല്ലേ?

സഹതപിക്കാന്‍പോലും ആരുമില്ലാത്തവരായിപ്പോയോ കേരളത്തിലെ റബര്‍ കര്‍ഷകര്‍? പരിത്യക്തരായ ഒരു ജനതയായി സംസ്ഥാനത്തെ റബര്‍ കര്‍ഷകര്‍ മാറിക്കഴിഞ്ഞോ? വിലത്തകര്‍ച്ചയുടെ കെടുതികള്‍ക്കിരയായ ആ കര്‍ഷകജനതയോടു കേന്ദ്ര-സംസ്ഥാന ഭരണാധികാരികളും വിവിധ രാഷ്ട്രീയപ്രസ്ഥാനങ്ങളും ഒക്കെ പുലര്‍ത്തുന്ന നിസംഗതയും നിര്‍മമതയും ഇത്തരം ചോദ്യങ്ങളെ അനിവാര്യമാക്കുന്നു.

നാലഞ്ചു വര്‍ഷമായി റബര്‍വില താഴോട്ടു പോരുകയാണ്. കിലോഗ്രാമിന് 260 രൂപയ്ക്കു മുകളില്‍നിന്ന് ഇടിഞ്ഞ റബര്‍വില ഇപ്പോള്‍ 100 രൂപയുടെ ചുറ്റുവട്ടത്തായി. ചില സ്ഥലങ്ങളില്‍ നൂറിനും താഴെയേ കര്‍ഷകര്‍ക്കു ലഭിക്കുന്നുള്ളൂ. ഉത്പാദനച്ചെലവ് കിലോഗ്രാമിന് 160 രൂപയിലധികമാണെന്നു കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അതായത് ഇപ്പോഴത്തെ വിലയ്ക്കു റബര്‍ വില്‍ക്കുന്ന കര്‍ഷകര്‍ക്ക് ഓരോ കിലോഗ്രാമിലും 60 രൂപയിലധികം നഷ്ടമുണ്ട്.

വില്പന നഷ്ടമാണെങ്കില്‍ ഉത്പാദനം വേണ്െടന്നുവയ്ക്കുകയാകും കര്‍ഷകര്‍ ചെയ്യുക. കേരളത്തില്‍ അതാണു സംഭവിച്ചത്. നാലു വര്‍ഷം മുന്‍പ് എട്ടു ലക്ഷം ടണ്ണിലധികമായിരുന്നു സംസ്ഥാനത്തെ റബര്‍ ഉത്പാദനം. സാധാരണഗതിയിലാണെങ്കില്‍ അത് ഇപ്പോള്‍ ഒന്‍പതു ലക്ഷം ടണ്ണില്‍ അധികമാകേണ്ടതാണ്. പക്ഷേ സംഭവിച്ചതു മറിച്ചാണ്. ടാപ്പിംഗ് വേണ്െടന്നു വച്ചും ടാപ്പിംഗ് കുറച്ചും റബറിന്റെ പരിപാലനം കുറച്ചും ആവര്‍ത്തനകൃഷി വൈകിച്ചും വേണ്െടന്നു വച്ചുമൊക്കെ കര്‍ഷകര്‍ ഉത്പാദനം കുറച്ചു. ഈവര്‍ഷം ഉത്പാദനം അഞ്ചരലക്ഷം ടണ്ണേ വരൂ എന്നാണു വ്യാപാരമേഖലയിലുള്ളവര്‍ കണക്കാക്കുന്നത്.

നാലുവര്‍ഷം മുന്‍പത്തേതില്‍നിന്നു രണ്ടര ലക്ഷം ടണ്‍ കുറവ്. സ്വാഭാവികമായി ഇപ്പോള്‍ ഉണ്ടാകേണ്ടിയിരുന്ന വര്‍ധന സംഭവിച്ചെങ്കില്‍ വേണ്ട ഒന്‍പതു ലക്ഷം ടണ്‍ ഉത്പാദനത്തെ അപേക്ഷിച്ചു നോക്കുമ്പോള്‍ മൂന്നര ലക്ഷം ടണ്‍ കുറവ്. ഇതു സംസ്ഥാനത്തിനും ഇവിടത്തെ കര്‍ഷകര്‍ക്കും വരുത്തിയ നഷ്ടം എത്ര വലുതാണെന്നു സംസ്ഥാന സര്‍ക്കാര്‍ കണക്കാക്കിയിട്ടുണ്േടാ എന്നറിയില്ല. റബറിന് 260 രൂപ വിലയുണ്ടായിരിക്കുകയും ഉത്പാദനം ഒന്‍പതു ലക്ഷം ടണ്‍ ആവുകയും ചെയ്താല്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് 23,400 കോടി രൂപ ലഭിക്കുമായിരുന്നു. ആ സ്ഥാനത്ത് ഇന്ന് അഞ്ചര ലക്ഷം ടണ്‍ റബറിനു കിലോഗ്രാമിന് 100 രൂപ വച്ച് കിട്ടുന്നത് 5,500 കോടി രൂപ മാത്രം. 17,900 കോടി രൂപ കുറവ്. 

റബര്‍ മേഖലയിലെ വരുമാനത്തിലുണ്ടായ ഈ ഭീമമായ ഇടിവിന്റെ പ്രത്യാഘാതം അധികാരികള്‍ ഗൌരവമായി എടുത്തിട്ടില്ല. വിലയായി കിട്ടുന്ന തുകയില്‍നിന്നാണു റബറിന്റെ നികുതിയും റബറുമായി ബന്ധപ്പെട്ട തൊഴിലാളികളുടെ വേതനവും ഒക്കെ ഉണ്ടാകുന്നത്. ഈ പണം ഉപയോഗിച്ചു സാധനങ്ങള്‍ വാങ്ങുകയും നിര്‍മാണങ്ങള്‍ നടത്തിക്കുകയും ചെയ്യുമ്പോള്‍ വീണ്ടും നാട്ടിലെ സമ്പദ്ഘടനയില്‍ ചലനമുണ്ടാകുന്നു, തൊഴിലും വരുമാനവും ഉണ്ടാകുന്നു. ഇതെല്ലാം നഷ്ടമായിട്ടും ഒന്നും സംഭവിച്ചില്ലെന്ന മട്ടിലാണ് ഭരണാധികാരികളും ജനസാമാന്യത്തിന്റെ വിഷമങ്ങള്‍ ഉന്നയിച്ചു പരിഹാരം തേടേണ്ട വിവിധ പ്രസ്ഥാനങ്ങളും കഴിയുന്നത്.

പട്ടാളഭരണത്തിലുള്ള തായ്ലന്‍ഡ് ചെയ്യുന്നതുമായി താരതമ്യപ്പെടുത്തുമ്പോഴാണ് കേരളത്തില്‍ റബര്‍ കര്‍ഷകരോടുള്ള അവഗണനയുടെ വലുപ്പം മനസിലാകുക. കഴിഞ്ഞ മാസമാദ്യം തായ് സര്‍ക്കാര്‍ റബര്‍ കര്‍ഷകര്‍ക്ക് ഹെക്ടറിന് 41,000 രൂപ വരുന്ന ധനസഹായം പ്രഖ്യാപിച്ചു. 0.17 ഹെക്ടര്‍ വരുന്ന ഒരു റായി കൃഷിഭൂമിക്ക് 1500 ബാഹ്ത് (ഏകദേശം 42.2 ഡോളര്‍) ആണ് നല്‍കുന്നത്. പരമാവധി 15 റായി (ഒരു ഹെക്ടര്‍) കൃഷിസ്ഥലത്തിനാണ് ഇതു കിട്ടുക. ആ തുകയാണ് 41,000 രൂപ. ഏറ്റവുമധികം റബര്‍ ഉത്പാദിപ്പിക്കുന്ന തായ്ലന്‍ഡിലാണ് ഇത്. ഇന്ത്യയിലേക്കാള്‍ വളരെ കുറഞ്ഞ വിലയ്ക്കാണ് തായ്ലന്‍ഡില്‍ റബര്‍ വില്‍ക്കുന്നത്. പക്ഷേ, റബര്‍ വിലയിടിവ് ആഗോള പ്രതിഭാസമാണെന്നു പറഞ്ഞ് വെറുതേ ഇരിക്കുകയല്ല അവിടത്തെ ഭരണാധികാരികള്‍ ചെയ്യുന്നത്. അവിടത്തെ കര്‍ഷകസംഘടനകളുടെ ഫെഡറേഷന്‍ ഒരു റായി സ്ഥലത്തിന് 1250 ബാഹ്ത് ധനസഹായം ചോദിച്ചപ്പോള്‍ 1500 ബാഹ്ത് സഹായം അനുവദിച്ചു. ഇയാഴ്ച ധനസഹായവിതരണം തുടങ്ങും. 2,400 കോടി രൂപ ഈയിനത്തില്‍ കര്‍ഷകര്‍ക്കു നല്‍കാനാണു പട്ടാള ഭരണകൂടം തയാറായിരിക്കുന്നത്.

കേരളത്തില്‍ കര്‍ഷകര്‍ക്ക് ഒരു കിലോഗ്രാം റബറിനു 150 രൂപ ഉറപ്പാക്കാന്‍വേണ്ടി നീക്കിവച്ച 300 കോടി രൂപയുടെ പത്തു ശതമാനംപോലും ഇതുവരെ വിതരണം ചെയ്തിട്ടില്ല എന്നാണറിയുന്നത്. അപേക്ഷിച്ചവരില്‍ വളരെ ചെറിയൊരു പങ്കിനു മാത്രമാണ് ഇതുവരെ സഹായപദ്ധതിയില്‍നിന്നു പണം നല്‍കിയത്.

റബര്‍ കര്‍ഷകര്‍ക്കുള്ള സഹായപദ്ധതി നടപ്പാക്കാത്തതില്‍ ആശങ്കപ്പെടാനോ അതിനു പരിഹാരം തേടാനോപോലും ആരുമില്ലെന്നു വന്നിരിക്കുന്നു. സംസ്ഥാനത്തെ പത്തു ലക്ഷത്തോളം റബര്‍ കര്‍ഷകരും അവരെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളും തൊഴിലാളികളും ഒന്നും സംസ്ഥാനത്ത് ആരുടെയും ചിന്താവിഷയമാകുന്നില്ലേ? അവര്‍ ഇവിടത്തെ പൌരസഞ്ചയത്തിന്റെ ഭാഗവും വോട്ടര്‍മാരുമല്ലേ? റബര്‍ കൃഷിചെയ്തുപോയതുകൊണ്ട് അവരുടെ നേര്‍ക്ക് ഒരു പരിഗണനയും വേണ്െടന്നോ? റബര്‍ വിലയിടിവ് ആഗോള പ്രതിഭാസമാണെങ്കിലും അതിന്റെ പേരിലുള്ള ദുരിതം ഇന്നാട്ടിലെ ജനങ്ങള്‍ക്കാണ് എന്നതു മറക്കരുത്. അവര്‍ക്ക് ഏതു വിധേനയും സഹായം എത്തിക്കുന്നതാകണം ജനകീയ സര്‍ക്കാരിന്റെ ഉന്നം. അതില്‍ വീഴ്ച വന്നാല്‍ ജനകീയം എന്ന പേരിനുള്ള അര്‍ഹതപോലും സര്‍ക്കാരിന് ഇല്ലാതാകും. ദുരിതകാലത്ത് സഹായത്തിനു തയാറാകുന്നവരെ ജനം ഓര്‍മിക്കുന്നതുപോലെതന്നെ സഹായിക്കാത്തവരെയും ഓര്‍ത്തിരിക്കും എന്നതു മറക്കരുത്. Source: Deepika