News >> കരുണയുടെ ജൂബിലിവര്‍ഷം: പുസ്തകം പ്രകാശനം ചെയ്തു
വടവാതൂര്‍: കരുണയുടെ വര്‍ഷാചരണത്തിന്റെ അര്‍ഥലക്ഷ്യങ്ങളെക്കുറിച്ചു ചര്‍ച്ചചെയ്യുന്ന പുസ്തകം വടവാതൂര്‍ സെമിനാരിയില്‍നിന്നു പുറത്തിറങ്ങി. പൌരസ്ത്യവിദ്യാപീഠത്തിലെ ബൈബിള്‍ പ്രഫസറായ ഫാ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേലാണ് പുസ്തകം എഡിറ്റുചെയ്തിരിക്കുന്നത്.

280 പേജുകളുള്ള പുസ്തകത്തിന് രണ്ടു ഭാഗങ്ങളുണ്ട്. ഫ്രാന്‍സിസ് പാപ്പായുടെ കാരുണ്യത്തിന്റെ മുഖം എന്ന ശ്ളൈഹികലേഖനത്തെക്കുറിച്ചുള്ള വിശകലനം കൂടാതെ, പതിനൊന്നു ലേഖനങ്ങളാണ് ആദ്യഭാഗത്തുള്ളത്. കാരുണ്യത്തിന്റെ തത്ത്വശാസ്ത്രപരവും മനഃശാസ്ത്രപരവുമായ അപഗ്രഥനങ്ങളും ഇക്കുട്ടത്തിലുണ്ട്. രണ്ടാം ഭാഗത്ത്, നമ്മുടെ ഇന്നത്തെ സമൂഹത്തില്‍ സജീവമായിരിക്കുന്ന കാരുണ്യത്തിന്റെ പ്രായോഗിക മുഖങ്ങളാണ്. 

കാരുണ്യമേഖലയില്‍ വര്‍ഷങ്ങളായി വലിയ ത്യാഗത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ തന്നെയാണ് പത്തൊമ്പതു ലേഖനങ്ങള്‍ എഴുതുന്നത്. അനുഭവത്തിന്റെ ചൂട് ഈ ലേഖനങ്ങളുടെ മാറ്റു വര്‍ദ്ധിപ്പിക്കുന്നു. 2016 നവംബര്‍ 20 വരെ നീണ്ടുനില്ക്കുന്ന വിശുദ്ധവര്‍ഷത്തില്‍ വായിക്കാനും പ്രചോദനം ഉള്‍ക്കൊള്ളാനും സഹായിക്കുന്നതാണ് ഇതിലെ ഓരോ ലേഖനവും. 

കാരുണ്യവര്‍ഷാചരണത്തിനു ദിശാബോധവും വ്യക്തതയും നല്കുവാന്‍ ഈ ഗ്രന്ഥം ഏറെ സഹായിക്കുമെന്ന് സീറോ-മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു.കാരുണ്യത്തിന്റെ കരുതലുകള്‍ ശേഖരിക്കപ്പെട്ടിരിക്കുന്ന കലവറ എന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശേഷിപ്പിച്ചു. 

വില 150 രൂപ. കോപ്പികള്‍ വടവാതൂര്‍ സെമിനാരിയിലും പാലാ സെന്റ് തോമസ് ബുക്ക്സ്റാളിലും കാഞ്ഞിരപ്പള്ളി വിമലാ ബുക്കുഹൌസിലും ചങ്ങനാശ്ശേരി സെന്റ് ജോസഫ് ബുക്ക്സ്റാളിലും ലഭ്യമാണ്.
Source: Deepika