News >> സ്ത്രീകളുടെ പകരം വയ്ക്കാനാവാത്ത ദൗത്യം കുടുംബത്തില്‍


കുടുംബത്തിലും മക്കളുടെ ശിക്ഷണത്തിലും സ്ത്രീകളുടെ പകരംവയ്ക്കാനാവാത്ത പങ്ക് മാര്‍പ്പാപ്പാ ആവര്‍ത്തിച്ച് ചൂണ്ടിക്കാട്ടുന്നു.

     അല്മായര്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതി റോമില്‍ സംഘടിപ്പിച്ചിരിക്കുന്ന ദ്വിദിന അന്താരാഷ്ട്ര ചര്‍ച്ചാ യോഗത്തോടനുബന്ധിച്ച് ഈ സമിതിയുടെ അദ്ധ്യക്ഷനായ കര്‍ദ്ദിനാള്‍ സ്തനിസ്വാഫ് റയില്‍ക്കൊയ്ക്ക് (STANISLAW RYLKO) വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ ഫ്രാന്‍സിസ് പാപ്പായുടെ നാമത്തില്‍ ഒപ്പിട്ട് അയച്ച ആശംസാ സന്ദേശത്തിലാണ് സ്ത്രീകളടെ ദൗത്യത്തിന്‍റെ ശ്രേഷ്ഠതയെക്കുറിച്ചുള്ള പരാമര്‍ശമുള്ളത്.

     തൊഴിലിലിലേര്‍പ്പെട്ടിരിക്കുന്ന സ്ത്രീകള്‍ മാനവികതയാല്‍ സാന്ദ്രമായ സാമ്പത്തിക - രാഷ്ട്രീയ സംവിധാനങ്ങളുടെ നിര്‍മ്മിതിക്കേകുന്ന സാരവത്തായ സംഭാവനകളെ പാപ്പാ ശ്ലാഘിക്കുന്നു.

     തൊഴിലിന്‍റെയും കുടുംബത്തിന്‍റെയും ആവശ്യങ്ങളെ സമന്വയിപ്പിച്ചുകൊണ്ടു പോകുന്നതിനുള്ള സമൂര്‍ത്ത നിര്‍ദ്ദേശങ്ങളും ഭാവാത്മക മാതൃകകളും അവതരിപ്പിച്ചു കൊണ്ടാണ് അവര്‍ ഈ സംഭാവനയേകുന്നതെന്നും പാപ്പാ വ്യക്തമാക്കുന്നു.

      അല്മായര്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ വെള്ളി (04/12/15) ശനി (05/12/15) ദിവസങ്ങളില്‍ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിന് പാപ്പാ പ്രാര്‍ത്ഥന ഉറപ്പുനല്കുകയും ആശിസ്സേകുകയും ചെയ്യുന്നു.

Source: Vatican Radio