News >> ക്രിസ്തുവിനെ സ്നേഹിക്കുക, സ്നേഹിക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുക
ജനം സഭയോടുള്ള സ്നേഹത്തെപ്രതി ക്രിസ്തുവിനെയല്ല സ്വീകരിക്കുന്നത് മറിച്ച് ക്രിസ്തുവിനോടുള്ള സ്നേഹത്തെപ്രതി സഭയെയാണെന്ന് ധ്യാനപ്രാസംഗികനായ വൈദികന്‍ റനിയേരൊ കന്തലമേസ്സ.(RANIERO CANTALAMESSA) വത്തിക്കാനില്‍ ആഗമനകാല ധ്യാനപ്രഭാഷണ പരമ്പരയില്‍ ആദ്യത്തേതായിരുന്ന വെള്ളിയാഴ്ചത്തെ (04/12/15) പ്രസംഗത്തിലാണ് പേപ്പല്‍ ഭവനത്തിലെ ധ്യാനപ്രാസംഗികനും OFM കപ്പൂച്ചിന്‍ സമൂഹാംഗവുമായ അദ്ദേഹം ഇതു പറഞ്ഞത്. ഫ്രാന്‍സിസ് പാപ്പായുടെ സാന്നിധ്യത്തിലായിരുന്നു ഈ പ്രഭാഷണം. രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ പ്രമാണരേഖകളില്‍ ആദ്യത്തെതായ തിരുസഭയെ അധികരിച്ചുള്ള ലൂമെന്‍ ജന്‍സിയും (LUMEN GENTIUM) ആയിരുന്നു ഈ ധ്യാനപ്രസംഗത്തിനാധാരം. തന്‍റെ ഈ പ്രഭാഷണ പരമ്പര ഇത്തവണ രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ മുഖ്യ പ്രമാണരേഖകളായ, ലൂമെന്‍ ജന്‍സിയും, ആരാധനക്രമത്തെ സംബന്ധിച്ച സാക്രൊസാംക്തും കൊണ്‍ചീലിയും (SACROSANCTUM CONCILIUM), ദൈവവചനത്തെ അധികരിച്ചുള്ള ദേയി വെര്‍ബും (DEI VERBUM), ലോകത്തില്‍ സഭയുടെ ദൗത്യത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഗൗദിയും എത്ത് സ്പേസ് (GAUDIUM ET SPES) എന്നിവയെ അവലംബമാക്കുമെന്നും ഫാദര്‍ കന്തലമേസ്സ വ്യക്തമാക്കി. ക്രിസ്തുവിനെ സ്നേഹിക്കാനും അവിടത്തെ സ്നേഹിക്കുന്നതിന് മറ്റുള്ളവരെ പ്രേരിപ്പിക്കാനും നാം ശ്രമിക്കുകയാണെങ്കില്‍ നാം സഭയ്ക്ക് മെച്ചപ്പെട്ട സേവനം കാഴ്ചവയ്ക്കുകയായിരിക്കും ചെയ്യുകയെന്ന് അദ്ദേഹം പറഞ്ഞു.Source: Vatican Radio