News >> ജൂബിലി വര്‍ഷത്തേയ്ക്കുള്ള സുവിശേഷ സമാഹാരം പ്രകാശനംചെയ്തു


ജൂബിലിവര്‍ഷത്തേയ്ക്കുള്ള പ്രത്യേക സുവിശേഷ സമാഹാരം പാപ്പാ ഫ്രാന്‍സിസിനു സമ്മാനിച്ചു.

കാരുണ്യത്തിന്‍റെ ജൂബിലിവര്‍ഷത്തില്‍ ഉപയോഗിക്കുവാനുള്ള സുവിശേഷ വായനകളുടെ സമാഹാരമാണ്, Evangeliario della Misericordia എന്ന പേരില്‍ നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റും ജൂബിലിയാചരണത്തിന്‍റെ സംഘാടകനുമായ ആര്‍ച്ചുബിഷപ്പ് റൈനോ ഫിസിക്കേല ഡിസംബര്‍ 3-ാം തിയതി പാപ്പാ ഫ്രാന്‍സിസിനു സമര്‍പ്പിച്ചത്.

ദൈവികകാരുണ്യത്തെ മനുഷ്യന്‍ അഭിമുഖീകരിക്കുന്ന സുവിശേഷ ഭാഗങ്ങള്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്ന ഗ്രന്ഥം ജൂബിലിവര്‍ഷത്തിലെ ഞായറാഴ്ചകളിലും, തിരുനാളുകളിലും മറ്റ് പ്രത്യേക അവസരങ്ങളിലും ഉപയോഗിക്കുന്നതിനുവേണ്ടിയാണ് തയ്യാറാക്കിയിരിക്കുന്നത്.

ഇറ്റലിയുടെ ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയാണ് (Episcopal Conference of Italy) ഇതിന്‍റെ പ്രസാധകര്‍. പ്രശസ്ത ഇറ്റാലിയന്‍ ചിത്രകാരനും മൊസൈക്ക് ആര്‍ട്ടിസ്റ്റുമായ മാര്‍ക്കോ രൂപ്നിക്കിന്‍റെ ചിത്രണങ്ങള്‍ കാരുണ്യത്തിന്‍റെ സുവിശേഷത്തിന് വര്‍ണ്ണപ്പൊലിമ നല്‍കുന്നു. പ്രസിദ്ധീകരണത്തിന്‍റെ ആമുഖക്കുറിപ്പ് ആര്‍ച്ചുബിഷപ്പ് റൈനോ ഫിസിക്കേലയുടേതാണ്. ഡെമി -ല്‍ നിര്‍മ്മിച്ചിരിക്കുന്ന ഗ്രന്ഥത്തിന് 416 പേജുകളുണ്ട് (416 pages; Weight 2,310 grams; Height 33.5 cm; Width 25.5 cm; Depth 5 cm).

ആരാധനക്രമത്തിന്‍റെ ആഴവും ശ്രേഷ്ഠതയും വെളിപ്പെടുത്തുന്ന വിധത്തിലുള്ള രൂപഭംഗിയോടെയാണ് ഗ്രന്ഥം പ്രസാധകര്‍ ലഭ്യമാക്കിയിരിക്കുന്നത്. ഇപ്പോള്‍ ഇറ്റാലിയന്‍ ഭാഷയില്‍ ഒരുക്കിയിരിക്കുന്ന ഗ്രന്ഥം ഇതര ഭാഷാഗ്രൂപ്പുകള്‍ക്കും ദേശീയ മെത്രാന്‍ സമിതികള്‍ക്കും അനുകരണീയമാണ്. 

Source: Vatican Radio