News >> ഐക്യം സംജാതമാക്കുന്ന സേതുബന്ധം തീര്‍ക്കല്‍ ശ്രേഷ്ഠതമം: പാപ്പാ


 ഭിന്നിപ്പുള്ളിടത്ത് ഐക്യം സംജാതമാക്കുകയും, പുറന്തള്ളലിന്‍റെയും പാര്‍ശ്വവത്ക്കരണത്തിന്‍റെയും യുക്തി പ്രബലപ്പെടുന്നിടത്ത് ഏകതാനത വളര്‍ത്തുകയും ചെയ്യുന്നതായ പാലംപണിയല്‍ ശ്രേഷ്ഠതമമെന്ന് മാര്‍പ്പാപ്പാ.

     ഇറ്റലിയിലെ കത്തോലിക്ക വിദ്യാലയങ്ങളിലെ മാതാപിതാക്കളുടെ സംഘടനയുടെ നാല്പതാം സ്ഥാപനവാര്‍ഷികത്തോടനുബന്ധിച്ച് പ്രസ്തുത സംഘടനയിലെ അംഗങ്ങളടങ്ങിയ 400- ലേറെപ്പേരെ ശനിയാഴ്ച (05/12/15) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സിസ് പാപ്പാ.

      വിദ്യാലയത്തിനും ഒരു പ്രദേശത്തിനുമിടയിലും, വിദ്യാലയത്തിനും കുടുംബത്തി നുമിടയിലും, വിദ്യാലയത്തിനും പൗരസേവന വിഭാഗങ്ങള്‍ക്കുമിടയിലും സേതുബന്ധം തീര്‍ക്കുകയെന്ന ലോലമായ ദൗത്യത്തിന്‍റെ നിര്‍വ്വഹണത്തിന് സംഭാവനയേകിക്കൊണ്ട് മാതാപിതാക്കളു‌ടെ ഈ സംഘടന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കുടുബത്തിനും സേവനമേകുന്നതിനെ പാപ്പാ ശ്ലാഘിച്ചു.

     മാനുഷികവും ക്രിസ്തീയവുമായ അധികൃത മൂല്യങ്ങളോടു തുറവുള്ളതും സമഗ്രവുമായ ഒരു ശിക്ഷണം സ്വന്തം മക്കള്‍ക്കായി ആവശ്യപ്പെടാനുള്ള അവകാശം മാതാപിതാക്കള്‍ക്കുണ്ടെന്നും ഈ മൂല്യങ്ങളെ ബലികഴിക്കാതെ കുടുംബത്തിലും വിദ്യാലയത്തിലും സമൂഹത്തിലും അവര്‍ അവയ്ക്ക് സാക്ഷ്യമേകണമെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

Source: Vatican radio