News >> വിദ്യാ സമുന്നതി സ്കോളര്‍ഷിപ്പ്: 18 വരെ അപേക്ഷിക്കാം
+സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോര്‍പറേഷന്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്ക വിഭാഗക്കാര്‍ക്കു നല്‍കുന്ന വിദ്യാസമുന്നതി സ്കോളര്‍ഷിപ്പിന് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 18. സമര്‍പ്പിച്ച അപേക്ഷ തിരുത്താനുള്ള അവസരവും 18 വരെ ലഭിക്കും. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ളോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ക്കും സിഎ, ഐസിഡബ്ളിയു, കമ്പനി സെക്രട്ടറി പോലുള്ള പ്രഫഷണല്‍ കോഴ്സുകള്‍ക്കും പഠിക്കുന്നവര്‍ക്കാണ് സ്കോളര്‍ഷിപ്പിന് അര്‍ഹത. കൂടാതെ മെഡിക്കല്‍, എന്‍ജിനിയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗ്, ബാങ്ക്, യുപിഎസ്സി, പിഎസ്സി പരീക്ഷകള്‍ക്കുള്ള കോച്ചിംഗ്, സിവില്‍ സര്‍വീസ് പരിശീലനം എന്നിവയ്ക്കും വിദ്യാസമുന്നതി വഴി സാമ്പത്തിക സഹായം ലഭിക്കും. അപേക്ഷകര്‍ www.kswcfc.org എന്ന വൈബ്സൈറ്റില്‍ രജിസ്റര്‍ചെയ്യണം. അങ്ങനെ ലഭിക്കുന്ന രജിസ്റര്‍ നമ്പര്‍ ഉപയോഗിച്ച് അപേക്ഷ സമര്‍പ്പിക്കണം. സാധുവായ ഒരു ഇമെയില്‍ ഐഡിയോ, മൊബൈല്‍ നമ്പരോ നല്‍കി വേണം രജിസ്ട്രേഷന്‍ ആരംഭിക്കാന്‍. ഇതു യൂസര്‍ നെയിമായും ഇതു നല്‍കുമ്പോള്‍ ലഭിക്കുന്ന പാസ്വേഡും ഉപയോഗിച്ചു വേണം ലോഗിന്‍ ചെയ്യാന്‍. തുടര്‍ന്നു രജിസ്ട്രേഷന്‍ പൂര്‍ത്തിയാകുമ്പോള്‍ മെംബര്‍ഷിപ് നമ്പര്‍ ലഭിക്കും. ഈ നമ്പര്‍ സൂക്ഷിച്ചു വയ്ക്കണം. കോര്‍പറേഷന്‍ ആനുകൂല്യം ലഭിക്കാന്‍ ഈ നമ്പര്‍ അനിവാര്യമാണ്. അപേക്ഷയോടൊപ്പം അതതു കോഴ്സുകള്‍ക്കു ബാധകമായ രേഖകളും അപ്ലോഡ് ചെയ്യണം.
അപേക്ഷകര്‍ കേരള സംസ്ഥാനത്തിലെ മുന്നോക്ക സമുദായ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവരും കുടുംബവരുമാനം രണ്ടു ലക്ഷം രൂപ കവിയാനും പാടില്ല. കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകളുടെ മറ്റിതര സ്കോളര്‍ഷിപ്പുകള്‍/സ്റെപ്പന്റുകള്‍ ലഭിക്കുന്ന വിദ്യാര്‍ഥികള്‍ ഈ സ്കോളര്‍ഷിപ്പിന് അര്‍ഹരല്ല. തെറ്റായ വിവരം അപേക്ഷയില്‍ രേഖപ്പെടുത്തിയാല്‍ ലഭ്യമായ തുക 15 ശതമാനം കൂട്ടുപലിശയും ചേര്‍ത്തു തിരിച്ചടയ്ക്കേണ്ടി വരും. ഇതോടെ വിദ്യാര്‍ഥിക്കു സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള യോഗ്യത നഷ്ടമാകും.
അപേക്ഷകള്‍ ഓണ്‍ലൈനായിട്ടു സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം അതതു സ്കീമുകള്‍ക്കു നിര്‍ദേശിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സ്കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യണം. സ്കോളര്‍ഷിപ് പുതുക്കല്‍ ഇല്ലാത്തതിനാല്‍ മുന്‍ വര്‍ഷങ്ങളില്‍ സ്കോളര്‍ഷിപ് ലഭിച്ചവരും പുതുതായി അപേക്ഷിക്കണം.
അപേക്ഷയില്‍ രേഖപ്പെടുത്തിയിട്ടുള്ളതും അപേക്ഷകന്റെ പേരിലുള്ളതമായ ബാങ്ക് അക്കൌണ്ടിലേക്കു മാത്രമേ ധനസഹായം ലഭ്യമാകൂ.
ഹൈസ്കൂള്‍ / ഹയര്‍ സെക്കന്‍ഡറി
വിദ്യാസമുന്നതി സ്കോളര്‍ഷിപ്പ് ഹൈസ്കൂള്‍ തലത്തില്‍ പ്രതിവര്‍ഷം 2,000 രൂപയായിരിക്കും. സ്കോളര്‍ഷിപ്പുകളുടെ എണ്ണം 20,000. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് പ്രതിവര്‍ഷം 3,000 രൂപയായിരിക്കും സ്കോഷര്‍ഷിപ്. ആകെ 14,000 പേര്‍ക്ക് അര്‍ഹതയുണ്ട്. സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം അപേക്ഷയോടൊപ്പം സ്കൂള്‍ മേലധികാരി നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് (റവന്യൂ അധികാരി/വില്ലേജ് ഓഫീസര്‍ നല്‍കുന്നത്). ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജ് (അക്കൌണ്ട് നമ്പരും ബ്രാഞ്ചും വ്യക്തമായ രേഖപ്പെടുത്തിയിരിക്കണം) എന്നീ രേഖകള്‍ അപ്ലോഡ് ചെയ്യണം.
ബിരുദം / ബിരുദാനന്തര ബിരുദം
ബിരുദം, ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്കു പ്രഫഷണല്‍ കോഴ്സുകള്‍ക്കു പ്രതിവര്‍ഷം 7,000 രൂപയും നോണ്‍ പ്രഫഷണല്‍ കോഴ്സുകള്‍ക്ക് ഇത് 5,000 രൂപയുമാണു സ്കോളര്‍ഷിപ് തുക. സ്കോളര്‍ഷിപ്പുകളുടെ എണ്ണം യഥാക്രമം 2500, 3500. കേരളത്തിലെ സര്‍വകാലാശാലകള്‍ അംഗീകരിച്ച സ്ഥാപനങ്ങളില്‍ പഠിക്കുന്ന 35 വയസ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. പ്ളസ്ടു തലത്തില്‍ 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. ബിരുദാനന്തര ബിരുദ വിഭാഗത്തില്‍ നോണ്‍ പ്രഫഷണല്‍ കോഴ്സുകള്‍ പ്രതിവര്‍ഷം 6,000 രൂപ വീതം 1667 സ്കോളര്‍ഷിപ്പുകളും പ്രഫഷണല്‍ കോഴ്സുകള്‍ക്കു പ്രതിവര്‍ഷം 8,000 രൂപ വച്ച് 1,250 സ്കോളര്‍ഷിപ്പുകളുമാണു നല്‍കുക. അപേക്ഷകര്‍ 35 വയസ് കവിയാത്തവരും കേരളത്തിലെ സര്‍വകാലാശാലകള്‍ അംഗീകരിച്ച സ്ഥാപനങ്ങളില്‍ പഠിക്കുന്നവരും ആയിരിക്കണം. ബിരുദതലത്തില്‍ സയന്‍സ് വിഷയങ്ങള്‍ക്ക് 60 ശതമാനവും മാനവീയ വിഷയങ്ങള്‍ക്ക് 50 ശതമാനവും മാര്‍ക്കു നേടിയിരിക്കണം.
സിഎ, ഐസിഡബ്ളിയു/സിഎസ്
പ്രതിവര്‍ഷം 10,000 രൂപ വീതം 100 സ്കോളര്‍ഷിപ്പുകളാണ് ഈ വിഭാഗത്തില്‍ നല്‍കുക. അപേക്ഷകര്‍ ഇന്റര്‍മീഡിയറ്റ് തലം പാസായവരും 35 വയസ് കവിയാത്തവരുമായിരിക്കണം. മുമ്പു സ്കോളര്‍ഷിപ്പു ലഭിച്ചവര്‍ വീണ്ടു അപേക്ഷിക്കേണ്ട.
ദേശീയ സ്ഥാപനങ്ങള്‍
ഐഐടി, ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, എന്‍ഐടി, നാഷണല്‍ ലോ സ്കൂള്‍, നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി പോലുള്ള ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കു നല്‍കുന്നതാണ് ഈ സ്കോളര്‍ഷിപ്. പ്രതിവവര്‍ഷം പരമാവധി 50,000 രൂപ വരെ 120 സ്കോളര്‍ഷിപ്പുകള്‍ അനുവദിക്കും.
ഡിപ്ളോമ/ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍
കേരളത്തിലെ അംഗീകൃത സ്ഥാപനങ്ങളില്‍ പഠിക്കുന്ന 25 വയസ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. പ്രതിവര്‍ഷം 6,000 രൂപ വച്ച് 1,000 സ്കോളര്‍ഷിപ്പുകള്‍ അനുവദിക്കും.
മത്സരപരീക്ഷാ പരിശീലന സഹായം
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്ക സമുദായത്തില്‍പ്പെട്ട കുട്ടികള്‍ക്കു വിവിധ മത്സര പരീക്ഷകളില്‍ പരിശീലനം നേടാന്‍ വേണ്ട സഹായം നല്‍കുന്ന പദ്ധതിയാണിത്. നിലവാരമുള്ള പരിശീലന സ്ഥാപനത്തില്‍ പഠിക്കുന്നവരാകണം. പരിശീലന സഹായം ഫീസ് ഒടുക്കിയ ശേഷം തിരികെ നല്‍കുന്ന രീതിയിലാണ് ആവിഷ്കരിച്ചിരിക്കുന്നത്.
എന്‍ജിനിയറിംഗ്/ മെഡിക്കല്‍ പ്രവേശന പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കുന്നവര്‍ പ്ളസ് ടുവിനു പഠിക്കുന്നവരോ കോഴ്സ് പൂര്‍ത്തിയാക്കി രണ്ടു വര്‍ഷം കഴിഞ്ഞിട്ടില്ലാത്തവരോ ആയിരിക്കണം. പത്താം ക്ളാസില്‍ സയന്‍സ് വിഷയങ്ങളില്‍ എ ഗ്രേഡ് അല്ലങ്കില്‍ 80 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയവരായിരിക്കണം. പതിനായിരം രൂപവരെയാണു സഹായം ലഭിക്കുക.
ബാങ്ക്, യുപിഎസ്സി, പിഎസ്സി പരീക്ഷകള്‍ക്കുള്ള പരിശീന പദ്ധതി പ്രകാരം 6,000 രൂപ വരെയാണു പ്രതിവര്‍ഷം സഹായം ലഭിക്കുക. അതതു തസ്തികകള്‍ക്കു വേണ്ട അടിസ്ഥാന യോഗ്യത ഉണ്ടായിരിക്കണം.
സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിനു പ്രിലിമിനറി കോഴ്സിനു പ്രതി വര്‍ഷം 15,000 രൂപ വരെയും മെയിന്‍ കോഴ്സിന് 25,000 രൂപ വരെയും സഹായം ലഭിക്കും. അപേക്ഷാര്‍ഥിക്കു സിവില്‍ സര്‍വീസ് പരീക്ഷ എഴുതുന്നതിനു വേണ്ട യോഗ്യത ഉണ്ടായിരിക്കണം.
Source: Deepika