News >> കണ്ണൂരില്‍ ലത്തീന്‍ കത്തോലിക്കാ സമുദായ ദിനാഘോഷം

കണ്ണൂര്‍: കേരള റീജണ്‍ ലാറ്റിന്‍ കാത്തലിക് കൌണ്‍സിലിന്റെ (കെആര്‍എല്‍സിസി) നേതൃത്വത്തില്‍ ലത്തീന്‍ കത്തോലിക്കാ സമുദായ ദിനത്തിന്റെ സംസ്ഥാനതല ആഘോഷം കണ്ണൂര്‍ ബര്‍ണശേരി സെന്റ് മൈക്കിള്‍സ് സ്കൂള്‍ അങ്കണത്തില്‍ നടന്നു. രാവിലെ 8.45ന് കോട്ടപ്പുറം ബിഷപ് ഡോ.ജോസഫ് കാരിക്കശേരി പതാക ഉയര്‍ത്തി. തുടര്‍ന്നു നടന്ന ദിവ്യബലിക്ക് തിരുവനന്തപുരം ആര്‍ച്ച്ബിഷപ് ഡോ.സൂസപാക്യം മുഖ്യകാര്‍മികത്വം വഹിച്ചു. കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ വചനസന്ദേശം നല്‍കി. 

ദിവ്യബലിക്കുശേഷം നടന്ന പ്രതിനിധി സമ്മേളനം തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്തു. നാനാത്വത്തില്‍ ഏകത്വം ചര്‍ച്ച ചെയ്യപ്പെടുന്ന കാലഘട്ടമാണിതെന്നും എന്നാല്‍ ഇതു നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും മാര്‍ ജോര്‍ജ് ഞരളക്കാട്ട് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. മതബോധവും സമുദായ ചിന്തയും ഒരുമിപ്പിച്ചുകൊണ്ടുപോകാന്‍ സാധിക്കണം. ഭിന്നിപ്പിച്ചു ഭരിക്കണമെന്ന ചിന്തകള്‍ പലര്‍ക്കുമുണ്ട്. സാമുദായിക സമ്മേളനങ്ങളിലൂടെ ഐക്യം രൂപപ്പെടുത്തിയെടുക്കാന്‍ സാധിക്കും. സമുദായം ശക്തിപ്പെടുന്നതിനോടൊപ്പം മറ്റുള്ളവരെയുംകൂടി ഉള്‍ക്കൊള്ളണം. അവകാശം നിഷേധിക്കുന്ന ദളിത് സമൂഹങ്ങള്‍ക്കു സമനീതി ഉറപ്പുവരുത്തുന്നതിനുവേണ്ടി പോരാടണമെന്നും മാര്‍ ജോര്‍ജ് ഞരളക്കാട്ട് പറഞ്ഞു.

കണ്ണൂര്‍ ബിഷപ് ഡോ.അലക്സ് വടക്കുംതല അധ്യക്ഷതവഹിച്ചു. കഴിക്കുന്ന ഇറച്ചിയുടെയും ധരിക്കുന്ന വസ്ത്രത്തിന്റെയും അടിസ്ഥാനത്തില്‍ രാഷ്ട്രീയ വ്യാഖ്യാനങ്ങള്‍ നല്‍കുന്ന സമയമാണിതെന്നു ഡോ.അലക്സ് വടക്കുംതല അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. 

മത അസഹിഷ്ണുത വളര്‍ന്നുകൊണ്ടിരിക്കുകയാണ്. മതത്തില്‍ രാഷ്ട്രീയവത്കരണവും നടന്നുകൊണ്ടിരിക്കുകയാണ്. മനുഷ്യനെ രക്ഷിക്കാന്‍ ജീവന്‍ ബലികഴിച്ചവനു ജാതിയുടെയും മതത്തിന്റെയും പരിവേഷം ചാര്‍ത്തിക്കൊടുത്ത ഒരു സമൂഹമാണ് ഇന്നുള്ളത്. കേരളത്തിലെ ലത്തീന്‍ സമുദായം പല വംശങ്ങളുടെയും ഗോത്രങ്ങളുടെയും സമുദായങ്ങളുടെയും പ്രതിനിധികളാണ്. 

ലത്തീന്‍ സമുദായം നേരിടുന്ന നീതിനിഷേധത്തിനെതിരേ പരിഹാരം കാണുവാന്‍ അധികാരികള്‍ തയാറാവണം. വിവേചനം അനുഭവിക്കുന്ന ദളിത് ക്രൈസ്തവര്‍ക്ക് നീതി ലഭിക്കണം. തീരദേശ പരിപാലന നിയമം മൂലം വീടുകള്‍ പോലും നിര്‍മിക്കാന്‍ കടല്‍ത്തീരത്തോടു ചേര്‍ന്നുകിടക്കുന്ന ലത്തീന്‍ സമുദായങ്ങള്‍ക്ക് സാധിക്കുന്നില്ല. 

സമനീതി ലഭിക്കാന്‍ ഐക്യത്തോടെ നിലകൊള്ളണമെന്നും ബിഷപ് ഡോ. അലക്സ് വടക്കുംതല പറഞ്ഞു. പ്രതിനിധി സമ്മേളനത്തില്‍ സമുദായ ഐക്യം-സമനീതി എന്ന വിഷയത്തില്‍ ഷെവലിയാര്‍ പ്രഫ. ഏബ്രഹാം അറയ്ക്കല്‍ വിഷയാവതരണം നടത്തി. സംഘാടക സമിതി കണ്‍വീനര്‍ ഫാ. മാത്യു കുഴിമലയി ല്‍ നന്ദിയും ജോയിന്റ് കണ്‍വീനര്‍ കെ.ബി. സൈമണ്‍ നന്ദിയും പറഞ്ഞു. Source: Deepika