News >> ചെന്നൈ പ്രളയബാധിതര്‍ക്കു സഹായമെത്തിക്കുക: കര്‍ദിനാള്‍ മാര്‍ ക്ളീമിസ് ബാവ

തിരുവനന്തപുരം: ചെന്നെയിലും സമീപപ്രദേശങ്ങളിലും ഉണ്ടായ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കു പരമാവധി സഹായമെത്തിക്കാന്‍ സിബിസിഐ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവാ ഇന്ത്യയിലെ എല്ലാ കത്തോലിക്കാ രൂപതകളോടും അഭ്യര്‍ഥിച്ചു. ആയിരക്കണക്കിന് കുടുംബങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു മാത്രമാകില്ല. മനുഷ്യനന്മയില്‍ വിശ്വസിക്കുന്ന എല്ലാവരും അതിനായി മുന്നോട്ടുവരണം.

ഭാരത കത്തോലിക്കാ സഭയുടെ സാമൂഹിക സന്നദ്ധ സംഘടനയായ കാരിത്താസ് ഇന്ത്യ ഇതിനോടകം മൂന്നു ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് നിരവധി ദുരന്തനിവാരണ പരിപാടികള്‍ ആരംഭിച്ചുകഴിഞ്ഞു. 

ഭക്ഷണം, ശുദ്ധജലം, മരുന്നുകള്‍, വസ്ത്രങ്ങള്‍ എന്നിവ ക്യാമ്പുകളിലൂടെ വിതരണം ചെയ്തു വരുന്നു. ഇന്ത്യയിലെ എല്ലാ കത്തോലിക്കാ മെത്രാന്മാര്‍ക്കും അയച്ച സന്ദേശത്തില്‍ വൈദികരും സന്യസ്തരും വിശ്വാസികളും സ്ഥാപനങ്ങളുമെല്ലാം കാരിത്താസ് ഇന്ത്യയുമായി കൈകോര്‍ത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനും, ദുരിതമനുഭവിക്കുന്നവര്‍ക്കായി പ്രാര്‍ഥിക്കാനും കര്‍ദിനാള്‍ മാര്‍ ക്ളീമിസ് ബാവാ ആഹ്വാനം ചെയ്തു.
Source: Deepika