News >> കാരുണ്യവര്‍ഷം: കെസിബിസി മാര്‍ഗരേഖ പുറത്തിറക്കി

കൊച്ചി: കാരുണ്യവര്‍ഷത്തില്‍ നടപ്പിലാക്കാന്‍ വിദ്യാഭ്യാസ, ആതുരസേവന പ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി) പുറത്തിറക്കി. കേരളത്തിലെ 31 കത്തോലിക്കാ രൂപതകളും 350 സമര്‍പ്പിത സമൂഹങ്ങളും സംയുക്തമായി നടപ്പാക്കേണ്ട പദ്ധതികളാണിവ.

ആതുരശുശ്രൂഷ, വിദ്യാഭ്യാസം, ഭവനനിര്‍മാണം, ഇതര സംസ്ഥാന തൊഴിലാളികളുടെ മനുഷ്യാവകാശങ്ങള്‍ക്കും അവരില്‍ കത്തോലിക്കരുടെ ആത്മീയപോഷണത്തിനുമുള്ള അജപാലന ശുശ്രൂഷ തുടങ്ങിയ വിവിധ തലങ്ങളുള്ള പദ്ധതികള്‍ മാര്‍ഗരേഖയിലുണ്ട്. മദ്യം, മയക്കുമരുന്ന് തുടങ്ങിയ സാമൂഹ്യതിന്മകള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഭക്ഷ്യസുരക്ഷ, പരിസ്ഥിതി സംരക്ഷണം, കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമുള്ള പ്രത്യേക പരിശീലനം എന്നിവയ്ക്കും പ്രാധാന്യം നല്‍കിയിട്ടുണ്ട്.

കെസിബിസി വൈസ് പ്രസിഡന്റ് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ അധ്യക്ഷതയില്‍ ഇന്നു രാവിലെ പിഒസിയില്‍ ചേരുന്ന സമ്മേളനത്തില്‍ കെസിബിസി പ്രസിഡന്റ് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ കേരളസഭയുടെ കാരുണ്യവര്‍ഷ കര്‍മപരിപാടികള്‍ ഉദ്ഘാടനം ചെയ്യും.

Source: Deepika