News >> റബര്‍ പ്രതിസന്ധി: വഞ്ചന തിരിച്ചറിയുന്നു: ഇന്‍ഫാം

കോട്ടയം: റബര്‍ പ്രതിസന്ധിയില്‍ നടപടികളൊന്നുമില്ലാതെ കര്‍ഷകസമൂഹത്തെ വിഡ്ഢികളാക്കുന്ന വഞ്ചനാപരമായ നിലപാട് കര്‍ഷകര്‍ തിരിച്ചറിയുന്നുവെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവ. അഡ്വ വി.സി.സെബാസ്റ്റ്യൻ.

ഇറക്കുമതി നിയന്ത്രണവും അടിസ്ഥാന പ്രഖ്യാപിത വിലയ്ക്കു റബര്‍ സംഭരണവുമല്ലാതെ പ്രശ്നത്തിനു മറ്റൊരു പരിഹാരമാര്‍ഗവുമില്ല. പരുത്തി, കരിമ്പ് കൃഷിക്കാര്‍ക്കു റബര്‍ കര്‍ഷകരുടേതിന് സമാനമായ പ്രതിസന്ധിയുണ്ടായ കാലഘട്ടത്തില്‍ കേന്ദ്ര വിലസ്ഥിരതാ ഫണ്ട് ഉപയോഗിച്ചും 6,000 കോടിയുടെ പ്രത്യേക പാക്കേജുണ്ടാക്കിയും സുരക്ഷിതത്വമുറപ്പാക്കിയ കേന്ദ്രം റബര്‍ കര്‍ഷകരുടെ പ്രശ്നത്തില്‍ മുഖംതിരിഞ്ഞു നില്‍ക്കുന്നതു നീതികേടാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

അനിയന്ത്രിതമായ റബര്‍ ഇറക്കുമതിക്ക് പച്ചപ്പരവതാനി വിരിച്ചത് ആരാണെന്ന് കര്‍ഷകര്‍ക്കറിയാം. കേന്ദ്രമന്ത്രിസഭയില്‍ കേരളത്തില്‍നിന്ന് അര ഡസനിലേറെ മന്ത്രിമാര്‍ ഉണ്ടായിരുന്ന കാലത്ത് ഉടലെടുത്ത റബര്‍ പ്രതിസന്ധിയില്‍ നടപടിയെടുക്കാത്തവര്‍ ഇപ്പോള്‍ പ്രകടിപ്പിക്കുന്ന കര്‍ഷകസ്നേഹം എന്തിനുവേണ്ടിയാണെന്നു തിരിച്ചറിയാനുള്ള സാമാന്യബുദ്ധി കര്‍ഷകര്‍ക്കുണ്ടെന്നും വി.സി. സെബാസ്റ്റ്യൻ വ്യക്തമാക്കി.

Source: Deepika