News >> കരുണയാണു സുവിശേഷത്തിന്റെ അന്തസത്ത: മാര്‍പാപ്പ
വത്തിക്കാനില്‍നിന്നും ഫാ. ജോസഫ് സ്രാമ്പിക്കല്‍
കരുണയാണു സുവിശേഷത്തിന്റെ അന്തസത്തയെന്ന് ഫ്രാന്‍സീസ് മാര്‍പാപ്പ. ഇന്നലെ പരിശുദ്ധ കന്യാമറിയത്തിന്റെ അമലോത്ഭവത്തിരുനാളില്‍ കരുണയുടെ ജൂബിലിവര്‍ഷ ഉദ്ഘാടനത്തോടനുബന്ധിച്ചു സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനമധ്യേ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
എല്ലാവരും ദൈവത്തില്‍നിന്ന് കരുണ സ്വീകരിക്കുകയും ചുറ്റുമുള്ളവര്‍ക്കു കരുണ നല്‍കുകയും വേണം. കരുണയില്ലാത്ത വ്യക്തിയെ ക്രിസ്ത്യാനി എന്നു വിളിക്കാന്‍ സാധിക്കില്ല. ദൈവകൃപയുടെ ദാനമാണ് അസാധാരണ ജൂബിലിവര്‍ഷം. ദൈവം തന്നെയായ കരുണയുടെ വിശുദ്ധ വാതിലാണു തുറക്കപ്പെടുന്നത്. ദൈവത്തിന്റെ സ്നേഹത്തിന്റെ വലിപ്പമാണ് ഇതിലൂടെ വെളിപ്പെടുന്നത്. ക്ഷമിക്കുന്നതാണ് ദൈവസ്നേഹം.- മാര്‍പാപ്പ പറഞ്ഞു.
ഡിസംബര്‍ എട്ട് രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ സമാപിച്ചതിന്റെ 50-ാം വാര്‍ഷികമാണ്. രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ സഭയും സമകാലീന മനുഷ്യരും തമ്മിലുള്ള കണ്ടുമുട്ടലിന് ആക്കം കൂട്ടി. പരിശുദ്ധാത്മാവ് സഭയെ മിഷനറിയാത്ര നടത്താനായി നിര്‍ബന്ധിക്കുന്നു. ഓരോ വ്യക്തിയുടെയും അടുക്കല്‍ സുവിശേഷത്തിന്റെ സന്തോഷം, ക്ഷമയുടെ സന്തോഷം, കരുണ എന്നിവ എത്തിക്കാനായി സഭ വിളിക്കപ്പെട്ടിരിക്കുന്നു. രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ എടുത്തുകാണിച്ച നല്ല സമരിയാക്കാരന്റെ കരുണ, സഭയും ഓരോ വ്യക്തിയും സ്വാംശീകരിക്കണമെന്നും ഫ്രാന്‍സീസ് മാര്‍പാപ്പ പറഞ്ഞു. ഇന്നലെ പ്രാദേശിക സമയം രാവിലെ 9.30 ന് വിശുദ്ധ കുര്‍ബാന ആരംഭിച്ചു. അതിനു മുമ്പ് ഒമ്പതിന് ജപമാലയുണ്ടായിരുന്നു. മെത്രാന്‍മാരും, വൈദികരും, ഒരു ലക്ഷത്തോളം തീര്‍ഥാടകരും തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തു.
വിശുദ്ധ കുര്‍ബാനയ്ക്കുശേഷം 11-ന് സെന്റ് പീറ്റേഴ് ചത്വരത്തില്‍ തയാറാക്കിയ താത്കാലിക അള്‍ത്താരയില്‍നിന്നു സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മോണ്ടളത്തില്‍ വിശുദ്ധവര്‍ഷത്തില്‍ മാത്രം തുറക്കുന്ന വിശുദ്ധ വാതിലിന്റെ മുന്നില്‍ മാര്‍പാപ്പയെത്തി. അവിടെ കാത്തുനിന്ന എമരിറ്റസ് പാപ്പാ ബനഡിക്ട് പതിനാറാമനെ അദ്ദേഹം ആലിംഗനം ചെയ്തു സ്വീകരിച്ചു. തുടര്‍ന്നു മൂന്നു പടികള്‍ കയറി വിശുദ്ധ വാതില്‍ തള്ളിത്തുറന്നു. തുറന്ന വിശുദ്ധ വാതില്‍ക്കല്‍ അദ്ദേഹം ദീര്‍ഘനേരം മൌനമായി പ്രാര്‍ഥിച്ചു. തുടര്‍ന്നു ബനഡിക്ട് പതിനാറാമന്‍ എമരിറ്റസ് പാപ്പാ വിശുദ്ധവാതില്‍ കടന്നു. പിന്നീട് സഹകാര്‍മികരായ കര്‍ദിനാള്‍മാരും മെത്രാന്മാരും വൈദികരും ശുശ്രൂഷികളും സമര്‍പ്പിതരുടെയും അല്മായരുടെയും പ്രതിനിധികളും വിശുദ്ധവാതിലിലൂടെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ പ്രവേശിച്ചു.
വിശുദ്ധ പത്രോസിന്റെ കബറിടത്തിന് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന അള്‍ത്താരയിലെ ക്രൂശിതരൂപത്തിന്റെ മുമ്പില്‍ മാര്‍പാപ്പ പ്രാര്‍ഥിച്ചു. പിന്നീട് സമാപന പ്രാര്‍ഥന ചൊല്ലി ആശീര്‍വാദം നല്‍കി. ഉച്ചയ്ക്ക് 12-ന് ത്രികാല പ്രാര്‍ഥനയ്ക്കായി എത്തിയ മാര്‍പാപ്പ വത്തിക്കാന്‍ കൊട്ടാരത്തിന്റെ ജനാലയ്ക്കരികിലെത്തി വചനസന്ദേശം നല്‍കി. പാപരഹിതയായി ജനിക്കാനും ജീവിക്കാനും മറിയത്തിന് ലഭിച്ച ആനുകൂല്യം അനന്യമാണ്. ദൈവത്തിന്റെ നിത്യകരുണയില്‍ ഈശോ മിശിഹായുടെ കുരിശുമരണത്താല്‍ ആദ്യം രക്ഷിക്കപ്പെട്ടതു മറിയമാണ്. സഹനങ്ങളില്‍ മറിയം സഹോദരിയാണെങ്കിലും തിന്മയില്‍ നമ്മുടെ സഹോദരിയല്ല. ദൈവത്തിന്റെ കരുണ സാധ്യമാക്കിയ നവസൃഷ്ടിയുടെ പ്രഭാതദീപ്തിയും, നവ മാനവവംശത്തിന്റെ അമ്മയുമാണവള്‍. മറിയത്തെപ്പോലെ ദൈവത്തെ സമ്പൂര്‍ണമായി സ്വീകരിക്കാനും കരുണയുടെ ശില്പികളാകുവാനും സാധിക്കണം. ദൈവത്തിന്റെ കരുണപോലെ മാധുര്യമുള്ള മറ്റൊന്നുമില്ലെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.
വൈകുന്നേരം നാലിനു ഫ്രാന്‍സീസ് മാര്‍പാപ്പ റോമിലെ സ്പാനീഷ് ചത്വരത്തില്‍ സ്ഥാപിച്ചിരിക്കുന്ന അമലോത്ഭവമറിയത്തിന്റെ തിരുസ്വരൂപത്തിങ്കല്‍ എത്തി റോസാ പൂക്കള്‍ സമര്‍പ്പിച്ചു. തുടര്‍ന്നു മറിയത്തിന്റെ നാമത്തിലുള്ള മരിയ മജോരെ ബസിലിക്കയില്‍ എത്തി റോമന്‍ ജനതയുടെ രക്ഷക എന്നു വിളിക്കപ്പെടുന്ന മറിയത്തിന്റെ ഐക്കണിനു മുമ്പില്‍ പ്രാര്‍ഥിച്ചു. ഇന്നലെ ഫ്രാന്‍സിലെ ലൂര്‍ദ് മരിയന്‍ തീര്‍ഥാടന കേന്ദ്രത്തിലും കരുണയുടെ വിശുദ്ധവാതില്‍ തുറന്നു.
Source: Deepika