News >> അസഹിഷ്ണുതയ്ക്ക് കാരുണ്യമാണു പരിഹാരം: മാര്‍ ക്ളീമിസ്

സ്വന്തം ലേഖകന്‍

കൊച്ചി: പൊതുസമൂഹത്തെ അപകടകരമാംവിധം അരക്ഷിതാവസ്ഥയിലാക്കുന്ന അസഹിഷ്ണുതയ്ക്കു ക്രിസ്തു പഠിപ്പിച്ച കാരുണ്യത്തിന്റെ ശുശ്രൂഷാവഴികളാണു പരിഹാരമെന്നു കെസിബിസി പ്രസിഡന്റ് മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ പറഞ്ഞു. കെസിബിസിയുടെയും കേരളസഭയുടെ പൊതു പാസ്ററല്‍ കൌണ്‍സിലായ കേരള കാത്തലിക് കൌണ്‍സിലിന്റെയും (കെസിസി) സംയുക്തസമ്മേളനത്തില്‍ കാരുണ്യത്തിന്റെ അസാധാരണ ജൂബിലിവര്‍ഷത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സഭ സമൂഹത്തിനു നല്‍കുന്ന എല്ലാ ശുശ്രൂഷകളിലും കാരുണ്യത്തിന്റെ മുഖം വെളിവാക്കപ്പെടുകയാണു കാലഘട്ടത്തിന്റെ അസ്വസ്ഥത പരിഹരിക്കാനുള്ള മാര്‍ഗം. കാരുണ്യവര്‍ഷത്തില്‍ സഭ യേശുക്രിസ്തുവിലൂടെ വെളിപ്പെട്ട ദൈവിക കരുണയുടെ മുഖമാകണം. 

ദൈവത്തിന്റെ കരുണയിലേക്കു ഹൃദയം തുറക്കാന്‍ മനുഷ്യരെ സഹായിക്കുകയും പരസ്പരം വാതില്‍ തുറന്നുവയ്ക്കാന്‍ ഓരോ വ്യക്തിയെയും സജ്ജമാക്കുകയുമാണ് ഇക്കാലഘട്ടത്തില്‍ സഭയുടെ ദൌത്യമാകേണ്ടതെന്ന് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച കെസിബിസി വൈസ് പ്രസിഡന്റ് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഓര്‍മിപ്പിച്ചു. 

പാലാരിവട്ടം പിഒസിയില്‍ നടന്ന സമ്മേളനത്തില്‍ കെസിബിസി സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. ജോസഫ് കരിയില്‍, ആര്‍ച്ച്ബിഷപ് ഡോ.എം. സൂസപാക്യം, കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ.വര്‍ഗീസ് വള്ളിക്കാട്ട്, കെസിസി സെക്രട്ടറി വി.സി. ജോര്‍ജ്കുട്ടി, കേരള കാത്തലിക് ഫെഡറേഷന്‍ പ്രസിഡന്റ് ഷാജി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.വിവിധ രൂപതകളിലും പുറത്തും ജീവകാരുണ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രതിനിധികളെ സമ്മേളനത്തില്‍ ആദരിച്ചു. "കരുണയുടെ വര്‍ഷത്തിലെ ക്രിസ്തീയസാക്ഷ്യം" എന്ന വിഷയത്തില്‍ ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യപ്രഭാഷണം നടത്തി. 

ഉച്ചയ്ക്കു ശേഷം നടന്ന കെസിസി വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ അധ്യക്ഷതവഹിച്ചു. വി.സി. ജോര്‍ജ്കുട്ടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 

പൊതുസമൂഹത്തില്‍ അസഹിഷ്ണുത വര്‍ധിക്കുമ്പോള്‍ മതങ്ങളുടെ ഐക്യത്തിനും സ്നേഹത്തിനും ശക്തി പകരുന്നതിനു സഭയും സമൂഹവും ജാഗ്രത പാലിക്കണമെന്നു യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ക്കു ശാശ്വത പരിഹാരത്തിനു സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ചെന്നൈയിലെ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കു സഹായമെത്തിക്കാന്‍ 'കാരിത്താസ് ഇന്ത്യ'വഴി സഭ നടത്തുന്ന പ്രവര്‍ത്തനങ്ങളോട് ഏവരും കൈകോര്‍ക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, ബിഷപ് ഡോ.ജോസഫ് കരിയില്‍, റവ.ഡോ.വര്‍ഗീസ് വള്ളിക്കാട്ട്, കെസിസി ഭാരവാഹികളായ അഡ്വ.ജോജി ചിറയില്‍, സജി ജോണ്‍, സിജോ പൈനാടത്ത്, മാര്‍ഗരറ്റ് നെല്‍സണ്‍, എ. ജയ്നമ്മ, ഡോ. മേരി റജീന, പ്രഫ.ലീന ജോസ് എന്നിവര്‍ പ്രസംഗിച്ചു. Source: Deepika