News >> രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങള്‍ അവഗണിക്കരുതെന്ന് വത്തിക്കാന്‍
മാനവികതയുടെ അടിയന്തിരാവശ്യങ്ങള്‍ നിരവധിയാണെന്ന് ഐക്യരാഷ്ട്രസഭയുടെ ജനീവ ആസ്ഥാനത്തുള്ള വത്തിക്കാന്‍റെ സ്ഥാനപതി ആര്‍ച്ചുബിഷപ്പ് സില്‍വാനോ തൊമാസി പ്രസ്താവിച്ചു.ഡിസംബര്‍ 8-ാം തിയതി ചൊവ്വാഴ്ച യുഎന്നിന്‍റെ ജനീവ ആസ്ഥാനത്ത് സമ്മേളിച്ച Red Cross & Red Crescent സന്നദ്ധ സംഘടനകളുടെ 32-ാമത് രാജ്യാന്തര സമ്മേളനത്തിലാണ് ആര്‍ച്ചുബിഷപ്പ് തൊമാസി ഇങ്ങനെ അഭിപ്രായപ്പെട്ടത്.കുടിയേറ്റം, ദാരിദ്ര്യം, സായുധ സംഘര്‍ഷങ്ങള്‍, മനുഷ്യാവകാശ ലംഘനങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, പാരിസ്ഥിതിക പ്രശ്നങ്ങള്‍, പകര്‍ച്ചവ്യാധികള്‍ എന്നിവ പൂര്‍വ്വോപരി വര്‍ദ്ധിച്ചുവരുന്ന കാലത്ത്
അന്തര്‍ദേശീയ മനുഷ്യാവകാശ നിയമങ്ങളോട് (International Humanitarian Laws) അലംഭാവം കാണിക്കാതെ, അവ പാലിക്കുവാനും സംരക്ഷിക്കുവാനുമുള്ള മുന്‍കരുതലുകള്‍ രാഷ്ട്രങ്ങളും സര്‍ക്കാരേതര ഏജന്‍സികളും എടുക്കണമെന്ന് ആര്‍ച്ചുബിഷപ്പ് തൊമാസി സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.ആഗോളീകൃതമായ ലോകത്ത് ഇന്ന് മനുഷ്യന്‍ നേരിടുന്ന പ്രശ്നങ്ങള്‍ അടിസ്ഥാന മനുഷ്യാന്തസ്സിനെയും അവകാശങ്ങളെയും സംബന്ധിച്ചതാണെന്നും, അതിനാല്‍ മാനവകുടുംബത്തെ സംബന്ധിക്കുന്നതും മനുഷ്യന്‍റെ അടിസ്ഥാന ആവശ്യങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ളതുമായ സങ്കീര്‍ണ്ണപ്രശ്നങ്ങളെ അടിയന്തിരമായി നേരിടണമെന്ന് ആര്‍ച്ചുബിഷപ്പ് തൊമാസി സമ്മേളനത്തോട് അഭ്യര്‍ത്ഥിച്ചു.Red Cross & Red Crescent സന്നദ്ധ സംഘടനകള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മാനവികതയുടെ അടിയന്തിരാവശ്യങ്ങളില്‍ നല്കിയിട്ടുള്ള നിസ്തുല സേവനങ്ങളെ വത്തിക്കാന്‍റെ പ്രതിനിധി പ്രത്യേകമായി ശ്ലാഘിച്ചു.ആഫ്രിക്കയിലെ ഗ്വീനിയ, ലൈബീരിയ, സിയെരാ ലിയോൺ എന്നിവിടങ്ങളെ എബോള വസന്ത കാര്‍ന്നുതിന്നപ്പോള്‍ ചികിത്സ, രോഗപ്രതിരോധം, രോഗീപരിപാലനം, മൃതരുടെ സംസ്ക്കാരം എന്നീ മേഖലകളില്‍ റെഡ് ക്രോസ് നല്കിയ കലവറയില്ലാത്ത സേവനങ്ങളെ ആര്‍ച്ചുബിഷപ്പ് തൊമാസി എണ്ണിപ്പറഞ്ഞ് പ്രശംസിക്കുകയും, നന്ദിയര്‍പ്പിക്കുകയുംചെയ്തു.Source: Vatican Radio