News >> ദൈവിക നീതി ദൈവിക കാരുണ്യത്തില്‍ അന്തര്‍ലീനം


ദൈവത്തിന്‍റെ നീതി അവിടത്തെ കാരുണ്യത്തെ ഖണ്ഡിക്കുന്നില്ലെന്നു മാത്രമല്ല ആ കാരുണ്യത്തില്‍ അന്തര്‍ലീനമാണെന്ന് പേപ്പല്‍ ഭവനത്തിലെ ധ്യാനപ്രാസംഗികനായ വൈദികന്‍ റനിയേരൊ കന്തലമേസ്സ.(RANIERO CANTALAMESSA)

     വത്തിക്കാനില്‍ ആഗമനകാല ധ്യാനപ്രഭാഷണ പരമ്പരയില്‍ രണ്ടാമത്തേതായി ഈ വെള്ളിയാഴ്ച (11/12/15) നടത്തിയ പ്രസംഗത്തിലാണ്, അദ്ദേഹം ഇതു പറഞ്ഞത്.

     ഫ്രാന്‍സിസ് പാപ്പായുടെ സാന്നിധ്യത്തിലായിരുന്നു ഈ പ്രഭാഷണം.

     എന്നും തെറ്റുകളെ എതിര്‍ക്കുന്ന സഭ പലപ്പോഴും തെറ്റുകളെ കാര്‍ക്കശ്യത്തോടെ അപലപിച്ചിട്ടുള്ളതിനെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് വിശുദ്ധ ഇരുപത്തിമൂന്നാം യോഹന്നാന്‍ പാപ്പാ, 1962 ഒക്ടോബര്‍ 11-ന് രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ   ഉദ്ഘാടനവേളയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞ വാക്കുകള്‍, അതായത് "ക്രിസ്തുവിന്‍റെ മണവാട്ടിയായ സഭ ഇപ്പോള്‍ കാര്‍ക്കശ്യത്തിനു പകരം കരുണയെന്ന ഔഷധം ഉപയോഗിക്കാനാണ് താല്പര്യപ്പെടുന്നതെ"ന്ന വാക്യം ഉദ്ധരിച്ചുകൊണ്ട് ഫാദര്‍ കന്തലമേസ്സ, സഭ ഒരര്‍ത്ഥത്തില്‍ കരുണയുടെ ഈ ജൂബിലിവര്‍ഷത്തിലൂ‌ടെ, ഈ വാഗ്ദാനത്തോടുള്ള വിശ്വസ്തത ആഘോഷിക്കുകയാണെന്നു പറഞ്ഞു.

     ദൈവം കാരുണ്യവാനും ഒപ്പം നീതിമാനുമാണെന്ന സത്യം വിശദീകരിച്ച അദ്ദേഹം കാരുണ്യം പ്രവര്‍ത്തിച്ചുകൊണ്ടാണ് ദൈവം നീതി നടപ്പാക്കുന്നതെന്നു പറഞ്ഞു.

     രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ സമാപനത്തിന്‍റെ അമ്പതാം വാര്‍ഷി ക വേളയാകയാല്‍ പ്രസ്തുത സൂനഹദോസിന്‍റെ മുഖ്യ പ്രമാണരേഖകളായ,

- തിരുസഭയെ അധികരിച്ചുള്ള  ലൂമെ‍ന്‍ ജെന്‍സിയും, 

-ആരാധനക്രമത്തെ സംബന്ധിച്ച സാക്രൊ സാംക്തും കൊണ്‍ചീ ലിയും (SACROSANCTUM CONCILIUM), 

-ദൈവവചനത്തെ അധികരിച്ചുള്ള ദേയി വെര്‍ബും (DEI VERBUM), 

-ലോകത്തില്‍ സഭയുടെ ദൗത്യത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഗൗതിയും ഏത്ത് സ്പേസ് (GAUDIUM ET SPES) എന്നിവയെ അവലംബമാക്കിയാണ് ഫാദര്‍ കന്തലമേസ്സ ഇത്തവണത്തെ ആഗമനകാല പ്രഭാഷണ പരമ്പര നടത്തുന്നത്.

Source: Vatican Radio