News >> തുടര്‍ച്ചയായ അവഗണനയ്ക്കു പരിഹാരമുണ്ടാകണം: കെസിബിസി
കൊച്ചി: വിദ്യാഭ്യാസമേഖലയിലുള്‍പ്പെടെ പൊതുസമൂഹത്തിന്റെ ക്ഷേമം ലക്ഷ്യമാക്കി കേരളസഭ ഉന്നിയിച്ചിട്ടുള്ള വിവിധ ആവശ്യങ്ങളില്‍ തുടര്‍ച്ചയായുള്ള അവഗണനയ്ക്കു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരിഹാരമുണ്ടാക്കണമെന്നു കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി). സഭ മുന്നോട്ടുവയ്ക്കുന്ന വിഷയങ്ങളില്‍ പരിഹാരം ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു നിവേദനം നല്‍കുമെന്നും പിഒസിയില്‍ ഇന്നലെ സമാപിച്ച കെസിബിസി സമ്മേളനത്തിനുശേഷം പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാബാവാ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പൊതുസമൂഹത്തില്‍ അസഹിഷ്ണുതയും വര്‍ഗീയതയും വര്‍ധിക്കുന്ന സാഹചര്യത്തില്‍, വര്‍ഗീയ, സമുദായ ധ്രുവീകരണത്തെ പ്രതിരോധിക്കാന്‍ ക്രിയാത്മക ഇടപെടല്‍ നടത്തണം. സാമുദായിക അസഹിഷ്ണുതയും ധ്രുവീകരണവും വര്‍ധിച്ചുവരുന്നതിന്റെ ഉത്തരവാദിത്വത്തില്‍നിന്നു സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ല. സമ്മര്‍ദത്തിലൂടെയല്ലാതെ നീതി നടപ്പാവുകയില്ലെന്ന അനുഭവമാണു സങ്കുചിതമായി ചിന്തിക്കാന്‍ സമുദായങ്ങളെ പ്രേരിപ്പിക്കുന്നത്.
തുടര്‍ച്ചയായി ഉണ്ടാകുന്ന അവഗണന പരിഹരിക്കപ്പെടണം. അവഗണന തുടര്‍ന്നാല്‍ അതു തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നു സര്‍ക്കാര്‍ മനസിലാക്കണം. സമ്മര്‍ദത്തിലൂടെ മാത്രമേ നിയമപരമായ അവകാശങ്ങള്‍ നേടാനാവൂ എന്നു വരുന്നതു നിര്‍ഭാഗ്യകരമാണ്. അതേസമയം, സമുദായങ്ങള്‍ വര്‍ഗീയ രാഷ്ട്രീയ ശൈലി സ്വീകരിക്കുന്നതു നീതികരിക്കാനാവില്ല.
അധ്യാപകര്‍ക്കു നീതി നല്‍കണം
കഴിഞ്ഞ നാലരവര്‍ഷമായി ശമ്പളമോ മറ്റാനുകൂല്യങ്ങളോ ഇല്ലാതെ ജോലി ചെയ്യുന്ന അധ്യാപകര്‍ക്കു നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ അങ്ങേയറ്റത്തെ വിവേചനം കാട്ടുന്ന അനുഭവമാണു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന ക്രിസ്തീയ സമുദായത്തിനുള്ളത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന നാള്‍ മുതല്‍ ഇതു സംബന്ധിച്ചു നല്‍കിയ ഉറപ്പുകള്‍ ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചു സ്ഥാപനങ്ങളെയും സമുദായത്തെയും ദുര്‍ബലപ്പെടുത്താനുള്ള നീക്കമാണിതെന്നു സംശയിക്കണം. മിണ്ടാതിരിക്കുന്നവര്‍ക്കു നഷ്ടം മാത്രമേ ഉണ്ടാകൂ എന്നു വരുന്നത് അംഗീകരിക്കാനാവില്ല. അധ്യാപക നിയമനങ്ങളുടെ അംഗീകാരം ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസരംഗത്തെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു സര്‍ക്കാര്‍ നല്‍കിയിട്ടുള്ള ഉറപ്പുകള്‍ ഉടനെ പാലിക്കപ്പെടണം. കുട്ടികളുടെ വിദ്യാഭ്യാസ അവകാശം ലംഘിക്കപ്പെടുന്നില്ലയെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തണം.
പ്രകൃതിസംരക്ഷണം
പ്രകൃതി സംരക്ഷണവും ദരിദ്രരോടുള്ള കരുതലും ഒരുമിച്ചുകൊണ്ടുപോകുന്നിടത്തേ വികസനം സുസ്ഥിരമാവുകയുള്ളൂ. ദരിദ്രര്‍ക്കു പ്രയോജനപ്പെടാത്ത വിദ്യാഭ്യാസവും വികസനവും സമൂഹത്തില്‍ അസന്തുലിതാവസ്ഥ വര്‍ധിപ്പിക്കും. വികസനത്തിന്റെ പേരില്‍ പ്രകൃതിക്കും മനുഷ്യര്‍ക്കും ഭീഷണി ഉയര്‍ത്തുംവിധം പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യുന്നതു നിയമാനുസൃതം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. കുടുംബങ്ങളില്‍ മുതല്‍ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും കാരുണ്യത്തിന്റെ മനോഭാവം പരിശീലിക്കാനും പ്രോത്സാഹിപ്പിക്കാനും എല്ലാവരും ശ്രദ്ധവയ്ക്കണം. ക്രിസ്മസ് പോലുള്ള ക്രിസ്തീയ ആഘോഷദിനങ്ങളില്‍ സര്‍ക്കാര്‍ പരിപാടികളും പൊതുപരീക്ഷകളും ക്യാമ്പുകളും നടത്തുന്നത് ഒഴിവാക്കണം. ആരും അവഗണിക്കപ്പെടുകയോ പാര്‍ശ്വവത്കരിക്കപ്പെടുകയോ ചെയ്യുന്നില്ല എന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം.
ദളിത് ക്രൈസ്തവ സംവരണം
ഭരണഘടനാപരമായി ദളിത് ക്രൈസ്തവര്‍ക്കു ലഭിക്കേണ്ട അവകാശങ്ങള്‍ ലഭ്യമാക്കുന്നതിനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിനും സര്‍ക്കാര്‍ തലത്തില്‍ സംവിധാനമുണ്ടാകണം. നാടാര്‍ സമുദായംഗങ്ങളെല്ലാം സംവരണത്തിനര്‍ഹരാണ് എന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നില്‍ക്കെത്തന്നെ സംവരണം ഇനിയും ലഭിക്കാത്ത എല്ലാ വിഭാഗത്തിനും സംവരണാനുകൂല്യം നല്‍കി സര്‍ക്കാര്‍ ഉടന്‍ ഉത്തരവിറക്കണം.
കാര്‍ഷിക വിളകളുടെ, പ്രത്യേകിച്ചു റബറിന്റെ മൂല്യത്തകര്‍ച്ചയ്ക്കു പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. മുല്ലപ്പെരിയാറിന്റെ തീരത്തു താമസിക്കുന്ന ജനങ്ങളുടെ ആശങ്ക പരിഹാരമില്ലാതെ തുടരുകയാണ്. പുതിയ ഡാം നിര്‍മിക്കുന്ന വിഷയത്തില്‍ തമിഴ്നാടുമായി സമവായമുണ്ടാക്കുന്നതിനും ജനങ്ങളുടെ ആശങ്ക പരിഹരിക്കാനും പ്രധാനമന്ത്രി മുന്‍കൈയെടുക്കണം. മലയോര കര്‍ഷകരുടെ പട്ടയവിഷയത്തില്‍ ഇലക്ഷന്‍ മുന്നില്‍ കണ്ടുള്ള താത്കാലിക പരിഹാരത്തിനപ്പുറം വ്യക്തമായ തീരുമാനവും നടപടിയുമുണ്ടാകണം. തീരദേശമേഖലയിലെ ജനങ്ങളുടെ ആശങ്കകള്‍ക്ക് ശാശ്വത പരിഹാരമാണ് ആവശ്യം.
ചെന്നൈയിലെ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കു സഹായമെത്തിക്കുന്നതില്‍ കേരളസഭ പ്രതിജ്ഞാബദ്ധമാണ്. കാരിത്താസ് ഇന്ത്യ വഴി നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ എല്ലാ രൂപതകളും കൈകോര്‍ക്കുമെന്നും മാര്‍ ക്ളീമിസ് വ്യക്തമാക്കി. കെസിബിസി സെക്രട്ടറി ബിഷപ് ഡോ.ജോസഫ് കരിയില്‍, ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ.വര്‍ഗീസ് വള്ളിക്കാട്ട് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Source: Deepika